പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ട്രെന്റ് ബോള്‍ട്ട്. ക്രിക്കറ്റ് ലോകത്ത് ഒരിക്കലും അവസാനിക്കാത്ത ട്രെന്റ്. ആദ്യ ഓവറുകളില്‍ എതിര്‍ ടീമിനുമേല്‍ തീ കോരിയിടുന്ന തന്റെ ശീലം ഒരിക്കല്‍ കൂടെ അവര്‍ത്തിരിച്ചിരിക്കുകായണ് ബോള്‍ട്ട്. ഐപിഎല്‍ 2024 ലെ രണ്ടാം ക്വാളിഫയറില്‍ ഹൈദാരാബാദിനെ ആദ്യ ഓവറില്‍ തന്നെ പ്രഹരിച്ചിരിക്കുകയാണ് ബോള്‍ട്ട്.
ഈ സീസണില്‍ തങ്ങളുടെ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ എതീര്‍ ടീമുകള്‍ക്ക് പേടി സ്വപ്‌നമായ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സമ്പൂര്‍ണ ആധിപത്യമായിരുന്നു ലീഗ് ഘട്ടത്തില്‍ ഹൈദരാബാദ് കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വന്ന രാജസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ഓറഞ്ച് പട മനസില്‍ കണ്ടത്.

എന്നാല്‍ ആ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ആദ്യ ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് രാജസ്ഥാന് മേല്‍ക്കൈ നല്‍കുകയായിരുന്നു. ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ സിക്‌സും ഫോറും പറത്തി വലിയൊരു ഇന്നിംഗ്‌സിന്റെ സൂചന നല്‍കി നില്‍ക്കുകയായിരുന്നു അഭിഷേക് ശര്‍മ. എന്നാല്‍ ആദ്യ ഓവറിലെ തന്നെ അഞ്ചാം പന്തില്‍ അഭിഷേക് ശര്‍മയെ പുറത്താക്കിക്കൊണ്ട് ബോള്‍ട്ട് ഹൈദരാബാദിനെ ഞെട്ടിക്കുകയായിരുന്നു.
ഇതോടെ ട്വന്റി-20 സമനാതകളില്ലാത്തൊരു റെക്കോര്‍ഡും ട്രെന്റ് ബോള്‍ട്ട് സ്വന്തമാക്കി. ഐപിഎല്ലില്‍ ആദ്യ ഓവറില്‍ ബോള്‍ട്ട് വിക്കറ്റെടുക്കുന്നത് ഇത് 29-ാം തവണയാണ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ ഓവറില്‍ വിക്കറ്റെടുക്കുന്നതിന്റെ റെക്കോര്‍ഡിലും ബോള്‍ട്ട് മൂന്നാമതെത്തി. ഈ സീസണില്‍ മാത്രം ഏഴ് വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്. പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തും ബോള്‍ട്ട് തന്നെയാണുള്ളത്. 2020 ല്‍ എട്ട് വിക്കറ്റുകളും 2023ല്‍ എഴു വിക്കറ്റുകളും ബോള്‍ട്ട് ആദ്യ ഓവറില്‍ വീഴ്ത്തിയിരുന്നു.
ട്വന്റി-20യില്‍ പവര്‍പ്ലേയില്‍ നൂറ് വിക്കറ്റുകള്‍ എന്ന അപൂര്‍വ്വമായ നാഴികക്കല്ല് പിന്നിടാനും ഇന്ന് ബോള്‍ട്ടിന് സാധിച്ചു. അഭിഷേക് ശര്‍മയ്ക്ക് പിന്നാലെ ഹൈദരാബാദിന്റെ എണ്ണം പറഞ്ഞ രണ്ട് വിക്കറ്റുകള്‍ കൂടെ വീഴ്ത്താനും ബോള്‍ട്ടിന് പവര്‍ പ്ലേയിലെ സ്‌പെല്ലില്‍ സാധിച്ചു. അപകടകാരികളായ രാഹുല്‍ തൃപാഠി, എയ്ഡന്‍ മര്‍ക്രം എന്നിവരെയാണ് ബോള്‍ട്ട് പുറത്താക്കിയത്. ഇതോടെ ഈ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരായി മാറി ബോള്‍ട്ട്. 10 വിക്കറ്റുകളുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാറിനെ പതിനൊന്ന് വിക്കറ്റുകള്‍ കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് ബോള്‍ട്ട്.
അഞ്ച് പന്തില്‍ 12 റണ്‍സുമായാണ് അഭിഷേക് ശര്‍മ പുറത്താകുന്നത്. പിന്നാലെ അപകട സൂചനയുമായി നിന്ന രാഹുല്‍ തൃപാഠിയെയാണ് ബോള്‍ട്ട് പുറത്താക്കുന്നത്. 15 പന്തില്‍ 37 റണ്‍സെടുത്താണ് തൃപാഠി പുറത്താകുന്നത്. ഒരു റണ്‍ മാത്രമെടുത്താണ് മര്‍ക്രം പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡിനെ സന്ദീപ് ശര്‍മ പുറത്താക്കിയതോടെയാണ് ഹൈദരാബാദിന് നാല് വിക്കറ്റുകള്‍ നഷ്ടമായത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ ക്വാളിഫയറിലെത്തുന്നത്. അതേസമയം എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെടുകയായിരുന്നു ഹൈദരാബാദ്. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടും.