Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കപ്പ് നേടണമെങ്കില്‍ കോലി ആര്‍സിബി വിടണമെന്ന് കെപി; വായടപ്പിച്ച് വസീം അക്രം

ഐപിഎല്‍ കിരീടം എന്ന സ്വപ്‌നത്തിന് പിന്നാലെയുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യാത്ര ഒരിക്കല്‍ കൂടി നിരാശയോടെ അവസാനിച്ചിരിക്കുകയാണ്. ഓരോ സാലയും ഈ സാല കപ്പ് നമുക്ക് തന്നെയെന്ന് പറഞ്ഞ് വരുന്ന ആര്‍സിബി ആരാധകര്‍ പക്ഷെ ഓരോ സീസണും അവസാനിപ്പിക്കുന്നത് അടുത്ത സാല നമ്മുടേത് ആയിരിക്കും എന്നു പറഞ്ഞു കൊണ്ടാണ്. വിരാട് കോലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അജയ്യനായി ഒന്നാമത് എത്തിയിട്ട് പോലും ഇക്കൊല്ലവും ആര്‍സിബിയെ തേടി കപ്പ് എത്തിയില്ല.

ഈ സീസണിന്റെ തുടക്കം ആര്‍സിബിയെ സംബന്ധിച്ച് വളരെ മോശം ഓര്‍മ്മകളുടേതായിരുന്നു. ആദ്യത്തെ എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആര്‍സിബിയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ടത് ആര്‍സിബിയുടെ അതിശക്തമായ തിരിച്ചുവരവാണ്. തുടര്‍ച്ചയായി ആറ് വിജയങ്ങളുമായാണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്. ഇത്തവണ കപ്പ് ആര്‍സിബിയുടേത് ആയിരിക്കുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ ആര്‍സിബി പരാജയപ്പെടുകയായിരുന്നു.

IPL 2024

അതേസമയം ഇക്കൊല്ലവും തന്റെ മികച്ച പ്രകടനം തുടരുകയായിരുന്നു വിരാട് കോലി. പതിനഞ്ച് മത്സരങ്ങളില്‍ നിന്നായി 741 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് നേടിയിരിക്കുകയാണ് വിരാട് കോലി. സീസണില്‍ ഇതുവരേയും മറ്റൊരു താരത്തിനും 600 റണ്‍സ് പോലും കടക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വിരാട് കോലിയെക്കുറിച്ചുള്ള മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

''ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഒരിക്കല്‍ കൂടെ പറയുന്നു. മറ്റ് സ്‌പോര്‍ട്‌സിലെ പല മഹാന്മാരും വിജയം നേടി സ്വന്തം ടീം ഉപേക്ഷിച്ച് പോയിട്ടുണ്ട്. അദ്ദേഹം വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ കൂടി ഓറഞ്ച് ക്യാപ്പ് നേടി. പക്ഷെ ടീം വീണ്ടും പരാജയപ്പെട്ടു. ബ്രാന്റിന്റെ കാര്യത്തില്‍ ടീമിന് കൊമേഴ്ഷ്യല്‍ വാല്യു കൊണ്ടു വരുന്നത് അദ്ദേഹമാണ്. പക്ഷെ വിരാട് കോലി ഒരു ട്രോഫി അര്‍ഹിക്കുന്നുണ്ട്. ആ ട്രോഫി നേടാന്‍ അദ്ദേഹത്തെ സഹായിക്കുന്നൊരു ടീമില്‍ കളിക്കാനും വിരാട് കോലി അര്‍ഹനാണ്'' എന്നാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.

ഇതിന് മറുപടിയുമായി പാക് ഇതിഹാസ താരം വസീം അക്രം രംഗത്തെത്തുകയായിരുന്നു. ആര്‍സിബി വിടണമോ ടീമില്‍ തന്നെ തുടരണമോ എന്നത് വിരാട് കോലിയുടെ മാത്രം തീരുമാനമാണെന്നാണ് വസീം അക്രം പറയുന്നത്. വിരാട് കോലി ടീം വിടാന്‍ ആഗ്രഹിക്കാത്തിടത്തോളം കാലം അതൊരു ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് വസീം അക്രം പറയുന്നത്.

''എന്റേത് വളരെ വ്യക്തമായ മറുപടിയാണ്. എന്റെ വളരെ നല്ല സുഹൃത്താണ് കെവിന്‍. കമന്ററി ചെയ്യുന്ന വിദേശ താരങ്ങള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാത്തിലും ട്വീറ്റ് ചെയ്യും. എനിക്കതിനോട് എതിര്‍പ്പില്ല. അത് ശരിയുമാകാം. പക്ഷെ ഞാനിത് കാര്യമാക്കുന്നില്ല. പക്ഷെ കോലിയ്ക്ക് ഇത് വലിയൊരു കാര്യമായിരിക്കും. അദ്ദേഹം ആര്‍സിബി വിജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ടീം മാറിയാല്‍ എന്താകും സംഭവിക്കുക? അദ്ദേഹത്തിന് ആര്‍സിബിയ്ക്ക് വേണ്ടി ജയിക്കണം എന്നാണ്. അതാണ് തീരുമാനം. അതാണ് എന്റെ അഭിപ്രായവും. എല്ലാത്തിലും കേറി സംസാരിക്കരുത് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്'' എന്നാണ് അക്രം പറഞ്ഞത്.

നേരത്തെ താന്‍ ആര്‍സിബിയില്‍ തന്നെ തുടരാനും ആര്‍സിബി താരമായി തന്നെ വിരമിക്കാനുമാണ് ആഗ്രഹിക്കുന്നത് എന്ന് വിരാട് കോലി പറഞ്ഞിരുന്നു. ആര്‍സിബിയുടെ തുടര്‍ച്ചയായുള്ള പരാജയത്തെക്കുറിച്ചും വസീം അക്രം സംസാരിക്കുന്നുണ്ട്. ആര്‍സിബിയുടെ പരാജയ കാരണം താരലേലത്തിലെ പിഴവുകളാണെന്നാണ് മുന്‍ പാക് നായകന്‍ പറയുന്നത്. ബൗളിംഗ് അറ്റാക്കിന്റെ കാര്യത്തില്‍ ആര്‍സിബി പിന്നിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

''ലേലത്തില്‍ ഏതൊക്കെ താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിലാണ് കാര്യം. ഈ സീസണില്‍ അവരുടെ ബൗളിംഗ് നിലവാരമുള്ളതായിരുന്നില്ല. പ്രത്യേകിച്ചും ഹോമില്‍ കളിക്കുമ്പോള്‍. അതൊരു ഹൈ-സ്‌കോറിംഗ് വേദിയാണ്. അവരുടെ ബാറ്റിംഗ് നല്ലതാണ്. പക്ഷെ ബൗളിംഗ് നല്ലതല്ല. ചാഹലിനെ വിട്ടു കൊടുത്തു. ആ തീരുമാനം എനിക്ക് ഇപ്പോഴും മനസിലാക്കാന്‍ സാധിച്ചിട്ടില്ല'' എന്നാണ് വസീം അക്രം പറയുന്നത്.

''അവരുടെ കോച്ച് പറഞ്ഞത് അവനെ തിരികെ വാങ്ങാം എന്നു കരുതിയെന്നാണ്. പക്ഷെ അവരുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തിരികെ വാങ്ങാനുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പു വരുത്തണമായിരുന്നു. അത് അവരുടെ മിഡില്‍ ഓവറുകളില്‍ സാരമായി ബാധിച്ചു. അടുത്ത കൊല്ലം ബൗളിംഗിന്റെ കാര്യത്തില്‍ നന്നായി തയ്യാറായിരിക്കും അവരെന്ന് കരുതുന്നു'' എന്നും വസീം അക്രം പറയുന്നുണ്ട്.

Story first published: Sunday, May 26, 2024, 22:06 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+