ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തീപ്പൊരി പ്രകടനമാണ് റിയാന്‍ പരാഗ് കാഴ്ച വച്ചത്. നാളിതുവരെ തന്നെ കളിയാക്കവരുടെ വായടപ്പിക്കുന്ന പ്രകടനം. ഡല്‍ഹി ബൗളര്‍ തലങ്ങും വിലങ്ങും പായിച്ച പരാഗ് 45 പന്തുകളില്‍ നിന്നും 84 റണ്‍സാണ് നേടിയത്. എഴ് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു 22 കാരനായ പരാഗിന്റെ ഇന്നിംഗ്‌സ്. പരാഗിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്.
പരാഗിന്റെ പ്രകടനത്തിന് കയ്യടിച്ചവരില്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനുമുണ്ട്. പരാഗിന്റെ പ്രകടനത്തെ പ്രശംസിച്ച പഠാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പരാഗ് ഇന്ത്യന്‍ ടീമിലെത്തുമെന്നും പ്രവചിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പഠാന്റെ പ്രതികരണം.
''അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റിയാന്‍ പരാഗ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കും'' എന്നാണ് പരാഗിനെക്കുറിച്ചുള്ള ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്. പിന്നാലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സംസാരിക്കുന്നുണ്ട്. ''ഒരിക്കലും ആഭ്യന്തര ക്രിക്കറ്റിനെ വിലകുറച്ച് കാണരുത്. നിങ്ങളുടെ തന്നെ നല്ലതിനാണത്. റിയാന്‍ പരാഗിനെ നോക്കൂ. അവിടെ ഒരുപാട് റണ്‍ നേടാന്‍ സാധിച്ചതിനാലാണ് അവന് ഐപിഎല്ലില്‍ നന്നായി കളിക്കാന്‍ സാധിക്കുന്നത്'' എന്നാണ് പഠാന്‍ പറഞ്ഞത്.

2019 മുതല്‍ക്കെ ഐപിഎല്ലിന്റെ ഭാഗമാണ് റിയാന്‍ പരാഗ്. എന്നാല്‍ പരാഗിന് സ്ഥിരമായി ടീമിലിടം നല്‍കുന്നത് എന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. പോയ സീസണില്‍ ഏറ്റവും കൂടുതല്‍ രാജസ്ഥാന്‍ പഴി കേട്ടത് ഫോമില്ലാത്ത പരാഗിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതിനാണ്. എന്നാല്‍ ടീം തന്നിലേല്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് അര്‍ഹിക്കുന്ന നന്ദി പ്രകടനം തന്നെയാണ് ഇന്നലെ പരാഗ് നടത്തിയിരിക്കുന്നത്.
തന്റെ കരിയറിലെ മൂന്നാമത്തെ ഐപിഎല്‍ അര്‍ധ സെഞ്ചുറിയാണ് ഇന്നലെ പരാഗ് നേടിയത്. പരാഗ് ക്രീസിലേക്ക് എത്തുമ്പോള്‍ രാജസ്ഥാന്‍ 30-2 എന്ന അവസ്ഥയിലായിരുന്നു. അവിടെ നിന്നും ടീമിനെ പരാഗ് രക്ഷിച്ചെടുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ആര്‍ അശ്വിനൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ട്. അശ്വിന്‍ പുറത്തായതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പരാഗ് സ്വയം ഏറ്റെടുത്തു. പിന്നെ കണ്ടത് വെടിക്കെട്ട് തന്നെയായിരുന്നു. തകര്‍ച്ചയില്‍ നിന്നും 180 എന്ന മികച്ച ടോട്ടലിലേക്ക് രാജസ്ഥാനെ നയിച്ചത് പരാഗാണ്.
രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ നോര്‍ക്കിയയെ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തിയ പരാഗ് നേടിയത് 25 റണ്‍സാണ്. തന്റെ മിന്നും പ്രകടനത്തിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും പരാഗിനെ തേടിയെത്തി. നേരത്തെ സീസണിലെ ആദ്യ മത്സരത്തിലും പരാഗിന് തിളങ്ങാന്‍ സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ലക്‌നൗവിനെതിരെ 29 പന്തുകളില്‍ നിന്നും 43 റണ്‍സാണ് പരാഗ് നേടിയത്. സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിന് വേണ്ടി തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ചാണ് പരാഗ് ഐപിഎല്ലിനെത്തിയത്.
പോയ സീസണിലെ പരിഹാസങ്ങള്‍ക്കുള്ള പരാഗിന്റെ മറുപടിയാണ് ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും. പവർ ഹിറ്ററായും ആങ്കറിംഗ് റോളിലും മികവ് തനിക്കുണ്ടെന്ന് പരാഗ് കാണിച്ചു തന്നിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഉജ്ജ്വല ഫോമിന്റെ തുടർച്ചയെന്ന നിലയിലാണ് പരാഗിന്റെ ഈ പ്രകടനങ്ങളെ വിലയിരുത്തുന്നത്. മുന്നോട്ടും ഇത് തുടരാന്‍ സാധിച്ചാല്‍ പരാഗിന് ഈ സീസണിലെ താരമായി മാറാനാകും. രാജസ്ഥാന്റെ മുന്നോട്ടുള്ള യാത്രയില്‍ പരാഗിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്.