IPL 2024: കളിക്കുന്നത് ഐപിഎല്‍, ലക്ഷ്യം ലോകകപ്പ്; ടീമിലിടം നേടാന്‍ ഇവര്‍ക്കിത് ലാസ്റ്റ് ബസ്
ചെന്നൈ: ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് ചെന്നൈയില്‍ കൊടിയുയരും. ഓരോ ഐപിഎല്ലും കടന്നു പോകുന്നത് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ്. അതേസമയം ഐപിഎല്‍എന്നാല്‍ താരങ്ങള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള ഇടം കൂടിയാണ്. അതിലൂടെ നാഷണല്‍ ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ ഐപിഎല്‍ എത്തുന്നത് ടി-20 ലോകകപ്പിന് തൊട്ടു മുമ്പായിട്ടാണ്.
അതുകൊണ്ട് തന്നെ ഈ സീസണ്‍ പലര്‍ക്കും നിര്‍ണായകമാണ്. നഷ്ടപ്പെട്ട ഫോമിലേക്ക് തിരികെ എത്താനും സെലക്ടര്‍മാരുടെ സംശയങ്ങള്‍ നീക്കാനുമൊക്കെ പലര്‍ക്കും ഈ ഐപിഎല്‍ സീസണ്‍ സഹായകമാകും. അങ്ങനെ ലോകകപ്പ് ടീമിലെത്താന്‍ ഐപിഎല്ലിനെ ഒരു വാതിലായി കാണുന്ന ചില താരങ്ങളെ പരിചയപ്പെടാം.
പട്ടികയില്‍ ആദ്യ സ്ഥാനം വിരാട് കോലിയുടേതാണ്. ലോകകപ്പിലെ വിരാട് കോലിയുടെ സ്ഥാനത്തെച്ചൊല്ലി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. വിരാട് ഉണ്ടാകുമോ ഇല്ലയോ എന്നത് ഇതുവരേയും ഉറപ്പിക്കാനായിട്ടില്ല. ഫോമില്ലായ്മയല്ല വിരാടിന് മുന്നിലെ വെല്ലുവിളിയെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ചാല്‍ വിരാടിനെക്കുറിച്ചുള്ള സെലക്ടര്‍മാരുടെ സകല സംശയങ്ങളും അവസാനിക്കും.
മലയാളി താരം സഞ്ജു സാംസണിന് ദേശീയ ടീമില്‍ സ്ഥിരമായിട്ടൊരു ഇടം എന്നത് ഇന്നും കിട്ടാക്കനിയാണ്. മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുമ്പോഴും സ്ഥിരത എന്നത് രാജസ്ഥാന്‍ റോയല്‍സ് നായകന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ തന്റെ സ്ഥിരത തെളിയിക്കാന്‍ സഞ്ജുവിന് മുന്നിലെ അവസാന അവസരമാണിത്. എന്നാല്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കുകയുള്ളൂ.

ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഐപിഎല്‍ എന്നത് തങ്ങളുടെ മേലുള്ള വിവാദത്തിന്റെ പുക മാറ്റാനുള്ള അവസരമാണ്. ഇരുവരേയും ഈയ്യടുത്ത് ബിസിസിഐ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയിരുന്നു. മുംബൈയുടെ ടോപ് ഓര്‍ഡറില്‍ തിളങ്ങുക എന്നതാണ് ഇഷാന് മുന്നിലെ ടാസ്‌ക്. അതേസമയം, കെകെആറിനെ ഫൈനലിലേക്ക് നയിക്കുക എന്നതാണ് ക്യാപ്റ്റനായ ശ്രേയസിന് മുന്നിലുള്ള ലക്ഷ്യം.
ഇന്ത്യയുടെ മിന്നും താരം ഋഷഭ് പന്തിന് തിരിച്ചുവരവിനുള്ള അവസരമാണ് ഐപിഎല്‍. ഡല്‍ഹി നായകന്‍ വാഹനപകടത്തെ തുടര്‍ന്ന് നാളുകളായി പുറത്തിരിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരികെ വന്നത് പോലെ തന്നെ ക്രിക്കറ്റിലേക്കും പന്തിന് തിരിച്ചു വരേണ്ടതുണ്ട്. ഇടവേളയ്ക്ക് മുമ്പ് ലോകം പ്രതീക്ഷയോടെ കണ്ടിരുന്ന പന്ത് തന്നെയാണ് താനെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നതും പന്തിന്റെ ലക്ഷ്യമായിരിക്കും. ഫിറ്റ്‌നസ് തെളിയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യണം അതിന് പന്തിന്.
പരുക്കില്‍ നിന്നും തിരികെ വരുന്ന മറ്റൊരു താരമാണ് കെഎല്‍ രാഹുല്‍. ഇന്ത്യയുടെ മുന്‍നിര താരമായ രാഹുല്‍ കുറച്ച് നാളായി കളത്തിന് പുറത്താണ്. ഓപ്പണറായും മിഡില്‍ ഓര്‍ഡര്‍ ബാറ്ററായും ടീമിന് പരീക്ഷിക്കാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍. പരുക്കില്‍ നിന്നും താന്‍ പൂര്‍ണമായും മുക്തനായെന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന് സെലക്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഈ സീസണ്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ഇന്ന് ആവേശത്തുടക്കമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള തീപാറും പോരാട്ടമാണ് ആദ്യ ദിനം അരങ്ങേറുക. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ റുതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ഇത്തവണ സിഎസ്‌കെ കളിക്കുക. ധോണിയും വിരാടും രോഹിതും ക്യാപ്റ്റന്‍സിയിലില്ലാത്ത സീസണാണിത് എന്നും ഈ സീസണിന്റെ പ്രത്യേകതയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications