സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. പൊതുവെ സഞ്ജുവിനെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പേരുകേട്ട വ്യക്തിയാണ് ഗവാസ്‌കര്‍. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്ത സഞ്ജുവിന്റെ ക്യാപ്റ്റന്‍സിനെ മികവിനെ പ്രശംസിക്കാതിരിക്കാന്‍ ഗവാസ്‌കറിന് സാധിച്ചില്ല. കമന്ററിയ്ക്കിടെയായിരുന്നു ഗവാസ്‌കര്‍ സഞ്ജുവിനെ പ്രശംസിച്ചത്.
പൊതുവെ പവര്‍പ്ലേയില്‍ രണ്ട് ഓവറുകള്‍ എറിയാറുള്ള ബോള്‍ട്ടിന് ഒരു ഓവര്‍ കൂടി നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് ഇന്ന് ഹൈദരാബാദിനെ തുടക്കത്തിലെ പൂട്ടാന്‍ സഹായിച്ചത്. സഞ്ജുവിന്റെ ഈ തീരുമാനം എന്തുകൊണ്ടും ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ബോള്‍ട്ട് നേടിയ മൂന്ന് വിക്കറ്റുകള്‍. പവര്‍പ്ലേയില്‍ മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്. ഇതോടെയാണ് ഗവാസ്‌കര്‍ സഞ്ജുവിനെ പ്രശംസിച്ചത്.

''ബോള്‍ട്ടിന് ഒരു ഓവര്‍ കൂടി കൊടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം നല്ല ക്യാപ്റ്റന്‍സിയായിരുന്നു. രണ്ട് വിക്കറ്റുകള്‍ അതിലൂടെ കിട്ടി. നല്ല ഫീല്‍ഡ് പ്ലെയ്‌സിംഗുമാണ്'' എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. അതേസമയം മിന്നും പ്രകടനമാണ് പവര്‍പ്ലേയില്‍ ബോള്‍ട്ട് ഇന്ന് പുറത്തെടുത്തത്. ഹൈദരാബാദിന്റെ മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് പിഴുതത്. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെ പുറത്താക്കി ഹൈദരാബാദിനെ ബോള്‍ട്ട് പ്രഹരിച്ചു. 12 റണ്‍സെടുത്താണ് അഭിഷേക് പുറത്താകുന്നത്.
ഐപിഎല്ലില്‍ ഇത് 29-ാം തവണയാണ് ആദ്യ ഓവറില്‍ ബോള്‍ട്ട് വിക്കറ്റ് നേടുന്നത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ ഓവറില്‍ വിക്കറ്റെടുക്കുന്നതിന്റെ റെക്കോര്‍ഡിലും താരം തന്റെ പേര് എഴുതിച്ചേര്‍ത്തു. പട്ടികയില്‍ മൂന്നാമതായാണ് ഇത്തവണ ബോള്‍ട്ട് തന്റെ പേരെഴുതി ചേര്‍ത്തത്. ഈ സീസണില്‍ മാത്രം ഏഴ് വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്. അതേസമയം, ഈ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തും ബോള്‍ട്ട് തന്നെയാണുള്ളത്. 2020 ല്‍ എട്ട് വിക്കറ്റുകളും 2023ല്‍ എഴു വിക്കറ്റുകളും ബോള്‍ട്ട് ആദ്യ ഓവറില്‍ നേടിയിരുന്നു.
ട്വന്റി-20യില്‍ പവര്‍പ്ലേയില്‍ നൂറ് വിക്കറ്റുകള്‍ എന്ന അപൂര്‍വ്വമായ നാഴികക്കല്ലും ഇന്ന് ബോള്‍ട്ട് പിന്നിട്ടു. അഭിഷേക് ശര്‍മയ്ക്ക് പിന്നാലെ ഹൈദരാബാദിന്റെ എണ്ണം പറഞ്ഞ രണ്ട് വിക്കറ്റുകള്‍ കൂടെ വീഴ്ത്താനും ബോള്‍ട്ടിന് പവര്‍ പ്ലേയിലെ സ്‌പെല്ലില്‍ സാധിച്ചിരുന്നു. ഫോമിലുള്ള രാഹുല്‍ തൃപാഠി, എയ്ഡന്‍ മര്‍ക്രം എന്നിവരെയാണ് ബോള്‍ട്ട് പുറത്താക്കിയത്.
ഈ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരായി മാറി ബോള്‍ട്ട്. പതിനൊന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. പിന്നിലാക്കിയത് 10 വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറിനെയാണ്. 15 പന്തില്‍ 37 റണ്‍സെടുത്താണ് തൃപാഠി പുറത്താകുന്നത്. ഒരു റണ്‍ മാത്രമെടുത്താണ് മര്‍ക്രം പുറത്തായത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ ക്വാളിഫയറിലെത്തുന്നത്. അതേസമയം എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെടുകയായിരുന്നു ഹൈദരാബാദ്. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടും.