ഐപിഎല്ലിന് പിന്നാലെ തന്നെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും. ടീമുകളെല്ലാം തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പോയ മാസം അവസാനമായിരുന്നു ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളോട് നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ നിന്നും പിന്മാറാനും നാട്ടിലേക്ക് മടങ്ങി വരാനും ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
മെയ് 22 ന് പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ പരമ്പര ആരംഭിക്കും. പിന്നാലെ ഇംഗ്ലണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ റോബ് കീയും നായകന്‍ ജോസ് ബട്ട്‌ലറും പ്ലേ ഓഫിന് മുന്നോടിയായി ഇംഗ്ലണ്ട് താരങ്ങളോട് ഐപിഎല്ലില്‍ നിന്നും മടങ്ങി വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്‍ ഉപേക്ഷിച്ചു പോകുന്ന വിദേശതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

അതേസമയം ഇതിന് പിന്നാലെ ബിസിസിഐ ഇസിബിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വന്നതായി ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്ത് വന്നിട്ടില്ല. ഇംഗ്ലണ്ടിന്റെ തീരുമാനം മെയ് 17 ന് ശേഷം ഐപിഎല്‍ കളിക്കുന്ന ടീമുകള്‍ക്ക് ശക്തമായി തിരിച്ചടിയാകും നല്‍കുക. അതേസമയം ജൂണ്‍ ഒന്നിനാണ് ലോകകപ്പ് ആരംഭിക്കുക.
അതേസമയം പിന്‍മാറുന്നവര്‍ക്കെതിരെ ബിസിസിഐയും ഐപിഎല്‍ ടീമുകളും ശക്തമായ നടപടിയെടുക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സീസണ്‍ മുഴുവന്‍ കളിക്കുന്നതായി നേരത്തെ തന്നെ പണം നല്‍കിയിട്ടുള്ള താരങ്ങളില്‍ നിന്നും പിഴ ഈടാക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. താരങ്ങളെ ഐപിഎല്ലിനായി വിട്ടു നല്‍കാത്ത ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പിഴ ഈടാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. താരങ്ങളെ വിട്ടു നല്‍കുന്നതിന് ബോര്‍ഡുകള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നുണ്ട്.
''താരങ്ങള്‍ മറ്റെന്തിനേക്കാളും രാജ്യത്തിന് പ്രധാന്യം നല്‍കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷെ സീസണ്‍ മുഴുവന്‍ ഉണ്ടായിരിക്കുമെന്ന് പല ഫ്രാഞ്ചൈസികള്‍ക്കും ഉറപ്പു നല്‍കിയ ശേഷം ഇപ്പോള്‍ പിന്മാറിയാല്‍ അത് വലിയ തിരിച്ചടിയാകും. സ്വന്തം രാജ്യത്തിന് വേണ്ടി സീസണുകള്‍ കളിച്ചാല്‍ പോലും കിട്ടാത്ത പണമാണ് ഒരു ഐപിഎല്ലില്‍ നല്‍കുന്നത്. താരങ്ങള്‍ക്ക് ലഭിക്കുന്നതില്‍ നിന്നും 10 ശമതമാനം ബോര്‍ഡുകള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതും അനുവദിക്കരുത്'' ഗവാസ്‌കര്‍ പറയുന്നു.
''തങ്ങളുടെ വാക്കില്‍ നിന്നും ബോര്‍ഡ് പിന്മാറിയാല്‍ അവര്‍ക്കെതിരേയും നടപടി വേണം. ബോര്‍ഡുകള്‍ക്ക് നല്‍കുന്ന 10 ശതമാനം ഐപിഎല്ലില്‍ മാത്രമേയുള്ളൂ, വേറെവിടേയുമില്ല. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷിലോ ഇസിബിയുടെ ദ ഹണ്‍ഡ്രഡിലോ കരീബിയന്‍ പ്രീമിയര്‍ ലീഗിലോ ലോകത്ത് എവിടെയുള്ള ട്വന്റി-20 ലീഗുകളിലോ ഇല്ല. തങ്ങളുടെ മരാദ്യയ്ക്ക് എന്തെങ്കിലും കടപ്പാട് ബിസിസിഐയോട് കാണിക്കാറുണ്ടോ? ഒരിക്കലുമില്ല'' എന്നും അദ്ദേഹം തുറന്നടിക്കുന്നു.