IPL 2024: ആരാധകരേ ശാന്തരാകൂ! ധോണിയെ വെറുതെ വിടൂ, ഇനി യുവാക്കള്‍ക്കുള്ള സമയം; വൈറലായി ആരാധകന്റെ വാക്കുകള്‍
വിശാഖപട്ടണം: തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ജയിച്ചത് ഡല്‍ഹി ആണെങ്കിലും സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങള്‍ കണ്ടാല്‍ ചെന്നൈയാണ് കളി ജയിച്ചത് എന്നേ തോന്നുകയുള്ളൂ. അതിന് കാരണം എംഎസ് ധോണിയുടെ പ്രകടനമാണ്. ടീം പരാജയപ്പെട്ടത് പോലും മറന്ന് ധോണിയുടെ പ്രകടനം ആഘോഷിക്കുകയാണ് ആരാധകര്‍.
നേരത്തെ ചെന്നൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ധോണിയ്ക്ക് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ധോണിയുടെ ബാറ്റിംഗ് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് വെറുതെയായില്ല. ഡല്‍ഹിക്കെതിരെ പതിയെയാണ് ധോണി തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തിക്കയറി. 16 പന്തില്‍ നിന്നും 37 റണ്‍സാണ് ധോണി അടിച്ചെടുത്തത്.

ധോണി ക്രീസിലേക്ക് എത്തുമ്പോള്‍ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലായിരുന്നു. 17ാമത്തെ ഓവറിലായിരുന്നു ധോണിയുടെ എന്‍ട്രി. 42 കാരനായ ധോണി നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് പറത്തിയത്. ധോണി ഓരോ റണ്‍ നേടുമ്പോഴും ഗ്യാലറി ഇളകി മറിയുകയായിരുന്നു. കളി ചെന്നൈ ജയിക്കുമോ ഇല്ലയോ എന്നത് പോലും ആരാധകര്‍ ആ സമയം മറന്നിരുന്നു. അവരുടെ ശ്രദ്ധയത്രയും ധോണിയിലായിരുന്നു, അദ്ദേഹത്തിന്റെ ബാറ്റിലായിരുന്നു.
ധോണി കയ്യടി നേടുമ്പോഴും മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. 192 റണ്‍സ് ആയിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടി വന്നിരുന്നത്. നേരത്തെ ഐപിഎല്ലിന് മുന്നോടിയായി എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സീസണില്‍ ചെന്നൈയെ നയിക്കുന്നത് റുതുരാജ് ഗെയ്ഗ്വാദാണ്. ചെന്നൈ ടീമിന്റെ തലമുറ മാറ്റത്തിനാണ് ഈ സീസണ്‍ സാക്ഷ്യം വഹിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെങ്ങും ധോണിയുടെ പ്രകടനമാണ് ചര്‍ച്ചാ വിഷയം. മത്സരത്തിന്റെ ഫലം പോലും ആരാധകര്‍ മറന്നിരിക്കുന്നു. എല്ലാം മറന്ന് ആരാധകര്‍ ധോണിയുടെ പ്രകടനത്തിന് മാത്രം കയ്യടിക്കുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തുകയാണൊരു ആരാധകന്‍. ചെന്നൈ ആരാധകനായൊരാള്‍ പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
''പ്രിയപ്പെട്ട ധോണി ആരാധകരെ, നമുക്കെല്ലാം അറിയുന്നത് പോലെ അദ്ദേഹം തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞു. എന്താണ് ടീമിന് നല്ലതെന്ന് അദ്ദേഹത്തിന് അറിയാം. അതിനാല്‍ നിരാശപ്പെടരുത്, വീ വാണ്ട് ധോണി എന്ന പ്രസ്താവനകളുടെ പ്രചരണം നടത്തരുത്. എല്ലാ കളിക്കാരേയും പിന്തുണയ്ക്കുക. മറ്റുള്ളവര്‍ക്ക് ഉയര്‍ന്നു വരാനുള്ള സമയമാണിത്'' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.
പിന്നാലെ ഈ ട്വീറ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന വസ്തുത ആരാധകര്‍ ഉള്‍ക്കൊള്ളണം. അദ്ദേഹം ഇനി ഒന്നും നേടാനും തെളിയിക്കാനുമില്ല. ധോണി ഇനി ചെയ്യേണ്ടത് യുവതാരങ്ങള്‍ക്കായി മാറിക്കൊടുക്കുക എന്നത് മാത്രമാണ്. ധോണിയുടെ സാന്നിധ്യം ടീമിന്റെ സന്തുലതയെ ബാധിക്കുന്നതായി മാറരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications