IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്‍
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദാരബാദിനെതിരെ മുംബൈ വഴങ്ങിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ ആയിരുന്നു. മുംബൈ നായകനായുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തുടക്കം പാളിയെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല.
അതേസമയം ഹൈദരാബാദിനെതിരായ കളിയില്‍ പേസര്‍ ജസ്പ്രീത് ബുംറയെ പാണ്ഡ്യ ഉപയോഗിച്ച രീതിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ക്രിക്കറ്റ് പണ്ഡിതരും ആരാധകരും മാത്രമല്ല എതിര്‍ ടീമില്‍ നിന്നും ഈ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഹൈദരാബാദിന്റെ വെട്ടിക്കെട്ട് താരം ഹെന്ററിച്ച് ക്ലാസെന്‍ ആണ് ബുംറയ്ക്ക് ബോള്‍ നല്‍കാതിരുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈയ്‌ക്കെതിരെ ഇന്നലെ ഹൈദരാബാദ് നേടിയത്. മുംബൈ ബാറ്റര്‍മാരെ നിലം തൊടാന്‍ അനുവദിക്കാതെ തല്ലിപ്പായിച്ച ഹൈദരാബാദ് നേടിയത് 277 റണ്‍സാണ്. അതേസമയം തന്റെ നിലവാരം കാത്തുസൂക്ഷിക്കാന്‍ ബുംറയ്ക്ക് മാത്രമാണ് സാധിച്ചത്. മുംബെ ബൗളര്‍മാരില്‍ പത്തിന് താഴെ എക്കണോമിയുള്ള ഒരേയൊരാള്‍ ബുംറയാണ്. നാലോവറില്‍ 36 റണ്‍സാണ് ബുംറ നല്‍കിയത്.

എന്നാല്‍ മുംബൈ ബൗളര്‍മാര്‍ അടി വാങ്ങി കൂട്ടുമ്പോള്‍ ബുംറയെ പാണ്ഡ്യ പന്തേല്‍പ്പിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. നാലാം ഓവര്‍ എറിഞ്ഞ ശേഷം പിന്നീട് ബുംറയ്ക്ക് ഓവര്‍ ലഭിക്കുന്നത് 13-ാം ഓവറിലായിരുന്നു. അപ്പോഴേക്കും ഹൈദരാബിന്റെ സ്‌കോര്‍ 177 ലെത്തിയിരുന്നു. ബുംറയെ ക്ലാസെനതിരെ ഉപയോഗിക്കുക എന്നതായിരുന്നു പാണ്ഡ്യയുടേയും മുംബൈ ടീം മാനേജുമെന്റിനേയും തന്ത്രം. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് കളി തട്ടിയെടുത്തു കഴിഞ്ഞിരുന്നു.
തുടക്കത്തില്‍ ട്രാവിസ് ഹെഡ്ഡും അഭിഷേക് ശര്‍മയും നല്‍കിയ അത്യുജ്ജലമായ തുടക്കം കാരണം താന്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് കളിച്ചതെന്നാണ് ക്ലാസെന്‍ പറയുന്നത്. ബുംറയ്‌ക്കെതിരെ റിസ്‌കെടുക്കാന്‍ നില്‍ക്കാതെ മറ്റ് ബൗളര്‍മാരെ തിരഞ്ഞു പിടിച്ച് തല്ലുകയായിരുന്നു ക്ലാസെനും മര്‍ക്രമവും ചെയ്തത്. മത്സരശേഷം ഓറഞ്ച് ക്യാപ്പ് സ്വീകരിക്കവെയാണ് ക്ലാസെന്‍ ബുംറയെ പാണ്ഡ്യ വേണ്ട സമയത്ത് ഉപയോഗിച്ചില്ലെന്ന വിമര്‍ശനം ഉന്നയിക്കുന്നത്.
''തങ്ങളുടെ ഏറ്റവും മികച്ച ബൗളരെ അവര്‍ പവര്‍പ്ലേയില്‍ കളിപ്പിച്ചില്ല. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അവര്‍ക്ക് തുടക്കത്തിലേ പാളി. ഞങ്ങള്‍ക്ക് നല്ല സ്‌ട്രൈക്കര്‍മാര്‍ തന്നെ മുന്‍നിരയിലുണ്ട്. അവര്‍ ടെമ്പോ സെറ്റ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞിരുന്നു'' എ്ന്നാണ് ക്ലാസെന്‍ പറഞ്ഞത്. ഹൈദരാബാദിന്റെ കോച്ച് ടോം മൂഡിയും സമാനമായ വിമര്‍ശം ഉന്നയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്ക് ആദ്യ പത്ത് ഓവറുകളില്‍ ഒരോവര്‍ മാത്രം ലഭിക്കുകയും രണ്ടാമത്തെ ഓവര്‍ 13-ാം ഓവറില്‍ ലഭിക്കുകയും ചെയ്യുന്നത് അസാധാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം മുംബൈയ്‌ക്കെതിരെ 34 പന്തില്‍ 80 റണ്‍സാണ് ക്ലാസെന്‍ പുറത്താകാതെ നേടിയത്. മത്സരത്തില്‍ മുംബൈ പൊരുതാന്‍ ശ്രമിച്ചുവെങ്കിലും 31 റണ്‍സിന് ഹൈദരാബാദ് കളി ജയിക്കുകയായിരുന്നു. തുടക്കത്തിലെ രണ്ട് കളികളും പരാജയപ്പെട്ടതോടെ ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും കടുത്ത വിമർശനമാണ് നേരിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications