കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ വാക് പോരുണ്ടാകുന്നതും ചിലപ്പോഴൊക്കെ കയ്യാങ്കളിയിലേക്ക് പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ടീം ഉടമ ഗ്രൗണ്ടിലേക്ക് വരുന്നതും തന്റെ ടീമിന്റെ നായകനെ പരസ്യമായി ശാസിക്കുന്നതും അസാധാരണമായ സംഭവമാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സര ശേഷമാണ് ഗ്രൗണ്ടില്‍ തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഹൈദരാബാദിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു ലഖ്‌നൗ. പിന്നാലെയാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക നായകന്‍ കെഎല്‍ രാഹുലിനെ പരസ്യമായി ശാസിച്ചത്.
കളി തോറ്റതിന്റെ ദേഷ്യം ടീം ഉടമയ്ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലാവരും കാണേ ഗ്രൗണ്ടില്‍ വച്ച് തന്റെ നായകനെ ചീത്ത പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയും മുന്‍ താരങ്ങളുമെല്ലാം പറയുന്നത്. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് രാഹുലിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. തന്നെ പരസ്യമായി അപമാനിച്ച ഗോയങ്കയുടെ ടീമില്‍ ഇനിയും രാഹുല്‍ തുടരേണ്ടതില്ലെന്നും ചിലര്‍ പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഇതിനിടെ എങ്ങനെയാണ് മറ്റ് ടീമുടമകള്‍ തങ്ങളുടെ താരങ്ങളോട് പെരുമാറുന്നത് എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉദാഹരണമായി പറയുന്നത് ഷാരൂഖ് ഖാന്റെ പേരാണ്. ഐപിഎല്‍ തുടങ്ങിയ കാലം മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥ സ്ഥാനത്ത് ഷാരൂഖ് ഉണ്ട്. ടീം വിജയിക്കുമ്പോള്‍ മാത്രമല്ല, കടുത്ത പരാജയത്തിലൂടെ കടുന്നു പോകുമ്പോഴും ഷാരൂഖ് ഖാന്‍ പരസ്യമായി ടീമിനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല, മറിച്ച് പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
2008 ല്‍ ഐപിഎല്‍ തുടങ്ങിയ കാലം മുതല്‍ക്കെ കെകെആറിന്റെ ഉടമ ഷാരൂഖ് ഖാന്‍ ആണ്. ഇക്കാലയളവില്‍ ടീം രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാല്‍ ടീം പ്ലേ ഓഫ് യോഗ്യത പോലും നേടാതെ പുറത്തായ സീസണുമുണഅട്. എന്നാല്‍ ഒരിക്കല്‍ പോലും ഷാരൂഖ് ഖാന്‍ തന്റെ ടീമംഗങ്ങളോടോ നായകനോടെ മോശമായി പെരുമാറിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും മേജര്‍ ലീഗ് ക്രിക്കറ്റിലും ഷാരൂഖ് ഖാന് ടീമുകളുണ്ട്. പക്ഷെ ഇതുവരേയും ഷാരൂഖ് ഒരു താരത്തോടും മോശമായി പെരുമാറിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ടീം മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഷാരൂഖ് ഖാന്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പലപ്പോഴായി താരങ്ങളും നായകന്മാരും സംസാരിച്ചിട്ടുണ്ട്. കെകെആറിന്റെ ഇപ്പോഴത്തെ മെന്ററും മുന്‍ നായകനുമായ ഗൗതം ഗംഭീര്‍ മുതല്‍ നിലവിലെ നായകന്‍ ശ്രേയസ് അയ്യര്‍ വരെയുള്ളവര്‍ ഷാരൂഖിനെക്കുറിച്ച് ആദരവോടെ സംസാരിച്ചിട്ടുള്ളവരാണ്. റിങ്കു സിംഗ് അടക്കമുള്ള താരങ്ങളും ഷാരൂഖ് ഖാന്റെ പിന്തുണയെക്കുറിച്ച് പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
ഗോയങ്കയുടെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തുമ്പോള്‍ ഷാരൂഖ് ഖാന്റെ ഉദാഹരണം നല്‍കിയാണ് ആരാധകര്‍ ഗോയങ്കയെ മര്യാദ പഠിപ്പിക്കുന്നത്. ഈ സീസണില്‍ തന്നെ കെകെആര്‍ പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്‍ ഗ്രൗണ്ടിലേക്ക് വരികയും എതിര്‍ ടീമിനെ അഭിനന്ദിക്കുകയും തന്റെ താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ലഖ്‌നൗവിനെ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയ ഹൈദരാബാദ് നേരത്തെ കൊല്‍ക്കത്തയെ 261 റണ്‍സ് ചേസ് ചെയ്ത് പരാജയപ്പെടുത്തിയിരുന്നു. അന്ന് നിരാശരായിരുന്ന കെകെആര്‍ ബൗളര്‍മാരെ പിറ്റേദിവസം ഷാരൂഖ് ഖാന്‍ ആശ്വസിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്തിനെക്കുറിച്ച് വരുണ്‍ ചക്രവര്‍ത്തി തുറന്നു പറഞ്ഞിരുന്നു. അതിനാല്‍ ഷാരൂഖ് ഖാനെ പോലെയായിരിക്കണം ടീം ഉടമകളെന്നും ഗോയങ്കയെ പോലെ തന്റെ താരങ്ങളെ ബഹുമാനിക്കാത്ത അവര്‍ക്ക് പിന്തുണ നല്‍കാതെ വഴക്കു പറയുകയും ചെയ്യുന്ന ആളാകരുത് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
വര്‍ഷങ്ങളായി മോശം ഫോം തുടരുന്ന പഞ്ചാബ് ടീമിന്റെ ഉടമ പ്രീതി സിന്റയേയും ഗോയങ്കയ്ക്കുള്ള മറുപടിയായി സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നുണ്ട്. കൂടാതെ ഗോയങ്കയുടെ മുന്‍ സീസണുകളും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നേരത്തെ ഗോയങ്കയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റൈസിംഗ് പൂനെയുടെ നായകന്‍ എംഎസ് ധോണിയോട് ഗോയങ്ക ചെയ്തതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. അന്ന് ധോണിയോട് ദേഷ്യപ്പെട്ട ഗോയങ്ക അദ്ദേഹത്തെ നായക സ്ഥാനത്തു നിന്നും മാറ്റിയതും സോഷ്യല്‍ മീഡിയ ഓര്‍ക്കുന്നുണ്ട്.