ന്യൂഡല്‍ഹി: ഈ ഐപിഎല്‍ സീസണ്‍ തിരിച്ചുവരവുകളുടേത് കൂടിയാണ്. ആരാധകര്‍ ഉറ്റു നോക്കുന്ന തിരിച്ചുവരവുകളില്‍ ഒന്ന് റിഷഭ് പന്തിനാണ്. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് പന്തിന് വാഹനാപകടം ഉണ്ടാകുന്നതും ഗുരുതര പരുക്കേല്‍ക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് റിഷഭ് പന്ത്. പഞ്ചാബിനെതിരെ 18 റണ്‍സാണ് ഇന്ന് പന്ത് നേടിയിരിക്കുന്നത്.
ക്രിക്കറ്റില്‍ സ്ഥിരമായ എതിരാളികള്‍ ഇല്ലെന്നതാണ് വസ്തുത. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പന്തിന്റെ തിരിച്ചുവരവില്‍ നിക്കോളാസ് പൂരാന്റെ പങ്ക്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ നിക്കോളാസ് പന്തിന്റെ തിരിച്ചുവരവില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പന്തിനെ പോലെ തന്നെ 2015 ല്‍ നിക്കോളാസും വലിയൊരു വാഹനാപകടം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ പന്ത് കടന്നു പോകുന്ന വേദനയും ആത്മസംഘര്‍ഷവുമെല്ലാം നിക്കോളാസിന് അറിയാമായിരുന്നു.

ഗുരുതര പരുക്കുകളായിരുന്നു അന്ന് നിക്കോളാസിന് നേരിടേണ്ടി വന്നത്. ഇതോടെ താരത്തിന് ആറ് മാസം വിശ്രമം വേണ്ടി വന്നിരുന്നു. പതിയെയാണ് നിക്കോളാണ് നടക്കാന്‍ ശീലിക്കുന്നത്. പന്തിന്റെ അപകടത്തെ തുടര്‍ന്ന് നിക്കോളാസ് സഹായവുമായി എത്തുകയായിരുന്നു. പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് നിക്കോളാസ് നേരത്തെ മനസ് തുറന്നിരുന്നു.
''കരിയറില്‍ ഇതുവരെ പന്ത് ഗംഭീരമായ ഫോമിലായിരുന്നു. ഇന്ത്യയുടെ മിന്നും താരങ്ങളില്‍ ഒരാളായിരുന്നു. അവന്‍ തിരികെ വരുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അവന്റെ പ്രകടനം കാണാനായി എല്ലാവരും കാത്തിരിക്കുകയാണ്. ഞാന്‍ അവന്റെ തിരിച്ചുവരവില്‍ ആവേശഭരിതനും അതീവ സന്തുഷ്ടനുമാണ്'' എന്നാണ് നിക്കോളാണ് പൂരാന്‍ പറഞ്ഞത്.
''കഴിഞ്ഞ 12-14 മാസങ്ങള്‍ അവന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് എനിക്കറിയാം. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നാളുകളായിരുന്നു അത്. പക്ഷെ അവന്‍ അനുഗ്രഹീതനാണ്. ഇപ്പോഴിതാ വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്. അവന് വീണ്ടും കളി ആസ്വദിക്കാന്‍ സാധിക്കട്ടെയെന്നും തന്റെ കഴിവ് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാനും സാധിക്കട്ടെ'' എന്നും നിക്കോളാസ് പറഞ്ഞിരുന്നു.
അതേസമയം സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയിരിക്കുകയാണ്. നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയെ പഞ്ചാബ ്പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നാല് പന്ത് ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. സാം കറന്റെ 63 റണ്‍സിന്റെ മിന്നും പ്രകടനമാണ് പഞ്ചാബിന് വിജയമൊരുക്കിയത്. ലിയാം ലിവിങ്സ്റ്റണ്‍ പുറത്താകാതെ 38 റണ്‍സ് നേടി.
അതേസമയം, റിഷഭ് പന്തിന്റെ മടങ്ങിവരവിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. 4 റണ്‍സില്‍ നില്‍ക്കവെ രാഹുല്‍ ചഹാറിന്റെ പന്തില്‍ റിഷഭ് അവസരം നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ ക്യാച്ച് അവസരം പാഴാക്കി. എന്നാല്‍ ഇത് മുതലാക്കാന്‍ റിഷഭിനായില്ല. 13 പന്തില്‍ 18 റണ്‍സ് നേടിയാണ് റിഷഭ് പുറത്തായത്. രണ്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനത്തോടെ കൈയടി നേടാന്‍ റിഷഭിനായി.