IPL 2024:ഹൈദരാബാദിനെ തോൽപ്പിക്കണോ? ബാംഗ്ലൂരിന്റെ തന്ത്രം മികച്ചതെന്ന് മുൻ താരം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നടപ്പ് സീസണിൽ കിരീട സാധ്യതകളിൽ മുൻനിരയിലുള്ള ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോല തിളങ്ങുന്ന ടീം ഇത്തവണ രണ്ട് തവണയാണ് ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന തങ്ങളുടെ തന്നെ റെക്കോർഡ് തിരുത്തിയെഴുതിയത്.
എന്നാൽ, കഴിഞ്ഞ നാല് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിക്കൊണ്ടിരുന്ന ഹൈദരാബാദിന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നിൽ അടിതെറ്റുന്ന കാഴ്ചയായിരുന്നു വ്യാഴാഴ്ച ഹൈദരാബാദിന്റെ സ്വന്തം തട്ടകത്തിൽ കണ്ടത്. പേരുകേട്ട ഹൈദരാബാദിന്റെ ബാറ്റിംഗ് നിര തകർന്നടിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളു. സീസണിൽ ബാംഗ്ലൂരിന്റെ രണ്ടാമത്തെ മാത്രം വിജയമായിരുന്നു ഇത് എന്നതും എടുത്തുപറയേണ്ടതാണ്. വിമർശകരുടെ പോലും പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനമാണ് ബാംഗ്ലൂർ പുറത്തെടുത്തത്. ഇപ്പോഴിത ബാംഗ്ലൂരിന്റെ വിജയ തന്ത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ. ജിയോ സിനിമയിൽ സംസാരിക്കുമ്പോഴായിരുന്നു സൺറൈസ് ഹൈദരാബാദിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആർസിബി മറ്റ് ടീമുകൾക്ക് കാണിച്ചുകൊടുത്തുവെന്ന മോർഗന്റെ വിലയിരുത്തൽ.
ടോസ് നഷ്ടപ്പെട്ട് ബോളിങ്ങിന് അയക്കപ്പെട്ടതാണ് ഹൈദരാബാദിന് ആദ്യം തിരിച്ചടിയായതെന്ന് മോർഗൻ വിലയിരുത്തുന്നു. "ചെയ്സ് ചെയ്യേണ്ടി വന്നത് ഹൈദരാബാദിന്റെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായേക്കാം. വിക്കറ്റ് എന്തായിരിക്കണം എന്നതിനോടൊപ്പം അതും നിർണായകമായി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. അത്തരം മത്സരങ്ങളിൽ അവർ തുറുപ്പുശീട്ടിറക്കും. മിക്ക സമയത്തും അവർ കളിക്കുന്ന രീതി അതാണ്." മോർഗൻ പറഞ്ഞു. അതുകൊണ്ട് തന്നെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കളിച്ച രീതി സൺറൈസേഴ്സിനെ നേരിടാനിറങ്ങുന്ന മറ്റ് ടീമുകൾക്ക് ശരിക്കും ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് തങ്ങളുടെ ഹേം ഗ്രൗണ്ടായ ചെപ്പോക്കിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും, എന്നാൽ അതിന് സ്പിന്നേഴ്സിനെ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മോർഗൻ വ്യക്തമാക്കി. നേരത്തെ ഹൈദരാബാദ് നടന്ന മത്സരത്തിൽ ചെന്നൈ പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
"അടുത്തത് അവർ ചെന്നൈയിലേക്കാണ് പോകുന്നത്. വ്യക്തമായും, ചെപ്പോക്കിൽ ഇതുവരെ നമ്മൾ കണ്ടത് നല്ല ബാറ്റിംഗ് പിച്ചുകളാണ്. അതിനാൽ ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സിനു വേണ്ടി കരുതിവെക്കുന്നത് എന്താണെന്ന് നോക്കുന്നത് രസകരമായിരിക്കും. ഒരു നല്ല പിച്ചിൽ, ആ ചേസിംഗിൽ ചെപ്പോക്കിൽ കഴിഞ്ഞ രാത്രി മാർക്കസ് സ്റ്റൊയിനിസ് ചെയ്തതും ഞങ്ങൾ കണ്ടു." മോർഗൻ വ്യക്തമാക്കി.
ചെപ്പോക്കിലും ഹൈദരാബാദിന്റെ വെട്ടിക്കെട്ട് ബാറ്റിംഗിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുകളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications