തുടര്‍ പരാജയങ്ങള്‍ കാരണം വലയുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുന്‍ നായകന്‍ വിരാട് കോലി മിന്നും ഫോമിലുള്ളപ്പോഴും താളം കണ്ടെത്താനാകാതെ വലയുകയാണ് ടീം. നിലവില്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് ആര്‍സിബിയുടെ സ്ഥാനം. എട്ട് കളികളില്‍ നിന്നും ഒരു ജയം മാത്രമാണ് ആര്‍സിബിയ്ക്ക് കണ്ടെത്താനായിട്ടുള്ളത്. ഇനി പ്ലേ ഓഫില്‍ ഇടം കണ്ടെത്തുക എന്നത് ആര്‍സിബിയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായ കാര്യമാണ്.
ഈ സാഹചര്യത്തില്‍ ആര്‍സിബിയ്ക്ക് വിജയ വഴിയിലേക്ക് തിരികെ വരേണമെങ്കില്‍ ചെയ്യേണ്ടതായി മൂന്ന് കാര്യങ്ങളാണുള്ളത്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

തങ്ങളുടെ പരാജയക്കയത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ബാംഗ്ലൂര്‍ ആദ്യം ചെയ്യേണ്ടത് അല്‍സാരി ജോസഫില്‍ വിശ്വാസം അര്‍പ്പിക്കുക എന്നതാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ കരാറിലാണ് കരീബിയന്‍ താരം ഐപിഎല്ലിലേക്ക് വരുന്നത്. 14 മത്സരങ്ങളും അല്‍സാരിയ്ക്ക് കളിക്കാന്‍ സാധിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടക്കത്തിലെ പരാജയങ്ങളെ തുടര്‍ന്ന് അല്‍സാരിയെ പുറത്തിരുത്താന്‍ ആര്‍സിബി തീരുമാനിക്കുകായിരുന്നു. പക്ഷെ അല്‍സാരിയെ തിരികെ കൊണ്ടു വരിക എന്നത് ഈ ഘട്ടത്തില്‍ ആര്‍സിബിയ്ക്ക് ഗുണമായിരിക്കും ചെയ്യുക.
തങ്ങളുടെ ഏസ് ബൗളറായ സുനില്‍ നരെയ്‌നെ ഓപ്പണറാക്കി ഇറക്കി വല്ലാത്തൊരു ചൂതാട്ടം തന്നെയാണ് കെകെആര്‍ നടപ്പിലാക്കിയത്. ആ തന്ത്രം അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. നരെയ്‌ന്റെ വിക്കറ്റ് കെകെആറിന് യാതൊരു നഷ്ടവുമുണ്ടാക്കുന്നില്ലെന്ന് മാത്രമല്ല നരെയ്ന്‍ നേടുന്ന ഓരോ റണ്ണും അവര്‍ക്ക് ലാഭവുമാണ്. ഇത്തരത്തില്‍ സൗരവ്വ് ചൗഹാനെയോ കരണ്‍ ശര്‍മയേയോ ഒരു പിഞ്ച് ഹിറ്ററായി ആര്‍സിബിയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ആര്‍സിബി നിരയിലെ വലിയ പേരുകളിലൊന്നാണ് ഗ്ലെന്‍ മാക്‌സ് വെല്ലിന്റേത്. എന്നാല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ മാക്‌സി സ്വയം ടീമില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ബിഗ് ഷോയെ പോലൊരു പവര്‍ ഹിറ്ററേയും ബൗളറേയും പുറത്തിരുത്തുന്നത് ആര്‍സിബിയ്ക്ക് ഗുണം ചെയ്യില്ല. മാക്‌സ്വെല്ലിന്റെ ഫോം ടീമിന് നിലവില്‍ വിശ്വസിക്കാന്‍ തക്കതല്ലെങ്കിലും വളരെ വേഗത്തില്‍ എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാകുന്ന തരത്തിലേക്ക് മാറാന്‍ സാധിക്കുന്ന താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍.
നിലവില്‍ പോയന്റ് ടേബിളില്‍ ഒന്നാമതുള്ളത് രാജസ്ഥാന്‍ റോയല്‍സാണ്. എഴ് കളികളില്‍ നിന്നും 12 പോയന്റാണ് രാജസ്ഥാനുള്ളത്. ആറ് കളികള്‍ വിജയിച്ച രാജസ്ഥാന്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. പിന്നാലെ രണ്ടാം സ്ഥാനത്തായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മൂന്നാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് നാലാം സ്ഥാനത്തുള്ളത്.
അതേസമയം ആര്‍സിബി പോയന്റ് ടേബിളിന്റെ അടിത്തട്ടിലാണെങ്കിലും വിരാട് കോലി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണുള്ളത്. ഈ സീസണില്‍ ബാംഗ്ലൂരിന് കൂടുതല്‍ തലവേദനയായത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. വലിയ സ്‌കോറുകള്‍ പോലും പ്രതിരോധിക്കാന്‍ സാധിക്കാതെ ബാംഗ്ലൂര്‍ വീഴുന്നത് കണ്ടിട്ടുണ്ട്. ബാറ്റിംഗ് യൂണിറ്റിന്റെ സ്ഥിരതയില്ലായ്മയും ടീമിന് വിനയാകുന്നുണ്ട്. കഴിഞ്ഞ ദിവസത്തേത് പോലെ ഭാഗ്യവും ഇത്തവണ ആര്‍സിബിയ്ക്ക് എതിരെയാണ്.