വിശാഖപട്ടണം: ഐപിഎല്‍ 2024 ന്റെ തുടക്കത്തില്‍ വലിയ ചര്‍ച്ചയായി മാറിയ വാര്‍ത്തയായിരുന്നു എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞുവെന്നത്. തലമുറ മാറ്റത്തിന്റെ ഭാഗമായി ധോണി റുതുരാജ് ഗെയ്ഗ്വാദിന് സ്ഥാനം ഒഴിഞ്ഞു നല്‍കുകയായിരുന്നു. ഇപ്പോഴിതാ ധോണി ചെന്നൈയുടെ നായക സ്ഥാനത്തു നിന്നും ഒഴിയാനുള്ള കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഗുജറാത്ത് ടൈറ്റന്‍സിനുമെതിരായ മത്സരങ്ങളില്‍ ചെന്നൈ ടീമില്‍ ധോണിയുണ്ടായിരുന്നു. എന്നാല്‍ താരത്തിന് ഇതുവരേയും ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ബാറ്റ് ചെയ്യാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ ധോണി നിറഞ്ഞു നില്‍ക്കുന്നുണ്ട്. ധോണിയുടെ പറക്കും ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
അതേസമയം രവി ശാസ്ത്രി പറയുന്നത് ഈ സീസണില്‍ എത്ര മത്സരങ്ങളില്‍ ധോണി കളിക്കുമെന്നത് താരത്തിന്റെ ഫിറ്റ്‌നസിനെ അടിസ്ഥാനപ്പെട്ടിരിക്കും എന്നാണ് ''ഇത് എംഎസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും. എല്ലാം ധോണിയുടെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുന്നു. സീസണ്‍ മുഴുവന്‍ കളിക്കുമോ ഇല്ലയോ എന്നത് കാലം വേണം കാണിച്ചു തരാന്‍'' എന്നാണ് രവി ശാസ്ത്രി പറയുന്നത്.

റുതുരാജ് ഗെയ്ഗ്വാദിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ധോണിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും രവി ശാസ്ത്രി പറയുന്നുണ്ട്. തന്റേതായ ശൈലിയില്‍ ടീമിനെ നയിക്കാനുള്ള സ്വാതന്ത്ര്യം ധോണി റുതുരാജിന് നല്‍കും. ആവശ്യം വരുമ്പോള്‍ ഇടപെടുകയും ചെയ്യും. രവീന്ദ്ര ജഡേജ ടീമിനെ നയിച്ചിരുന്ന സമയത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണ ധോണിയുടെ സമീപനമെന്നും രവി ശാസ്ത്രി പറയുന്നുണ്ട്.
''അദ്ദേഹം ചെയ്തത് എന്താണെന്നാല്‍, ടൂര്‍ണമെന്റിന്റെ പകുതിയ്ക്ക് വച്ച് എനിക്ക് നായകപദവി റുതുരാജിന് നല്‍കാനാകില്ല എന്ന് പറയുകയായിരുന്നു. നീ ആ ഹോട്ട് സീറ്റിലിരിക്കൂ, ഞാന്‍ പിന്നില്‍ നിന്നും കാണാം. അവന് എന്തെങ്കിലും സഹായം ആവശ്യം വരികയാണെങ്കില്‍ സഹായിക്കാന്‍ ഞാനുണ്ട് എന്നാണ്. ജഡേജ ക്യാപ്റ്റനായിരുന്ന സമയത്തെ അപേക്ഷിച്ച് കുറേക്കൂടെ മാറി നില്‍ക്കുകയാകും ധോണി ചെയ്യുക. ഡ്രിംഗ്‌സിലും മറ്റുമായിരിക്കും ധോണി ഇടപെടല്‍ നടത്തുക'' എന്നാണ് രവി ശാസ്ത്രി പറയുന്നത്.
''അദ്ദേഹം അവന് വേണ്ട സ്വാതന്ത്ര്യം നല്‍കും. അദ്ദേഹം അവന് ആ സ്വാതന്ത്ര്യം നല്‍കുന്നത് കാണാനുണ്ട്. തിരുത്തേണ്ട സമയത്ത് അതും ചെയ്യും'' എന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്തായാലും നായകനായുള്ള റുതുരാജിന്റെ തുടക്കം മോശമായിട്ടില്ല. കളിച്ച രണ്ട് കളികളിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചു. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയുമാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഇന്നത്തെ ചെന്നൈയുടെ മത്സരം. ധോണിയുടെ ബാറ്റിംഗിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെനാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ധോണി. താരത്തിന്റെ അവസാന സീസണ്‍ ആയിരിക്കും ഇത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മുമ്പേ വിരമിച്ച ധോണിയ്ക്ക് കപ്പു നേടി യാത്രയയപ്പ് നല്‍കാനാണ് ചെന്നൈയുടെ ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.