സ്വപ്‌നതുല്യമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം. ആദ്യം കളിച്ച ഒമ്പതുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി തന്നെയാകും രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുക, ഈ സീസണില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുക രാജസ്ഥാനായിരിക്കും എന്നെല്ലാം ആരാധകര്‍ കരുതി. എന്നാല്‍ പിന്നീട് കണ്ടത് തങ്ങളുടെ തന്നെ നിഴലായി മാറുന്ന രാജസ്ഥാനെയായിരുന്നു. തുടര്‍ച്ചയായി നാല് മത്സരങ്ങളാണ് സഞ്ജു സാംസണ്‍ നയിക്കുന്ന ടീം പരാജയപ്പെട്ടത്.
ഇതോടെ രാജസ്ഥാനെ പിന്തള്ളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഈ സീസണില്‍ ആദ്യം പ്ലേ ഓഫ് യോഗ്യത നേടുന്ന ടീമായും കൊല്‍ക്കത്ത മാറി. രാജസ്ഥാന്റെ പ്രകടനത്തില്‍ വളരെ പെട്ടെന്നുണ്ടായ, ഇത്ര വലിയ വീഴ്ചയുടെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. രാജസ്ഥാന്റെ പ്രശ്‌നം മധ്യനിരയാണെന്നാണ് വരുണ്‍ പറയുന്നത്.

മധ്യനിരയില്‍ രാജസ്ഥാന്റെ പ്രധാനിയായിരുന്നു ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. എന്നാല്‍ ഹിറ്റുവിന്റെ പരുക്ക് രാജസ്ഥാനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. മിന്നും ഫോമിലുണ്ടായിരുന്ന ജോസ് ബട്ട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതും ടീമിന് തിരിച്ചടിയായി. പകരം വന്ന ടോം കോഹ്ലര്‍ കാഡ്‌മോര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തില്ല. രാജസ്ഥാന് തിരികെ വിജയവഴിയിലേക്ക് എത്തണമെങ്കില്‍ മധ്യനിര നന്നായി കളിച്ചേ തീരുവെന്നാണ് വരുണ്‍ ആരോണ്‍ പറയുന്നത്.
''അവര്‍ ഇതില്‍ നിന്നും കയറി വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ഇപ്പോഴിത് ഒരു ആശങ്കയായ മാറിയിരിക്കുകയാണ്. അവര്‍ ആശങ്കപ്പെടുകയും ചെയ്യണം. മധ്യനിരയുടെ കാര്യത്തില്‍ അവര്‍ പ്രശ്‌നപരിഹാരം കണ്ടെത്തണം. സമ്മര്‍ദ്ധ ഘട്ടത്തില്‍ മധ്യനിര മുന്നോട്ട് വരികയും കളിക്കുകയും ചെയ്യണം. മധ്യനിരയുടെ കാര്യത്തില്‍ തന്നെയാകണം അവരുടെ ആശങ്ക'' എന്നാണ് വരുണ്‍ ആരോണ്‍ പറയുന്നത്.
മുന്‍ രാജസ്ഥാന്‍ താരം കൂടിയായ ഷെയ്ന്‍ വാട്‌സണും സഞ്ജുവിന്റേയും ടീമിന്റേയും വീഴ്ചയില്‍ അമ്പരപ്പ് അറിയിക്കുന്നുണ്ട്. തുടക്കത്തില്‍ രാജസ്ഥാന്‍ ടീമിന്റെ പ്രകടനത്തില്‍ ഒരു ദൗര്‍ബല്യം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കാര്യങ്ങള്‍ എല്ലാം മാറിപ്പോയെന്നാണ് വാട്‌സണ്‍ പറയുന്നത്. ടീമിന് മൊമന്റം നഷ്ടമായെന്നും പഞ്ചാബിനെതിരായ മത്സരത്തില്‍ ഒരാള്‍ പോലും പൊരുതാന്‍ തയ്യാറായില്ലെന്നും വാട്‌സണ്‍ പറയുന്നു.
''രാജസ്ഥാന്റെ തുടക്കം എന്നെ അത്ഭുതപ്പെടുത്തിയതായിരുന്നു. ഒരു ദൗര്‍ബല്യവുമില്ലാതെ ഉയരത്തില്‍ പറക്കുകയായിരുന്നു അവര്‍. വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ കൡക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ആ മൊമന്റം നഷ്ടമായിട്ടുണ്ട്. ഒരാള്‍ പോലും പൊരുതാന്‍ തയ്യാറായില്ല. സഞ്ജു സാംസണ്‍ ആണ് നായകന്‍. എല്ലാവരും പൊരുതാന്‍ അദ്ദേഹം ആഗ്രഹിക്കും. ആവേശ് ഖാനും റിയാന്‍ പരാഗും തങ്ങളുടെ ജോലി ചെയ്തു. പക്ഷെ അവര്‍ക്ക് പുറമെ ഒരാളുമുണ്ടായില്ല. ഇത് ഒതുങ്ങിയിരിക്കാനുള്ള സമയമല്ല'' എന്നാണ് വാട്‌സണ്‍ പറഞ്ഞത്.
അതേസമയം രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും പുറമെ ഹെെദരാബാദും പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. ചെന്നെെ-ബാംഗ്ലൂർ മത്സരത്തിലൂടെയാണ് പ്ലേ ഓഫിലെ നാലാമനെ കണ്ടെത്തുക.