പ്ലേ ഓഫ് കാണാതെ ഐപിഎല്ലില്‍ നിന്നും പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അതേസമയം മുംബൈയുടെ ഈ പുറത്താകല്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ സംബന്ധിച്ച് ഒരു അനുഗ്രഹമാണെന്നാണ് പ്രമുഖ ക്രിക്കറ്റ് ജേണലിസ്റ്റ് ഹര്‍ഷ ഭോഗ്ലെ പറയുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മുംബൈ പരാജയപ്പെട്ടിരുന്നു. 18 റണ്‍സിനായിരുന്നു മുംബൈയുടെ പരാജയം.
ഇതോടെ രോഹിത് ശര്‍മയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും ഐപിഎല്‍ യാത്രയും അവസാനിച്ചിരിക്കുകയാണ്. ലീഗ് ഘട്ടം അവസാനിക്കുന്നതോടെ ഇരുവരും ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. മുംബൈയുടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ ഇന്ത്യയെ ലോകകപ്പില്‍ നയിക്കുക രോഹിത് ശര്‍മയാണ്. ഹാര്‍ദിക് ഇന്ത്യയുടെ ഉപനായകനാണ്.

മുംബൈയുടെ ഇന്നലത്തെ പരാജയം ഇന്ത്യന്‍ ടീമിന് ഗുണകരമാകുമെന്നാണ് ഭോഗ്ലെ പറയുന്നത്. ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും. ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലുള്ള ദൗത്യം എന്നാണ് ഭോഗ്ലെ പറയുന്നത്. ഐപിഎല്‍ അവസാനിച്ചിരിക്കുകയാണ് ഇനി നാഷണല്‍ ഡ്യൂട്ടിയാണെന്നും ഭോഗ്ലെ പറയുന്നു.
ഐപിഎല്ലിലെ മുംബൈയുടെ മോശം പ്രകടനവും ഇരുവര്‍ക്കുമിടയിലെ ഭിന്നതയും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമൊക്കെ ഇരുവരേയും സാരമായി ബാധിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മുംബൈയ്ക്ക് വേണ്ടി സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് വേണ്ടി സാധിച്ചെടുക്കുകയാകണം രോഹിത്തിന്റേയും ഹാര്‍ദിക്കിന്റേയും ലക്ഷ്യം എന്ന് ദ്രാവിഡിന് ഇരുവരോടും പറയാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
''മുംബൈയുടെ തകര്‍ച്ചയാണ് ഈ സീസണിലെ സ്റ്റോറി. അവര്‍ പ്ലേ ഓഫ് കളിക്കുമെന്ന് വിശ്വസിച്ചിരുന്ന നമ്മള്‍ക്ക് വലിയ ഞെട്ടലായിരുന്നു അത്. പക്ഷെ നടക്കാതെ വന്നതോടെ ഇനി ഒരു ഇന്ത്യന്റെ കാഴ്ചപ്പാടിലൂടെ കാണാം. ദ്രാവിഡിന് മുന്നിലുള്ള ആദ്യത്തെ ദൗത്യം പ്രധാനപ്പെട്ട രണ്ട് താരങ്ങളായ, ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും ഒരുമിച്ച് കൊണ്ടു വരിക, ഫോമിലേക്ക് കൊണ്ടു വരിക എന്നതാണ്'' എന്നാണ് ഭോഗ്ലെ പറയുന്നത്.
അതേസമയം ഐപിഎല്ലില്‍ മുംബൈയ്ക്ക് ഇനിയൊരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. 13 മത്സരങ്ങള്‍ കളിച്ച മുംബൈ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ബാക്കിയുള്ള ഒമ്പതിലും പരാജയപ്പെടുകയായിരുന്നു. പോയന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈ നേടിയത് എട്ട് പോയന്റുകള്‍ മാത്രമാണ്. ഈ സീസണില്‍ ആദ്യം പുറത്തായ ടീമുമാണ് മുംബൈ.
സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത്തവണ മുംബൈ തിരിച്ചടി നേരിട്ട് തുടങ്ങിയിരുന്നു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി തിരികെ കൊണ്ടു വന്നു കൊണ്ടാണ് മുംബൈ സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ ഈ തീരുമാനം ക്രിക്കറ്റ് ആരാധകരില്‍ നിന്നും വലിയ പ്രതിഷേധത്തിന് ഇടയാക്കി. ടീമിനുള്ളില്‍ തന്നെ ഭിന്നതയുണ്ടാക്കുന്നതായിരുന്നു ആ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പിന്നാലെ തുടര്‍ച്ചയായി മുംബൈ പരാജയപ്പെട്ടതും ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു. തുടര്‍ പരാജയങ്ങളില്‍ നിന്നും മുംബൈയ്ക്ക് തിരികെ വരാന്‍ സാധിച്ചില്ല. ഇതിനിടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്റ്റേഡിയങ്ങളിലും സോഷ്യല്‍ മീഡിയയിലും മുംബൈ ആരാധകരില്‍ നിന്നു തന്നെ കടുത്ത അധിക്ഷേപണങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതും ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.