ഒരിക്കല്‍ കൂടെ മൈതാനത്ത് ജസ്പ്രീത് ബുംറയുടെ വിളയാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തന്റെ മിന്നും പ്രകടനം പുറത്തെടുത്ത ബുംറ 21 റണ്‍സ് മാത്രം വിട്ടുകെടുത്ത് നേടിയത് അഞ്ച് വിക്കറ്റാണ്. തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വന്ന മുംബൈ ബാംഗ്ലൂരിനെതിരെ വിജയിച്ചത് ഏഴ് വിക്കറ്റിനായിരുന്നു. മുംബൈയുടെ സീസണിലെ രണ്ടാം വിജയമാണിത്.
ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് ലൈനപ്പിന് ചില്ലറ തലവേദനയല്ല ഇന്നലെ ബുംറ നല്‍കിയത്. പന്തെറിഞ്ഞ മറ്റൊല്ലവരേയും ബാംഗ്ലൂര്‍ ആക്രമിച്ചപ്പോള്‍ ബുംറയ്ക്ക് മുന്നില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടി വരികയായിരുന്നു. സീസണിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡര്‍ കൂടിയായ വിരാട് കോലിയടക്കം ബാംഗ്ലൂരിന്റെ അഞ്ച് പേരെയാണ് ബുംറ വീഴ്ത്തിയത്. മൂന്ന് റണ്‍സ് മാത്രമാണ് വിരാടിന് നേടാനായത്.

പതിനേഴാം ഓവറില്‍ തിരികെ വന്ന ബുംറ നായകന്‍ ഫാഫ് ഡുപ്ലെസിസിനേയും മഹിപാല്‍ ലോമ്രോറിനേയും തുടര്‍ച്ചയായ പന്തുകളിലാണ് പുറത്താക്കിയത്. അടുത്ത ഒാവറില്‍ ഹാട്രിക്കിനുള്ള അവസരമുണ്ടായിരുന്നു ബുംറയ്ക്ക് മുന്നില്‍. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് പേരെ പുറത്താക്കിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്. സൗരവ്വ് ചൗഹാന്‍, വിജയകുമാര്‍ വൈശാഖ് എന്നിവരെയാണ് 19-ാം ഓവറില്‍ ബുംറ പുറത്താക്കിയത്.
രണ്ട് തവണയാണ് ഇന്നലെ ബുംറയ്ക്ക് ഹാട്രിക് നഷ്ടമായത്. എങ്കിലും ബാംഗ്ലൂരിനെ 200 കടക്കുന്നതില്‍ നിന്നും തടയാന്‍ ബുംറയ്ക്ക് സാധിച്ചു. മുംബൈയ്‌ക്കെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ നേടിയത് 196 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ബാംഗ്ലൂരിനെ തുടക്കത്തില്‍ തന്നെ തല്ലി നിലംപരിശാക്കുകയായിരുന്നു. 27 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ വിജയം സ്വന്തമാക്കുന്നത്.
മത്സരശേഷം മുംബൈ താരങ്ങളും ആരാധകരും മാത്രമല്ല എതിര്‍ ടീം താരങ്ങളും ആരാധകരുമെല്ലാം ബുംറയുടെ ബ്രില്യന്‍സിനെ അഭിനന്ദിച്ചെത്തി. മത്സര ശേഷം താരങ്ങള്‍ പര്‌സപരം ഹസ്തദാനം ചെയ്യുന്ന സമയത്ത് ബാംഗ്ലൂരിന്റെ പേസര്‍ മുഹമ്മദ് സിറാജ് ബുംറയുടെ അരികിലെത്തി, ആദരവാല്‍ തലകുനിക്കുകയായിരുന്നു. സിറാജിന്റെ ആദരവിനെ ബുംറ സ്വീകരിച്ചത് ഊഷ്മളമായൊരു ആലിംഗനത്തിലൂടെയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
വീഡിയോയില്‍ വിരാട് കോലി ഹാര്‍ദിക് പാണ്ഡ്യയെ കെട്ടിപ്പിടിക്കുന്നതും കാണാം. നേരത്തെ വാങ്കഡെയിലെ ആരാധകരോട് പാണ്ഡ്യയെ കൂവരുതെന്നും കയ്യടിക്കണമെന്നും വിരാട് കോലി കളിക്കിടെ പറഞ്ഞിരുന്നു. പാണ്ഡ്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ കൂവലുകളോടെയാണ് ആരാധകര്‍ നായകനെ വരവേറ്റത്. ഇതോടെയാണ് കോലി ആരാധകരോട് അഭ്യര്‍ത്ഥനയുമായി എത്തിയത്.
അതേസമയം ആറ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ബാംഗ്ലൂരിന് വിജയിക്കാന്‍ സാധിച്ചത്. നിലവില്‍ പോയന്റ് ടേബിളില്‍ ഒമ്പതാമതാണ് ബാംഗ്ലൂര്‍. റണ്‍ റേറ്റിന്റെ ബലത്തിലാണ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുകളില്‍ സ്ഥാനം നേടുന്നത്. ബാംഗ്ലൂരിന് അടുത്ത മത്സരം വിജയിക്കുക വളരെ നിര്‍ണായകമാണ്. വലിയ സ്‌കോര്‍ നേടിയിട്ടും അതിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ പോകുന്നത് ബാംഗ്ലൂരിന് തലവേദനയായി മാറുകയാണ്.