ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു നിന്നും പടിയിറങ്ങാനുള്ള എംഎസ് ധോണിയുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു യുഗാന്ത്യമാണ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള നായകന്മാരില്‍ ഒരാളായാണ് ധോണി ക്യാപ്റ്റന്റെ കുപ്പായം അഴിച്ചു വെക്കുന്നത്.
ചെന്നൈയുടെ ധോണിപ്പടയില്‍ ഇനി തലമുറമാറ്റത്തിന്റെ കാലമാണ്. അത് വ്യക്തമാക്കിക്കൊണ്ട് റുതുരാജ് ഗെയ്ഗ്വാദ് നായക സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അഞ്ച് തവണ ചെന്നൈയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ധോണിയില്‍ നിന്നും ബാറ്റണ്‍ സ്വീകരിക്കുമ്പോള്‍ റുതുരാജിന് മുന്നില്‍ വെല്ലുവിളികള്‍ ഒരുപാടുണ്ട്.
നായകസ്ഥാനത്തു നിന്നുമുള്ള ധോണിയുടെ പടിയിറക്കം ആരാധകരില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു. ധോണി ഒരുപക്ഷെ ഈ സീസണില്‍ കളിക്കുക ഇംപാക്ട് പ്ലെയര്‍ ആയിട്ടായിരിക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ, സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് കീപ്പറായി ധോണി ഇറങ്ങിയതോടെ ആ സംശയത്തിന്റെ മറനീങ്ങുകയായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ധോണിയെക്കുറിച്ചുള്ള വിന്‍ഡീസ് ഇതിഹാസവും ഐപിഎല്ലിലെ എക്കാലത്തേയും വെടിക്കെട്ട് താരങ്ങളില്‍ ഒരാളുമായ ക്രിസ് ഗെയ്ല്‍ നടത്തിയ പ്രസ്താവന ശ്രദ്ധ നേടുകയാണ്. ധോണി ആ സീസണ്‍ മുഴുവന്‍ കളിച്ചേക്കില്ലെന്നാണ് ഗെയ്ല്‍ പറയുന്നത്. ഇടയ്ക്ക് വച്ച് ധോണി ഇടവേളയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗെയ്ല്‍ പറുന്നത്. അതുകൊണ്ടാകാം ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതെന്നാണ് ഗെയ്ല്‍ പറയുന്നത്.
''അദ്ദേഹം എല്ലാ മത്സരങ്ങളും കളിച്ചേക്കണമെന്നില്ല. ഇടയ്ക്ക് അദ്ദേഹം ഒരു ഇടവേളയെടുത്തേക്കാം. അതായിരിക്കാം തീരുമാനം. പക്ഷെ എംഎസ്ഡി നന്നായി തന്നെ കളിക്കും, അക്കാര്യത്തില്‍ സംശയം വേണ്ട'' എ്‌നാണ് ക്രിസ് ഗെയ്ല്‍ ജിയോ സിനിമയില്‍ പറഞ്ഞത്. പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് കാണിച്ചു തരികയായിരുന്നു ഇന്നലെ ധോണി. വിക്കറ്റിന് പിന്നില്‍ ഐപിഎല്ലിന് മുമ്പുണ്ടായിരുന്ന പരുക്കിന്റെ ആശങ്കകളുടെ നിഴല്‍ പോലും ധോണിയെ ബാധിച്ചിരുന്നില്ല.
അതേസമയം ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയല്‍ ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും എന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച നാള്‍ മുതല്‍ ഐപിഎല്ലില്‍ നിന്നുള്ള ധോണിയുടെ വിരമിക്കലും ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ തന്റെ ടീമിനെ അഞ്ചാം വട്ടം കിരീടത്തിലേക്ക് നയിച്ച് തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് ധോണി പോയ സീസണില്‍ കാണിച്ചു തന്നിരുന്നു. പക്ഷെ ഇത്തവണ കാര്യങ്ങള്‍ ഏതാണ്ട് തീരുമാനിച്ചുറപ്പിച്ച മട്ടാണ്. അടുത്ത വര്‍ഷം ധോണി ഐപിഎല്ലില്‍ ഉണ്ടാകില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാല് വിക്കറ്റിന് വിജയം കണ്ടെത്തിയിരിക്കുകയാണ് ചെന്നൈ. അവസാന ഓവറിലാണ് ചെന്നൈയുടെ വിജയം. ബാംഗ്ലൂര്‍ നേടിയ 173 റണ്‍സ് അനായാസമാണ് ചെന്നൈ മറി കടന്നത്. നാല് വിക്കറ്റ് നേടിയ മുസ്തഫിസൂര്‍ റഹ്‌മാന്‍ ആണ് മത്സരത്തിലെ താരം. ചെന്നൈയ്ക്ക് വേണ്ടി അരങ്ങേറ്റ താരം രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും നേടിയിരുന്നു.