വിക്കറ്റിന് പിന്നില്‍ എംഎസ് ധോണിയോളം പ്രതിഭാശാലിയായൊരു വീക്കറ്റ് കീപ്പര്‍ ഇന്നുമില്ലെന്നതാണ് വസ്തുത. തന്റെ കരിയറിന്റെ സായാഹ്നത്തിലും ധോണിയുടെ വേഗതയും കണിഷതയുമൊന്നും മറ്റാര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്തതാണ്. ഇന്നിതാ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍, താന്‍ എന്തുകൊണ്ടാണ് സ്റ്റമ്പിന് പിന്നില്‍ ഇത്ര അപകടകാരിയാകുന്നതെന്ന് ധോണി ഒരിക്കല്‍ കൂടി കാണിച്ചു തന്നിരിക്കുകയാണ്.
ഐപിഎല്‍ 2024 ലെ ആദ്യ മത്സരമായിരുന്നു ഇന്ന് ചെന്നൈ ചെപ്പോക്കില്‍ അരങ്ങേറിയത്. ചെന്നൈ ആരാധകര്‍ ആഗ്രഹിച്ചതു പോലെ തന്നെ ആദ്യ മത്സരത്തില്‍ വിജയിച്ചു കൊണ്ട് ചെന്നൈ സീസണിന് തുടക്കമിട്ടിരിക്കുകയാണ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നായകന്‍ ഡുപ്ലെസിസിന്റെ വെടിക്കെട്ട് പ്രകടനത്തോടെ മിന്നും തുടക്കവും ആര്‍സിബിയ്ക്ക് ലഭിച്ചു.
എന്നാല്‍ ചെന്നൈ മത്സരത്തിലേക്ക് ശക്തമായി തിരികെ വന്നതോടെ കളിയുടെ ഗതി മാറി. മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്കായി മുസ്തഫിസൂര്‍ റഹ്‌മാന്‍ നേടിയത്. വിരാട് കോലി അടക്കമുള്ളവര്‍ വീണപ്പോള്‍ ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് അനുജ് റാവത്തിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 95 റണ്‍സാണ് നേടിയത്. 173 ലാണ് ആര്‍സിബി ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

ആര്‍സിബി ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കണക്കുകൂട്ടല്‍ പാളി. പന്ത് കാര്‍ത്തിക്കിനെ മറി കടന്ന് വിക്കറ്റ് കീപ്പര്‍ ധോണിയുടെ അരികിലേക്ക്. അപ്പോഴേക്കും കാര്‍ത്തിക് ക്രീസ് വിട്ടിറങ്ങിയിരുന്നു. മറുവശത്തു നിന്നും ഓടി വന്ന അനുജ് ക്രീസിലേക്ക് ഡൈവ് ചെയ്തുവെങ്കിലും ധോണി അപ്പോഴേക്കും തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ഐപിഎല്ലില്‍ 24 റണ്ണൗട്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ധോണി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നടത്തിയതിന്റെ റെക്കോര്‍ഡ് ഇനി ധോണിയുടെ പേരിലാണ്.
അതേസമയം, ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയത്തോടെ ഐപിഎല്ലിന്റെ 17ാം സീസണിനു തുടക്കമിട്ടിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ ആറു വിക്കറ്റാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ സിഎസ്‌കെ കെട്ടുകെട്ടിച്ചത്. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരം കളിച്ച ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ യുവതാരം രചിന്‍ രവീന്ദ്ര വരവറിയിക്കുകയും ചെയ്തു. വെറും 15 ബോളില്‍ 37 റണ്‍സ് അടിച്ചെടുത്താണ് താരം മടങ്ങിയത്.
ഇംപാക്ട് പ്ലെയറായി കളിച്ച ശിവം ദുബെയും (34*) രവീന്ദ്ര ജഡേജയും (25*) ചേര്‍ന്നാണ് സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കിയത്. അജിങ്ക്യ രഹാനെ (27), ഡാരില്‍ മിച്ചെല്‍ (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. നായകന്‍ റുതുരാജ് 15 റണ്‍സെടുത്ത് മടങ്ങി. ആദ്യ മത്സരത്തിന്റെ വിജയം ചെന്നൈയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ ആത്മവിശ്വാസം പകരുന്നതായിരിക്കും.