Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹൈദരാബാദിനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി സ്റ്റാര്‍ക്; പത്തിയില്‍ നോക്കി തന്നെ അടിച്ചു!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്‍ ഫൈനലിലെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലീഗ് ഘട്ടത്തിലെ തങ്ങളുടെ മിന്നും ഫോം പ്ലേ ഓഫിലും തുടരുകയാണ് കൊല്‍ക്കത്ത. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപാറും പ്രകടനമാണ് ഹൈദരാബാദിനെതിരെ തുടക്കത്തില്‍ തന്നെ ആധിപത്യം നേടാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. ഇപ്പോഴിതാ ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനേയും അഭിഷേക് ശര്‍മയേയും കുരുക്കിയ തന്ത്രം വെളിപ്പെടുത്തുകയാണ് സ്റ്റാര്‍ക്.

മൂന്ന് വിക്കറ്റുകളായിരുന്നു സ്റ്റാര്‍ക് ഹൈദരാബാദിനെതിരെ നേടിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കുകയായിരുന്നു സ്റ്റാര്‍ക്. ഈ തുടക്കം കൊല്‍ക്കത്തയുടെ പിന്നാലെ വന്ന ബൗളര്‍മാര്‍ മുതലാക്കിയതോടെ ഹൈദരാബാദ് ചെറിയ സ്‌കോറില്‍ വീണു. പിന്നാലെ വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ചേര്‍ന്ന് കൊല്‍ക്കത്തയെ അനായാസം വിജയിപ്പിക്കുകയായിരുന്നു.

IPL 2024

പവര്‍പ്ലേയില്‍ നേടിയ മൂന്ന് വിക്കറ്റുമായി ഹൈദരാബാദിന്റെ നടുവൊടിച്ചിട്ടത് സ്റ്റാര്‍ക് ആയിരുന്നു. ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മയും തങ്ങളുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു തങ്ങളുടെ തന്ത്രം എന്നാണ് സ്റ്റാര്‍ക് പറയുന്നത്.

''പവര്‍പ്ലേ എത്ര പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. പവര്‍പ്ലേയില്‍ ആധിപത്യം നേടി വന്ന രണ്ട് ടീമുകളാണ് ഇത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി അവരുടെ മിഡില്‍ ഓര്‍ഡറിലേക്ക് കടക്കണമായിരുന്നു ഞങ്ങള്‍ക്ക്. വിഡ്തില്‍ വരുന്ന പന്തുകളെ ഫ്രീയായി കളിക്കുന്നതായിരുന്നു ടൂര്‍ണമെന്റിലുടനീളമുള്ള ട്രാവിസ് ഹെഡിന്റേയും അഭിഷേക് ശര്‍മയുടേയും രീതി. ഞങ്ങള്‍ പന്ത് സ്വിങ് ചെയ്യാനും അവര്‍ക്ക് വിഡ്ത് നല്‍കാതിരിക്കാനും ശ്രമിച്ചു'' എന്നാണ് സ്റ്റാര്‍ക് പറയുന്നത്.

കൊല്‍ക്കത്തയിലെ യുവ ഇന്ത്യന്‍ പേസര്‍മാരായ ഹര്‍ഷിത് റാണയേയും വൈഭവ് അറോറയേയും കുറിച്ചും സ്റ്റാര്‍ക് സംസാരിച്ചിരുന്നു. ഇരുവരും സീസണില്‍ പത്ത് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.

''അവര്‍ കഴിവുള്ളവരാണ്. അവരെ കാണുക ആവേശകരമാണ്. അവര്‍ വളരെ കഠിനമായി പരിശീലിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഹര്‍ഷിത് ഈ കൊല്ലം മികച്ച ഫോമിലാണ്. ഞങ്ങളുടെ ബൗളിംഗ് അറ്റാക്ക് ഗംഭീരമായിരുന്നു. ഒരാളെ മാത്രമായി പറയാനാകില്ല. ഒരു മുതിര്‍ന്ന ഓവര്‍സീസ് താരമെന്നനിലയില്‍ അത് നല്ലൊരു കാഴ്ചയാണ്'' എന്നാണ് സ്റ്റാര്‍ക് പറയുന്നത്.

നേരത്തെ കൊല്‍ക്കത്തയുടെ കരുത്തുറ്റ ബൗളിംഗിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഹൈദരാബാദിന് 19.3 ഓവറില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്. രാഹുല്‍ തൃപാഠിയുടെ അര്‍ധ സെഞ്ചുറിയുടേയും ക്ലാസെന്റേയും നായകന്‍ പാറ്റ് കമ്മിന്‍സിന്റേയും ചെറുത്തു നില്‍പ്പാണ് ഹൈദരാബാദിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. തൃപാഠി 55 റണ്‍സും ക്ലാസെന്‍ 32 റണ്‍സും നേടി മധ്യനിരയില്‍ ചെറുത്തു നിന്നു. ഒടുവിലെ ഓവറുകളില്‍ 30 റണ്‍സുമായി ക്യാപ്റ്റന്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യം പതിനാലാം ഓവറില്‍ തന്നെ കൊല്‍ക്കത്ത മറികടന്നു. നായകന്‍ ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും അര്‍ധ സെഞ്ചുറികള്‍ നേടി അനായാസം വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 24 പന്തുകളില്‍ നിന്നും 58 റണ്‍സാണ് ശ്രേയസ് നേടിയത്. 28 പന്തുകളില്‍ നിന്നും 51 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ നേടിയത്.

തങ്ങളുടെ നാലാമത്തെ ഐപിഎല്‍ ഫൈനലില്‍ ഞായറാഴ്ച കൊല്‍ക്കത്ത ഇറങ്ങും. അതേസമയം ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിലെ വിജയികളെ ഹൈദരാബാദ് ബുധനാഴ്ച നേരിടും. ഈ മത്സരത്തിലെ വിജയികളാകും കൊല്‍ക്കത്തയുടെ ഫൈനലിലെ എതിരാളികള്‍.

Story first published: Wednesday, May 22, 2024, 17:05 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+