പതിനേഴാമത് ഐപിഎല്‍ ചാമ്പ്യന്മാര്‍ ആരാകുമെന്ന് നാളെ അറിയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന മത്സരം തന്നെയായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ചവരാണ് കൊല്‍ക്കത്തയും ഹൈദരാബാദും. പോയന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. അതുകൊണ്ട് തന്നെ ഈ ഫൈനല്‍ ശക്തര്‍ തമ്മിലുള്ളത് തന്നെയാകും.
ഇത്തവണ കൊല്‍ക്കത്തയായിരിക്കും ജേതാക്കള്‍ എന്നാണ് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ പറയുന്നത്. നാളെ രാത്രി ചെന്നൈയിലെ ചെപ്പോക് സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ നടക്കുക. മുന്‍ ചെന്നൈ താരമാണ് മാത്യു ഹെയ്ഡന്‍. അതുകൊണ്ട് തന്നെ ചെപ്പോക്കിലെ പിച്ചിനെക്കുറിച്ച് കൃത്യമായ ധാരണ മാത്യു ഹെയ്ഡനുണ്ട്. ആ അറിവിന്റെ വെളിച്ചത്തിലാണ് ഹെയ്ഡന്‍ സംസാരിക്കുന്നത്.

സുനില്‍ നരെയ്ന്‍-വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ജോഡിയായിരിക്കും മത്സരത്തിന്റെ ഗതി കെകെആറിന് അനുകൂലമാക്കുക എന്നാണ് ഹെയ്ഡന്‍ പറയുന്നത്. ''കൊല്‍ക്കത്ത വിജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാനാകും. കുറച്ച് ദിവസം അവധി കിട്ടിയതിനാല്‍ കളി കാണാനും ഹൈഹദരാബാദിന്റെ ദൗര്‍ബല്യങ്ങളും കരുത്തും മനസിലാക്കാനും സാധിക്കും. എസ്ആര്‍എച്ചിനെ പരാജയപ്പെടുത്തിയതിന്റെ മൊമന്റവും അവര്‍ക്കുണ്ടാകും. സുനില്‍ നരെയ്ന്‍-വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ദ്വയം ആയിരിക്കും കളിയില്‍ മാറ്റം കൊണ്ടു വരിക'' ഹെയ്ഡന്‍ പറയുന്നു.
നേരത്തെ 2012 ലെ ഐപിഎല്‍ ഫൈനലില്‍ ചെപ്പോക്കില്‍ വച്ച് തന്നെ ചെന്നൈയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തയ്ക്കുണ്ടാകും. കെകെആറും എസ്ആര്‍എച്ചും തമ്മിലുള്ള അവസാന മത്സരത്തില്‍ ഹൈദരാബാദ് തോറ്റ രീതിയെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും സംസാരിക്കുന്നുണ്ട്.
''അവര്‍ ആ ഗെയിം അവസാനിപ്പിച്ച രീതി നോക്കു. പാറ്റ് കമ്മിന്‍സ് പന്ത് ട്രാവിസ് ഹെഡിന് കൊടുത്തു. ശ്രേയസ് അയ്യര്‍ പുറകെ പുറകെ അടിച്ചു. രണ്ട് ദിവസം മുമ്പ് എസ്ആര്‍എച്ചിനെ പരാജയപ്പെടുത്തിയെന്നത് ഫൈനലില്‍ കെകെആറിന് ആത്മവിശ്വാസം പകരും. അതുകൊണ്ട് തന്നെ എസ്ആര്‍എച്ചിനിത് ഏറെ പ്രയാസകരമായിരിക്കും'' എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. അതേസമയം ഹൈദരാബാദിന്റെ വിന്നിംഗ് മെന്റാലിറ്റി അവര്‍ക്ക് ഗുണം ചെയ്‌തേക്കാമെന്നും പീറ്റേഴ്‌സണ്‍ പറയുന്നുണ്ട്.
ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളിച്ചത്. പോയന്റ് ടേബളില്‍ ഒന്നാമതായാണ് കൊല്‍ക്കത്ത പ്ലേ ഓഫിലെത്തിയത്. സീസണിലുടനീളം മിന്നും ഫോമില്‍ കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വരിഞ്ഞു മുറക്കുകയായിരുന്നു ക്വാളിഫയറില്‍ കൊല്‍ക്കത്ത. തുടക്കത്തില്‍ ഫോമില്ലാത്തിരുന്നവരും ഫോമിലായതോടെ കൊല്‍ക്കത്ത എല്ലാ മേഖലകളിലും ശക്തരാണ്. സ്പിന്‍ ദ്വയവും മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നതാണ്.