ലഖ്‌നൗ: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ ഇന്നിറങ്ങിയത് തീര്‍ത്തും അപ്രതീക്ഷിതമായൊരു റോളിലായിരുന്നു. ഇംപാക്ട് പ്ലെയര്‍ ആയിട്ടായിരുന്നു രാഹുല്‍ ഇന്നിറങ്ങിയത്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ എന്നത് പേരില്‍ മാത്രമായിപ്പോയെന്നതാണ് വസ്തുത. തുടക്കത്തില്‍ തന്നെ ഹര്‍ഷല്‍ പട്ടേലിന് പറ്റിയൊരു പിഴവില്‍ ലൈഫ് കിട്ടിയിട്ടും ലക്‌നൗ താരത്തിന് അത് മുതലെടുക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ കൂടി കെഎല്‍ രാഹുല്‍ പരാജയപ്പെട്ടു.
പഞ്ചാബിനെതിരെ ഒമ്പത് പന്തുകള്‍ മാത്രം ബാറ്റ് ചെയ്യാന്‍ സാധിച്ച രാഹുല്‍ നേടിയത് 15 റണ്‍സാണ്. നേരത്തെ നായകസ്ഥാനം നിക്കോളാസ് പൂരാന് കൈമാറിയാണ് കെഎല്‍ രാഹുല്‍ ഇംപാക്ട് പ്ലെയറാകുന്നത്. ടോസ് നേടിയ എല്‍എസ്ജി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുന്നില്‍ നിന്ന് ടീമിനെ നയിക്കേണ്ട രാഹുലിന് അതിന് സാധിച്ചില്ല.

കഴിഞ്ഞ കുറച്ച് സീസണുകളായി കെഎല്‍ രാഹുലിന്റെ ബാറ്റ് നിശബ്ദമാണ്. 2018 ന് ശേഷം രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 140 ലേക്ക് എത്തിയിട്ടില്ല. അന്ന് പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്യുമ്പോഴും ഇന്നിപ്പോള്‍ ലഖ്‌നൗവിന് വേണ്ടി കളിക്കുമ്പോഴും കളിക്കളത്തില്‍ അഗ്രസീവായി കളിക്കാന്‍ രാഹുലിന് സാധിക്കുന്നില്ല. തന്റെ തണുത്ത മട്ടിലുള്ള ബാറ്റിംഗിന്റെ പേരില്‍ പലപ്പോഴായി രാഹുല്‍ വിമര്‍ശനം നേരിടുന്നുണ്ട്. ലക്‌നൗവിലെത്തിയപ്പോഴും രാഹുലിന്റെ ഇന്റെന്റ് ഇല്ലായ്മ വിമര്‍ശിക്കപ്പെട്ടു.
ആങ്കര്‍ റോള്‍ സ്വയം ഏറ്റെടുത്ത് കളിക്കുന്ന കെഎല്‍ പലപ്പോഴും ദീര്‍ഘനേരം ക്രീസില്‍ തുടരുമ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ വരികയാണ്. ഇതിന്റെ പേരില്‍ പഞ്ചാബില്‍ കളിച്ചിരുന്നപ്പോഴും രാഹുല്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. പിന്നീട് ലഖ്‌നൗവിലെത്തിയപ്പോഴും അതേ വിമര്‍ശനമാണ് രാഹുലിന് നേരിടേണ്ടി വരുന്നത്. പരുക്കിനെ തുടര്‍ന്ന് നാളുകള്‍ മൈതാനത്തു നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന രാഹുലിന് ഫോം കണ്ടെത്താനും തിരികെ ഇന്ത്യന്‍ ടീമിലേക്ക് എത്താനുമെല്ലാം ഈ ഐപിഎള്‍ നിര്‍ണായകമാണ്.
അതേസമയം പഞ്ചാബ് കിങ്‌സിനെതിരെ 20 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 38 പന്തില്‍ 54 റണ്‍സ് നേടി. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. മാര്‍ക്വിസ് സ്‌റ്റോയ്‌നിസ് 19 റണ്‍സാണ് നേടിയത്. നായകന്‍ നിക്കോളാസ് പൂരാന്‍ 42 റണ്‍സാണ് നേടിയത്. ആയുഷ് ബദോനി എട്ട് റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്തു.
ലഖ്‌നൗവിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ പഞ്ചാബിന് സാധിച്ചു. പഞ്ചാബിനായി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി.