IPL 2024: രാഹുല്‍ കുറ്റക്കാരനല്ല, മോശം സ്‌ട്രൈക്ക് റേറ്റിന്റെ കാരണം മറ്റൊന്ന്; വെളിപ്പെടുത്തി പരിശീലകന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ നല്ല ഓര്‍മ്മകളൊന്നും നല്‍കാതെയാണ് അവസാനിക്കുന്നത്. രാഹുലിന് സീസണില്‍ ഇതുവരേയും തിളങ്ങാന്‍ സാധിച്ചിട്ടില്ല. റണ്‍ വേട്ടക്കാരില്‍ ഏഴാമതാണ് രാഹുലുള്ളത്. എന്നാല്‍ കടുത്ത വിമര്‍ശനമാണ് രാഹുലിന്റെ ബാറ്റിംഗ് നേരിട്ടത്. 136.36 ആണ് രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്. ഓപ്പണറായ രാഹുല്‍ പവര്‍ പ്ലേയില്‍ ഒച്ചിഴയുന്നത് പോലെ ബാറ്റ് ചെയ്യുന്നുവെന്ന വിമര്‍ശനമാണ് നേരിടുന്നത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടെ രാഹുലിന്റെ പ്രകടനത്തെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗവിന്റെ പരിശീലകന്‍ ലാന്‍സ് ക്ലൂസ്‌നര്‍. രാഹുലിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഒട്ടും മോശമല്ലെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നത്. മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നതാകാം രാഹുലിന് തകര്‍ത്തടിക്കാന്‍ സാധിക്കാത്തതെന്നും ക്ലൂസ്‌നര്‍ അഭിപ്രായപ്പെടുന്നുണ്ട്. എല്‍എസ്ജിയുടെ സഹപരിശീലകനാണ് ക്ലൂസ്നർ.

''ടൂര്‍ണമെന്റില്‍ നല്ല കുറച്ച് പ്രകടനങ്ങളുണ്ട് അവന്. പലപ്പോഴും അവന് റീബില്‍ഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. മറുവശത്ത് വിക്കറ്റുകള്‍ വീണിട്ടുണ്ട്. തന്റെ സ്വാഭാവികമായ ശൈലിയില്‍ കളിക്കാന്‍ അവനെ അനുവദിച്ചിട്ടില്ല. വെറുതെയിരുന്ന്, ഓ അവനിത് അത്ര നല്ല ടൂര്‍ണമെന്റല്ല എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ അവന്റെ നമ്പര്‍ നോക്കിയാല്‍ അതത്ര മോശമല്ലെന്ന് മനസിലാകും. അവന് ബാറ്റ് ചെയ്യേണ്ടി വന്ന സാഹചര്യങ്ങള്‍ കൂടെ പരിഗണിക്കുമ്പോള്‍'' എന്നാണ് അദ്ദേഹം പറഞ്ഞത്.
''ടീമിന്റെ ആദരവുണ്ട് അവന്. അവന്റെ ക്യാപ്റ്റന്‍സും ഗംഭീരമാണ്. പക്ഷെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ നേടിയ സ്‌കോറുകള്‍ കാണുമ്പോള്‍ അവന് ചിലപ്പോള്‍ അരിശം തോന്നിയേക്കാം'' എന്നും ക്ലൂസ്‌നര്‍ പറയുന്നുണ്ട്. അതേസമയം ട്വന്റി-20 ക്രിക്കറ്റില്‍ വിജയപരാജയങ്ങളെ നിശ്ചയിക്കുന്നത് ബൗളര്‍മാരാണെന്നും ക്ലൂസ്‌നര്‍ അഭിപ്രായപ്പെടുന്നുണ്ട്.
''ട്വന്റി-20 ക്രിക്കറ്റില്‍ ബൗളിംഗിന് വിജയത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷെ ആരേയും കുറ്റം പറയാനില്ല. ഈ വര്‍ഷം ഞങ്ങളെ ബാധിച്ചത് സ്ഥിരതയില്ലായ്മയാണ്. ഞങ്ങള്‍ വേണ്ടത്ര നല്ല സ്‌കോറുകള്‍ കണ്ടെത്തിയിട്ടില്ല. മതിയായ വിക്കറ്റുകളുമെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഈ അവസ്ഥയിലെത്തിച്ചേര്‍ന്നത്'' എന്നാണ് ക്ലൂസ്‌നര്‍ പറയുന്നത്.
അതേസമയം ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ മത്സരം. സീസണിലെ ലഖ്‌നൗവിന്റെ അവസാന മത്സരമാണിത്. എഴാം സ്ഥാനത്താണ് ലഖ്‌നൗ ഇപ്പോഴുള്ളത്. 13 മത്സരങ്ങലില്‍ ആറെണ്ണത്തില്‍ വിജയിച്ച ലഖ്‌നൗ ഏഴിലും പരാജയപ്പെടുകയും ചെയ്തിരുന്നു. 12 പോയന്റുകളാണ് ലഖ്‌നൗ നേടിയത്. എന്നാല്‍ പ്ലേ ഓഫിലെത്താന്‍ അത് മതിയാകില്ല.
നിലവില്‍ മൂന്ന് ടീമുകള്‍ ഐപിഎല്ലിന്റെ പ്ലേ ഓഫ് ബര്‍ത്തില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. പോയന്റ് ടേബളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ കെകെആര്‍, രാജസ്ഥാന്‍, എസ്ആര്‍എച്ച് ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ നാളെ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications