IPL 2024: കോലിയെ ഈ തലമുറയിലെ ദ ബെസ്റ്റ് ആക്കുന്ന ആ വിജയരഹസ്യം! വെളിപ്പെടുത്തി യുവരാജ്
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് യുവരാജ് സിംഗ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കോലി തന്നെയാണ് ഏറ്റവും മികച്ചവന്‍ എന്നാണ് യുവരാജ് പറയുന്നത്. കോലിയുടെ ഈ സ്ഥിരതയ്ക്കും വിജയത്തിനും പിന്നിലെ കാരണം എന്തെന്നും യുവരാജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കോലിയ്‌ക്കൊപ്പം കളിച്ചതിന്റേയും അടുത്തു നിന്ന് കോലിയെ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് യുവരാജിന്റ അഭിപ്രായ പ്രകടനം.
''അവന്‍ നെറ്റ്‌സില്‍ കളിക്കുമ്പോഴും പ്രാക്ടീസ് ചെയ്യുമ്പോഴും വെറുതെ അടിച്ച് കളിക്കുകയല്ല ചെയ്യുന്നത്. മാച്ചില്‍ എങ്ങനെയാണോ ബാറ്റ് ചെയ്യുക അങ്ങനെ തന്നെയാണ്. അത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ശീലമാക്കി. അധികം താരങ്ങളില്‍ ഞാനത് കണ്ടിട്ടില്ല. അതാണ് അവന്റെ വിജയത്തിന്റെ കാരണം'' എന്നാണ് യുവി പറയുന്നത്.

''തന്റെ ഗെയിം അവന്‍ വളരെ നന്നായി തന്നെ മനസിലാക്കുന്നുണ്ട്. അവന്‍ അവസാനം വരെയുണ്ടെങ്കില്‍ ഇന്ത്യയെ അവന് ജയിപ്പിക്കാനാകും എന്ന് അവനു തന്നെ അറിയാം. സാഹചര്യം മനസിലാക്കുകയും ചേസ് ചെയ്യാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് അവന് അറിയാം. ഏത് ബൗളറെയാണ് ആക്രമിക്കേണ്ടത്, ഏത് ബൗളറെയാണ് സിംഗിള്‍ ഇടേണ്ടത്, എപ്പോഴും ആക്രമിക്കണം, എങ്ങനെ സമ്മര്‍ദ്ധത്തെ കൈകാര്യം ചെയ്യണം, എപ്പോഴാണ് ഗെയിം മാറ്റേണ്ടത് എന്നെല്ലാം അറിയാം'' യുവരാജ് പറയുന്നു.
അതേസമയം, വിരാട് കോലി ഒരു ലോകകപ്പ് കൂടി അര്‍ഹിക്കുന്നുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് പറയുന്നത്. പോയ വര്‍ഷത്തെ ഏകദിന ലോകകപ്പിലും അതിന് മുന്നോടിയായി 2022 ല്‍ നടന്ന ട്വന്റി-20 ലോകകപ്പിലും കോലി മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ കപ്പുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. മറ്റാരാളേക്കാളും ഈ ലോകകപ്പ് അര്‍ഹിക്കുന്നത് കോലിയാണെന്നാണ് യുവി പറയുന്നത്.
2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ കോലിയും ടീമിലുണ്ടായിരുന്നു. എന്നാല്‍ അന്ന് കോലി ടീമിലെ യുവതാരമാണ്. തന്റെ കരിയറിന് അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ ഒരു ലോകകപ്പ് കൂടി നേടാന്‍ കോലി ആഗ്രഹിച്ചേക്കാം. ''ഈ തലമുറയിലെ സകല റെക്കോര്‍ഡുകളും അവന്‍ തകര്‍ത്തിട്ടുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റര്‍ ആണ് അവന്‍, എല്ലാ ഫോര്‍മാറ്റിലും. അവനൊരു ലോകകപ്പ് മെഡല്‍ അര്‍ഹിക്കുന്നുണ്ട്. അവനൊരെണ്ണം ഉണ്ട്. പക്ഷെ ഒന്നു കൊണ്ട് അവനൊരിക്കലും തൃപ്തിപ്പെടുമെന്ന് തോന്നുന്നില്ല. ഈ മെഡലും അവന്‍ അര്‍ഹിക്കുന്നുണ്ട്'' എന്നാണ് യുവി പറഞ്ഞത്.
കഴിഞ്ഞ ട്വന്റി-20 ല്‍ മെല്‍ബണില്‍ പാക്കിസ്ഥാനെതിരെയുള്ള കോലിയുടെ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാനാകില്ല. 53 പന്തുകളില്‍ നിന്നും 82 റണ്‍സുമായി ഇന്ത്യയെ പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് ഒറ്റയ്ക്ക് കൈ പിടിച്ചുയര്‍ത്തുകയായിരുന്നു കോലി. ട്വന്റി-20 ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഇന്നിംഗ്‌സ് ആയിരുന്നു ഇത്. നാലിന് 31 എന്ന നലിയില്‍ നിന്നുമാണ് അന്ന് കോലി ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ തോളിലേറ്റി വിജയത്തിലേക്ക് നയിക്കുന്നത്.
ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങളും ആരംഭിക്കും. ലോകകപ്പിനായുള്ള സ്‌ക്വാഡുകള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം അയര്‍ലാണ്ടിനെതിരെയാണ്. പിന്നാലെ കരുത്തരായ പാക്കിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ സാധിച്ചുവെങ്കിലും കപ്പ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ആ കണ്ണീരോര്‍മ്മകളെ മറക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ ലോകകപ്പ് നേടിയേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications