IPL 2024: മുംബൈയിലും പാണ്ഡ്യയെ നിര്‍ത്താതെ കൂവി ആരാധകര്‍; കുറച്ച് മര്യാദ കാണിക്കെന്ന് മഞ്ചരേക്കര്‍
മുംബൈ: ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഈ സീസണിലെ മൈതാനത്തെ എതിരാളികളേക്കാള്‍ തലവേദന സൃഷ്ടിക്കുന്നത് സ്വന്തം ആരാധകരാണ്. ഐപിഎല്ലിലെ ഏറ്റവും ജനപ്രീയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ അതേ ആരാധകര്‍ തന്നെ ഇന്ന് ടീമിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
അഞ്ച് തവണ തങ്ങളെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ടീമിലേക്ക് എത്തിച്ചത് മുതല്‍ ആരാധകര്‍ കലിപ്പിലാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ രണ്ട് സീസണിലും നയിക്കുകയും തങ്ങളുടെ ആദ്യ സീസണില്‍ തന്നെ വിജയികളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദ്ദിക്. എന്നാല്‍ തന്നെ താനാക്കിയ മുംബൈയിലേക്കുള്ള ്ഹാര്‍ദ്ദിക്കിന്റെ ഹോം കമ്മിംഗ് ഒട്ടും സുഖകരമല്ല.

രോഹിത് ശര്‍മയെ മാറ്റി, ആ സ്ഥാനത്തേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ കൊണ്ടു വരുന്നതും രോഹിത്തിനെ മാറ്റിയ രീതിയുമൊന്നും മുംബൈ ആരാധകര്‍ക്ക് പിടിച്ചിട്ടില്ല. ഐപിഎല്‍ തുടങ്ങും മുമ്പ് തന്നെ ആരാധകര്‍ തങ്ങളുടെ അമര്‍ഷം കാണിച്ച് തുടങ്ങിയിരുന്നു. ഐപിഎല്‍ ആരംഭിച്ചതോടെ ആ അതൃപ്തി അവര്‍ സ്റ്റേഡിയത്തിലൂടേയും അറിയിക്കുകയായിരുന്നു. മുംബൈയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ മുംബൈ ആരാധകര്‍ കൂക്കി വിളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് മുംബൈ സ്വന്തം തട്ടകമായ വാങ്കഡെയിലേക്ക് സീസണിലെ ആദ്യ മത്സരത്തിനായി എത്തുന്നത്. തങ്ങളുടെ അമര്‍ഷവും അതൃപ്തയുമെല്ലാം അവര്‍ ഹാര്‍ദ്ദിക്കിനെ കൂവിയും രോഹിത്തിനായി ആര്‍പ്പു വിളിച്ചും അറിയിക്കുന്നുണ്ട്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിനായി എത്തിയപ്പോള്‍ മുംബൈ ആരാധകര്‍ വരവേറ്റത് കൂവലും രോഹിത് ചാന്റുകളുമായിട്ടായിരുന്നു.
ഒടുവില്‍ ടോസിനിടെ പ്രസന്ററായ സഞ്ജയ് മഞ്ചരേക്കര്‍ക്ക് ആരാധകരോട് മര്യാദ പാലിക്കാന്‍ ആവശ്യപ്പെടേണ്ടി വരെ വന്നിരിക്കുകയാണ്. ''മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വലിയ കയ്യടികളോടെ. ലേഡീസ് ആന്റ് ജെന്റിമല്‍മാന്‍, മര്യാദ കാണിക്ക്'' എന്നായിരുന്നു മഞ്ചരേക്കര്‍ പറഞ്ഞത്. എന്നാല്‍ ആരാധകരുടെ കൂവല്‍ കൂടുതല്‍ ശക്തമാവുക മാത്രമാണ് സംഭവിച്ചത്. പിന്നീട് രോഹിത് ശര്‍മ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ വലിയ ആരവമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്താവുകയും ചെയ്തു.
അതേസമയം മുംബൈയ്‌ക്കെതിരെ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം ശരിവെക്കുന്നതാണ് ഇതുവരേയുമുള്ള രാജസ്ഥാന്റെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ മുംബൈയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications