മുംബൈ: തനിക്ക് നേരെ വന്ന കൂവലുകളെ കയ്യടികളാക്കി മാറ്റി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. നായകനായി മുംബൈയിലേക്ക് വന്നത് മുതല്‍ക്കെ ആരാധകരുടെ അതൃപ്തിയും അമര്‍ഷവും നേരിടുന്നുണ്ട് പാണ്ഡ്യ. കഴിഞ്ഞ രണ്ട് എവെ മത്സരങ്ങളിലും ആരാധകരുടെ കൂവലുകള്‍ പാണ്ഡ്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സീസണിലെ ആദ്യത്തെ ഹോം മത്സരമാണ് ഇന്ന് വാങ്കഡെയില്‍ അരങ്ങേറിയത്.
സ്വന്തം തട്ടകത്തില്‍ മുമ്പൊരിക്കലും ഒരു നായകനും നേരിട്ടാത്ത അപമാനമാണ് ഹാര്‍ദിക് പാണ്ഡ്യ നേരിട്ടത്. ടോസിനായി മൈതാനത്തേക്ക് വന്ന ഹാര്‍ദിക്കിനെ മുംബൈ ആരാധകര്‍ സ്വീകരിച്ചത് കൂവലുകളോടെയായിരുന്നു. ഒപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കായുള്ള ആര്‍പ്പുവിളികളും അവര്‍ ഉയര്‍ത്തി. ഒടുവില്‍ സഞ്ജയ് മഞ്ചരേക്കര്‍ക്ക് ആരാധകരോടായി മര്യാദ കാണിക്കാന്‍ പറയേണ്ടി വരിക വരെ ചെയ്തു.

എന്നാല്‍ തന്നെ കൂവിയ ആളുകളെ കൊണ്ടു തന്നെ കയ്യടിപ്പിക്കാനും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ന് സാധിച്ചു. പേരുകേട്ട മുംബൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ അടര്‍ന്നു വീണപ്പോള്‍ മുംബൈയ്ക്ക് മുന്നില്‍ കണ്ട പ്രതീക്ഷയുടെ ഏക വെളിച്ചമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. 19 പന്തുകളില്‍ നിന്നും 34 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ന് നേടിയത്. തുടക്കത്തില്‍ കൂവിയ ആരാധകര്‍ പാണ്ഡ്യയുടെ ബൗണ്ടറികളെ ആവേശത്തോടെ കയ്യടിച്ചാണ് സ്വീകരിച്ചത്.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാസംസണിന്റെ ആ തീരുമാനം ശരിവെക്കുന്നതായിരുന്നു രാജസ്ഥാന്റെ ബൗളിംഗ് പ്രകടനം. ആദ്യ ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് പണി തുടങ്ങി. മുന്‍ നായകന്‍ രോഹിത് ശര്‍മയും നമന്‍ ധിറും ബ്രെവിസും സംപൂജ്യരായാമ് മടങ്ങിയത്. സ്‌കോര്‍ 14-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് പാണ്ഡ്യ ക്രീസിലേക്ക് എത്തുന്നത്.
വലിയ വീഴ്ച മുന്നില്‍ കണ്ട മുംബൈയ്ക്ക് പ്രതീക്ഷ പകരുന്നതായിരുന്നു പാണ്ഡ്യയുടെ പ്രകടനം. അതോടെ അതുവരെയുള്ള ദേഷ്യം മറന്ന് മുംബൈ ആരാധകര്‍ പാണ്ഡ്യയ്ക്ക് കയ്യടിക്കുകയായിരുന്നു. എന്നാല്‍ ആ മൊമന്റം അധികനേരം നിലനിര്‍ത്താന്‍ പാണ്ഡ്യയ്‌ക്കോ ടീമിനോ സാധിച്ചില്ല. യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ റോവാന്‍ പവലിന് ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ പുറത്താകുന്നത്.
മുംബൈ ആരാധകരുടെ ഈ മാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഓന്ത് നിറം മാറുമോ ഇങ്ങനെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത്രയും ദിവസം കൂവിയിരുന്നവര്‍ ഒരു നിമിഷം എല്ലാം മറന്നത് എങ്ങനെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം രോഹിത് ശര്‍മ ഡക്ക് ആയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നല്ല പ്രകടനം കാഴ്ചവച്ചാല്‍ മുംബൈ ആരാധകര്‍ പാണ്ഡ്യയെ കൂവുന്നത് അവസാനിക്കുമെന്ന് ഇന്നത്തെ സംഭവം തെളിയിക്കുകയും ചെയ്തു.
അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ വേണ്ടത് 126 റണ്‍സാണ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 125 റണ്‍സെടുത്തത്. 34 റണ്‍സെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ 32 റണ്‍സെടുത്ത് നായകന് പിന്തുണ നല്‍കി. ടിം ഡേവിഡ് 17 റണ്‍സും ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 16 റണ്‍സുമാണ് നേടിയത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ചാഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.