IPL 2024: ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി വന്‍ ദുരന്തം! മുംബൈ രോഹിത്തിനെ വീണ്ടും നായകനാക്കും: മുന്‍ താരം
മുംബൈ: കളിച്ച ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കി. തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളും. സ്വാഭാവികമായും തിരികെ തന്റെ സ്വന്തം തട്ടകമായ മുംബൈയിലേക്ക് നായകനായി വരുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതീക്ഷിച്ചത് രാജകീയമായൊരു തിരിച്ചുവരവായിരിക്കും. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. നാളിതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലാത്ത കൂവലും അവഹേളനവുമാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈ ആരാധകര്‍ നല്‍കിയത്.
തങ്ങളെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ മാറ്റി ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടു വരാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ മുംബൈ ആരാധകര്‍ തയ്യാറായില്ല. സോഷ്യല്‍ മീഡിയയിലൂടെ ഈ തീരുമാനത്തെ അവര്‍ നിശിതമായി തന്നെ വിമര്‍ശിച്ചു. എന്നാല്‍ ഈ വിമര്‍ശനവും അതൃപ്തിയുമെല്ലാം സീസണ്‍ ആരംഭിക്കുന്നതോടെ കെട്ടടങ്ങുമെന്നായിരുന്നു മുംബൈ മാനേജ്‌മെന്റ് കരുതിയത്.

പക്ഷെ ഹാര്‍ദിക് പാണ്ഡ്യയെ കാത്തിരുന്നത് സോഷ്യല്‍ മീഡിയയില്‍ കണ്ടതിലും കുപിതരായ ആരാധകരായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും മുംബൈ നായകന് കയ്യടികള്‍ക്ക് പകരം ആരാധകര്‍ നല്‍കിയത് കൂവലും അസഭ്യ വര്‍ഷവുമായിരുന്നു. ഒപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കായി അവര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. മുംബൈ നായകനായുള്ള പാണ്ഡ്യയുടെ തുടക്കം മൈതാനത്തും മോശമാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുംബൈ കനത്ത പരാജയങ്ങളാണ് നേരിട്ടത്.
ഇപ്പോഴിതാ രോഹിത് ശര്‍മയെ വീണ്ടും മുംബൈ നായകനാക്കിയേക്കാം എന്നാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി പറയുന്നത്. ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു മനോജ് തിവാരി. രാജസ്ഥാനെതിരായ പരാജയത്തിന് പിന്നാലെയാണ് മനോജ് തിവാരിയുടെ പ്രതികരണം.
''മുംബൈയുടെ നായകസ്ഥാനം രോഹിത്തിന് തിരിച്ചു നല്‍കിയേക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മടി കാണിക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രോഹിത് തങ്ങള്‍ക്കായി അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്തിട്ടും അദ്ദേഹത്തെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ അവര്‍ ക്യാപ്റ്റനാക്കിയതാണ്'' എന്നാണ് മനോജ് തിവാരി പറയുന്നത്.
''ക്യാപ്റ്റനെ മാറ്റുക എന്നത് വളരെ വലിയ തീരുമാനമാണ്. ഈ സീസണില്‍ ഇതുവരേയും ഒരു പോയന്റ് പോലും അവര്‍ക്ക് നേടാന്‍ സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍സിയും വളരെ മോശമാണ്. നല്ല ക്യാപ്റ്റന്‍സിയായിട്ടും ഭാഗ്യം തുണയ്ക്കാത്ത സാഹചര്യമല്ല. ക്യാപ്റ്റന്‍സി നല്ലതല്ല'' എന്നും മനോജ് തിവാരി തുറന്നടിക്കുന്നുണ്ട്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈ പരാജയപ്പെടുന്നത്. രാജസ്ഥാനെതിരെ സ്വന്തം ഗ്രൗണ്ടിലാണ് കഴിഞ്ഞ ദിവസം മുംബൈ പരാജയപ്പെട്ടത്. അതും വലിയൊരു ബാറ്റിംഗ് തകര്‍ച്ചയോടെ. ആദ്യ ബാറ്റ് ചെയ്ത മുംബൈ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ പൂട്ടുകയായിരുന്നു. 125 റണ്‍സാണ് മുംബൈയ്ക്ക് രാജസ്ഥാനെതിരെ നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിനെ വലിയൊരു ദുരന്തത്തിലേക്ക് പോകാതെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് രക്ഷപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും ചാഹലും മൂന്ന് വിക്കറ്റുകളും നേടി. 34 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications