ബാംഗ്ലൂര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം കണ്ടത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരും തിരിച്ചടിച്ചുവെങ്കിലും വിജയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സായിരുന്നു ഹൈദരാബാദ് നേടിയത്. ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഹൈദരാബാദ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പിന്നാലെ വന്നവരും തകര്‍ത്തടിച്ചതോടെ ബാംഗ്ലൂരിന് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും ഉയരത്തിലെത്തി ഹൈദരാബാദിന്റെ സ്‌കോര്‍. 41 പന്തില്‍ നിന്നും 102 റണ്‍സാണ് ട്രാവിസ് ഹെഡ്ഡ് നേടിയത്.

ഇപ്പോഴിതാ ബാംഗ്ലൂര്‍ ബൗളര്‍മാരെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത്. യാതൊരു നിയന്ത്രണവുമില്ലാതെ റണ്‍ വഴങ്ങുന്ന ബാംഗ്ലൂര്‍ ബൗളര്‍മാരെയാണ് ശ്രീകാന്ത് വിമര്‍ശിക്കുന്നത്. ബാംഗ്ലൂരിനായി പന്തെറിഞ്ഞവരെല്ലാം തന്നെ റണ്‍ വിട്ടു കൊടുക്കുന്നതില്‍ യാതൊരു പഞ്ഞവും കാണിച്ചിരുന്നില്ല. വിദേശ താരങ്ങളായ റീസ് ടോപ്ലിയും ലോക്കി ഫെര്‍ഗൂസനുമെല്ലാം ഹൈദാരാബാദ് താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
ബാംഗ്ലൂര്‍ ബൗളര്‍മാരുടെ മോശം പ്രകടനത്തിനെതിര തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. ''ടോപ്ലി അടി വാങ്ങുന്നു, ലോക്കി ഫെര്‍ഗൂസന്‍ അടി വാങ്ങുന്നു. അവന്‍ ഐപിഎല്ലില്‍ നന്നായി കളിച്ചിട്ടേയില്ല. കൊല്‍ക്കത്തയില്‍ നിന്നുമാണ് ബാംഗ്ലൂരിലേക്ക് വരുന്നത്. വില്‍ ജാക്‌സ് ആയിരുന്നു അവരുടെ നല്ല ബൗളര്‍. ഇതിലും നല്ലത് അവര്‍ 11 ബാറ്റര്‍മാരെ ഇറക്കുന്നത്. ഫാഫ് ഡുപ്ലെസിസ് രണ്ട് ഓവര്‍ എറിയട്ടെ. കാമറൂണ്‍ ഗ്രീനിന് നാല് ഓവര്‍ കൊടുക്കൂ. നാല് ഓവര്‍ എറിഞ്ഞിരുന്നുവെങ്കില്‍ വിരാട് കോലി പോലും ഇത്രയും റണ്‍ വഴങ്ങില്ലായിരുന്നു എന്ന് തോന്നുന്നു. വിരാട് കോലി ഡീസന്റ് ബൗളറാണ്'' എന്നാണ് ശ്രീകാന്ത് പറഞ്ഞത്.
''ഒരു ഘട്ടത്തില്‍ എനിക്ക് കോലിയോട് സഹതാപം തോന്നി. സ്‌റ്റേഡിയത്തിന് പുറത്തേക്ക് പന്തുകള്‍ പറക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയത് ദേഷ്യത്തോടെയായിരുന്നു. ഹെഡ്ഡ് അവരെ പ്രഹരിക്കുകയായിരുന്നു, പിന്നാലെ ക്ലാസെനും. അബ്ദുല്‍ സമദിന്റെ പ്രകടനം അവരുടെ പെട്ടിയിലെ അവസാന ആണിയായിരുന്നു'' എന്നും ശ്രീകാന്ത് പറയുന്നുണ്ട്.
അതേസമയം ബാംഗ്ലൂര്‍ ബാറ്റര്‍മാര്‍ പൊരുതിയാണ് വീണത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 25 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും പ്രകടനത്തിനും ബാംഗ്ലൂരിനെ വിജയിപ്പിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. അതേസമയം യാതൊരു പ്ലാനുമില്ലാതെ ടൂര്‍ണമെന്റിനിറങ്ങിയ മാനേജുമെന്റിനേയും സ്‌ക്വട്ടിംഗ് ടീമിനേയുമാണ് താന്‍ കുറ്റപ്പെടുത്തുക എന്നും ശ്രീകാന്ത് പറയുന്നുണ്ട്. ഈ സീസണിലെ ആര്‍സിബിയുടെ റിക്രൂട്ടുകളായ കാമറൂണ്‍ ഗ്രീനും അല്‍സാരി ജോസഫും ഇതുവരേയും തിളങ്ങിയിട്ടില്ല.
തുടര്‍ച്ചയായ അഞ്ചാ പരാജയമായിരുന്നു കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. ഏഴ് മത്സരങ്ങളില്‍ നിന്നും ഒരെണ്ണം മാത്രമാണ് ബാംഗ്ലൂരിന് വിജയിക്കാന്‍ സാധിച്ചത്. ഇതോടെ പോയന്റ് ടേബിളില്‍ ഏറ്‌റവും അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. കെകെആറിനെതിരെ എപ്രില്‍ 21 നാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.