ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട്, പോയന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായി മുംബൈ ഇന്ത്യന്‍സ് സീസണ്‍ അവസാനിപ്പിക്കുന്നു. 14 മത്സരങ്ങളില്‍ നിന്നും മുംബൈയ്ക്ക് കണ്ടെത്താന്‍ സാധിച്ചത് നാല് മത്സരങ്ങള്‍ മാത്രമാണ്. സീസണ്‍ ആരംഭിക്കും മുമ്പ് ഒരിക്കല്‍ കൂടി മുംബൈ ഐപിഎല്‍ ചാമ്പന്യമാരി മാറുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യ നായകനായി തിരികെ വരുന്നുവെന്നും രോഹിത് ശര്‍മയ്ക്ക് നായകസ്ഥാനം നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത വലിയ വിവാദമായി മാറുകയും ചെയ്തു.
ടീമിലുണ്ടായ ഈ അപ്രതീക്ഷിത അഴിച്ചുപണിയടക്കം മുംബൈയുടെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും മുംബൈ ഇന്ത്യന്‍ ഒത്തൊരുമയോടെ ഒരു ടീമായി കളിക്കുന്നത് കണ്ടിട്ടില്ല. ആരാധകര്‍ നായകനെതിരെ തിരിഞ്ഞു. ഇതിനിടെ ടീമിനുള്ളില്‍ തന്നെ രണ്ട് ഗ്രൂപ്പുകള്‍ ഉടലെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷം മെഗാ ഓക്ഷനുണ്ട്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിനെ ലേലത്തിലൂടെ ഉരുവാക്കിയെടുക്കാനായിരിക്കും മുംബൈയുടെ ശ്രമം. അതുകൊണ്ട് തന്നെ നിലവിലെ സ്‌ക്വാഡില്‍ പലരേയും ഉപേക്ഷിക്കേണ്ടി വരും. അടുത്ത താരലേലത്തില്‍ മുംബൈ ഉപേക്ഷിക്കേണ്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ടിം ഡേവിഡ്
2022 ലെ ലേലത്തിലാണ് മുംബൈ ടിം ഡേവിഡിനെ തങ്ങളുടെ ടീമിലെത്തിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും 186 റണ്‍സാണ് ഇന്ന് ഡേവിഡ് നേടിയത്. പക്ഷെ കഴിഞ്ഞ സീസണില്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ അഭാവം നികത്തേണ്ട ഉത്തരവാദിത്തം ടിം ഡേവിഡിന് ലഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ടിം ഡേവിഡിന് സാധിച്ചതുമില്ല. 16 മത്സരങ്ങളില്‍ നിന്നും 231 റണ്‍സാണ് ടിം നേടിയത്. ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ തിരികെ വന്നതോടെ ടിം ഡേവിഡിന് അനുയോജ്യമായ സ്ഥാനം കണ്ടെത്താന്‍ ടീം മാനേജുമെന്റിന് സാധിക്കാതെ വന്നു. സ്പിന്നിനെതിരെ വലയുന്ന ഡേവിഡിനേയും കണ്ടു. തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടിം ഡേവിഡിനെ അടുത്ത വര്‍ഷം മുംബൈ ഉപേക്ഷിച്ചേക്കും.
മുഹമ്മദ് നബി
1.5 കോടിയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് മുഹമ്മദ് നബിയെ സ്വന്തമാക്കുന്നത്. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടറായ നബി ബാറ്റിംഗിലും മികവ് തെളിയിച്ച താരമാണ്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ തിളങ്ങാന്‍ നബിയ്ക്ക് സാധിച്ചിട്ടില്ല. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നും 35 റണ്‍സ് മാത്രമാണ് നബിയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ നബിയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അടുത്ത ലേലത്തില്‍ മുംബൈ ഇന്ത്യന്‍ മുഹമ്മദ് നബിയെ കൈ വിടുമെന്നാണ് കരുതപ്പെടുന്നത്.
ഷംസ് മുലാനി
2023 ലെ ലേലത്തിലാണ് മുംബൈ ഇന്ത്യന്‍ 20 ലക്ഷത്തിന് ഷംസ് മുലാനിയെ സ്വന്തമാക്കുന്നത്. എന്നാല്‍ സീസണില്‍ താരത്തിന് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ മുംബൈ നിരയിലെ സ്പിന്‍ ദൗര്‍ബല്യവും പിയുഷ് ചൗളയുടെ മോശം പ്രകടനവും ഈ സീസണിലും ഷംസ് മുലാനിയെ നിലനിര്‍ത്താന്‍ മുംബൈയെ പ്രേരിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് മത്സരങ്ങള്‍ ലഭിച്ചുവെങ്കലും അത് മുതലാക്കാന്‍ ഷംസിന് സാധിച്ചില്ല. എന്നാല്‍ പിയുഷ് ചൗളയെ തേടി വീണ്ടും അവസരമെത്തി. ഷംസ് മുലാനിയില്‍ മുംബൈയ്ക്ക് വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം താരത്തെ ഉപേക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്.
ക്വേന മഫാക
സൗത്ത് ആഫ്രിക്കന്‍ സെന്‍ഷേഷന്‍ മുംബൈയിലേക്ക് എത്തുന്നത് ദില്‍ഷന്‍ മദുഷാനകയുടെ പകരക്കാരനായിട്ടാണ്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസുവമായാണ് മഫാക വന്നത്. എന്നാല്‍ ഐപിഎല്ലില്‍ മഫാകയുടെ വിധി മറ്റൊന്നായിുരന്നു. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച മഫാക ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. മഫാകയെ പോലൊരു യുവതാരത്തെ നിലവിലെ സാഹചര്യത്തില്‍ ടീമില്‍ നിര്‍ത്തി വളര്‍ത്തിയെടുക്കാന്‍ മുംബൈ തയ്യാറാകുമെന്ന് തോന്നുന്നില്ല.
ലൂക്ക് വുഡ്
പകരക്കാരനായാണ് ലൂക്ക് വുഡും മുംബൈയിലെത്തുന്നത്. ഇംഗ്ലണ്ട് താരം വരുന്നത് ജേസണ്‍ ബെഹ്‌റഡോര്‍ഫിന് പകരക്കാരനായിട്ടായിരുന്നു. 50 ലക്ഷമായിരുന്നു ലൂക്ക് വുഡിന്റെ പ്രതിഫലം. പക്ഷെ ലൂക്കിന്റെ പ്രകടനം വളരെ മോശമായിരുന്നു. ബാറ്റര്‍മാര്‍ കണക്കിന് പ്രഹരിച്ചു. 15 ന് മുകളിലാണ് ലൂക്കിന്റെ ഇക്കണോമി. അടുത്ത സീസണില്‍ ബെഹ്‌റഡോര്‍ഫിനെ തിരികെ കൊണ്ടു വരാനും ലൂക്കിനെ ഉപേക്ഷിക്കാനുമായിരിക്കും മുംബൈയുടെ ചിന്ത.