ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമായ സൗരവ്വ് ഗാംഗുലി. പാണ്ഡ്യയെ ആരാധകര്‍ കൂവുന്നത് നിര്‍ത്തണമെന്നാണ് ഗാംഗുലി പറയുന്നത്. ഈ സീസണിന്റെ തുടക്കത്തിലായിരുന്നു പാണ്ഡ്യയെ മുംബൈ ഗുജറാത്തില്‍ നിന്നും തിരികെ കൊണ്ടു വരുന്നത്. രോഹിത് ശര്‍മയെ മാറ്റി പാണ്ഡ്യയെ നായകനാക്കിയാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.
ഈ തീരുമാനം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അന്ന് മുതല്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ആരാധകര്‍ പരസ്യമായി തന്നെ രംഗത്തെത്തി തുടങ്ങിയിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ പാണ്ഡ്യയെ ആരാധകര്‍ സ്വീകരിക്കുന്നത് കൂവലുകളും രോഹിത് ചാന്റുകളുമായിട്ടായിരുന്നു. സ്വന്തം ഗ്രൗണ്ടായ വാങ്കഡെയില്‍ പോലും ആരാധകരില്‍ നിന്നും പാണ്ഡ്യ അപമാനം നേരിട്ടു.

''എനിക്ക് തോന്നുന്നത് അവര്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂവരുതെന്നാണ്. അത് ശരിയല്ല. ഫ്രാഞ്ചൈസാണ് അവനെ നായകനായി നിയമിച്ചത്. സ്‌പോര്‍ട്‌സില്‍ അങ്ങനെ സംഭവിക്കും. ഇന്ത്യന്‍ ടീമിന്റെ നായകനായാലും സംസ്ഥാനത്തിന്റെ ക്യാപ്റ്റന്‍ ആയാലും ഫ്രാഞ്ചൈസിന്റെ നായകന്‍ ആയാലും, നിങ്ങളെ ക്യാപ്റ്റനായി നിയമിക്കുകയാണ്. തന്നെ നായകനായി നിയമിച്ചുവെന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റല്ല. അത് എല്ലാവരും മനസിലാക്കണം'' എന്നാണ് ദാദ പറയുന്നത്.
അതേസമയം രോഹിത് ശര്‍മയെ പ്രശംസിക്കാനും സൗരവ്വം ഗാംഗുലി മറക്കുന്നില്ല. ''രോഹിത് ശര്‍മ വേറെ തന്നെ ക്ലാസാണ്. തന്റെ ടീമിന് വേണ്ടിയും ഇന്ത്യയ്ക്ക് വേണ്ടിയും അദ്ദേഹത്തിന്റെ പ്രകടനം, നായകന്‍ എന്ന നിലയിലും താരം എന്ന നിലയിലും വേറെ തലത്തിലുള്ളതാണ്'' എന്നാണ് മുംബൈയുടെ മുന്‍ നായകനെക്കുറിച്ച് ഗാംഗുലി പറഞ്ഞത്.
കഴിഞ്ഞ ദിവസം മുംബൈയുടെ വാങ്കഡെയിലെ മത്സരത്തില്‍ ഹാര്‍ദിക് ടോസിനായി വന്നപ്പോള്‍ ആരാധകര്‍ താരത്തെ കൂവി വിളിച്ചിരുന്നു. ഒപ്പം രോഹിത് ചാന്റുകളും അവര്‍ മുഴക്കിയിരുന്നു. ഇതോടെ പ്രസന്ററായിരുന്ന സഞ്ജയ് മഞ്ചരേക്കര്‍ക്ക് ആരാധരോട് മര്യാദ കാണിക്കാന്‍ ആവശ്യപ്പെടേണ്ടി വരികയും ചെയ്തിരുന്നു. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ ആരാധകരുടെ അധിക്ഷേപം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
അഞ്ച് വട്ടം തങ്ങളെ ഐപിഎല്‍ ജേതാക്കളാക്കിയ രോഹിത് ശര്‍മയെ നായക സ്ഥാനത്തു നിന്നും മാറ്റിയതിനെ അമര്‍ഷത്തോടെയാണ് മുംബൈ ആരാധകര്‍ കാണുന്നത്. നേരത്തെ മുംബൈയുടെ താരമായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ട ശേഷം നടത്തിയ ചില പരാമര്‍ശങ്ങളും ഈ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. അതേസമയം മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തുടക്കവും പാളിയിരുന്നു. കളിച്ച മൂന്ന് കളികളും മുംബൈ പരാജയപ്പെടുകയായിരുന്നു.
നാളെയാണ് മുംബൈയും ഡല്‍ഹിയും തമ്മിലുള്ള മത്സരം. മുംബൈയ്ക്ക് നാളത്തെ മത്സരം ജയിച്ച് തിരികെ വരേണ്ടത് വളരെ നിര്‍ണായകമാണ്. നിലവില്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് മുംബൈയുടെ സ്ഥാനം. നായകനായി ഗുജറാത്തിനെ ചാമ്പ്യന്മാരാക്കിയ ഹാര്‍ദിക്കിന് തന്നെ വളര്‍ത്തിയ ടീമിനെ വീണ്ടും കിരീടമണിയിക്കാന്‍ സാധിച്ചാല്‍ ഇപ്പോഴുള്ള വിമര്‍ശനങ്ങളൊക്കെ കെട്ടടങ്ങും.