IPL 2024: പാണ്ഡ്യയല്ല പ്രതി, കുറ്റക്കാര്‍ മുംബൈ ഉടമകള്‍; രോഹിത്തിനോട് ചെയ്തതും തെറ്റ്; മുന്‍ പാക് താരം
മുംബൈ: സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണിന്റെ തുടക്കത്തില്‍ മുംബൈ തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറേക്കൂടി മോശമായിരിക്കുകയാണ്. മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ സീസണാണിത്. നേരത്തെ തന്നെ ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത് വിവാദമായി മാറിയിരുന്നു.
പിന്നാലെ മൂന്ന് മത്സരങ്ങളും കൈവിട്ടതോടെ മുംബൈ നായകന്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ നായകനാക്കിയതിനെതിരെ ടീമിന് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ടീമിലെ പലരും ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ പ്രതികരണവുമായി മുന്‍ പാക്കിസ്ഥാന്‍ നായകന്‍ റാഷിദ് ലത്തീനഫ് രംഗത്ത് എത്തിയിരിക്കുകയാണ്. മുംബൈ ടീം ഉടമകള്‍ക്കെതിരെയാണ് ലത്തീഫ് രംഗത്തെത്തിയിരിക്കുന്നത്. ''അതൊരു മിസ്മാച്ചായിരുന്നു. അവരുടെ മോശം പ്രകടനം മൈതാനത്തിലെ പ്രകടനത്തിന്റെ പ്രശ്‌നമല്ല, മറിച്ച് ടീമിന്റെ മാനസികാവസ്ഥയാണ് കാരണം. അവരുടെ ഉടമകളുടെ മാനസികാവസ്ഥയും പ്രതിഫലിക്കുന്നുണ്ട്'' എന്നാണ് ലത്തീഫ് യൂട്യൂബ് ഷോയില്‍ പറഞ്ഞത്.
''മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളെടുത്ത തീരുമാനമായിരുന്നു മാര്‍ക്ക് ബൗച്ചറേയും മലിംഗയേയും കീറോണ്‍ പൊള്ളാര്‍ഡിനേയും നിയമിച്ചത്. അതൊരു വലിയ സംഘം തന്നെയാണ്. പക്ഷെ നോ പറയാനുള്ള ശക്തിയുളള ആരും അവിടെയില്ല. യെസ് ബോസ് എന്ന് പറയുന്ന ഒരുപാട് പേരെയാണ് കണ്ടെത്തിയത്. പക്ഷെ നോ പറയാന്‍ ധൈര്യം കാണിക്കുന്നവരാണ് വിജയിക്കുക'' എന്നാണ് ലത്തീഫ് പറഞ്ഞത്.
''പിസിഎല്ലിലും, ഉടമകള്‍ തങ്ങളുടെ കരുത്ത് കാണിക്കുന്നുണ്ട്. അത് തന്നെയാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും കാണുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തീരുമാനം തെറ്റായിരുന്നു. കുറഞ്ഞപക്ഷം ഇപ്പോഴത്തേക്കെങ്കിലും. അവര്‍ രോഹിത് ശര്‍മയെ നീക്കം ചെയ്ത രീതിയും ശരിയായിരുന്നില്ല'' എന്നും ലത്തീഫ് തുറന്നടിച്ചു.
നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. ഇതിനിടെയാണ് ലത്തീഫിന്റെ പ്രതികരണവും വരുന്നത്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ മാറ്റി ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടു വരാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ മുംബൈ ആരാധകര്‍ തയ്യാറായിട്ടില്ല. ഹാര്‍ദിക്കിനെ കൂവിവിളിച്ചാണ് മുംബൈ ആരാധകര്‍ തങ്ങളുടെ അമര്‍ഷം അറിയിക്കുന്നത്.
അതേസമയം, സീസണിലെ തങ്ങളുടെ ആദ്യത്തെ ഹോം മത്സരമാണ് ഇന്നലെ മുംബൈ കളിച്ചത്. ആദ്യ രണ്ട് കളിയും മുംബൈ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ മുംബൈയുടെ വിജയം ആരാധകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടീം കനത്ത പരാജയമാണ് രാജസ്ഥാനോട് വഴങ്ങിയത്. ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ചാഹലും മൂന്ന് വിക്കറ്റുകളും നേടി. 34 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications