മികച്ച രീതിയിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ താളം കണ്ടെത്താനാകാതെ വലയുന്ന ചെന്നൈയെയാണ് കണ്ടത്. ഒടുവിലായി കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പോലും പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ച് വിജയങ്ങളും അഞ്ച് പരാജയങ്ങളുമുള്ള ചെന്നൈ പോയന്റ് ടേബിളിലും അഞ്ചാം സ്ഥാനത്താണുള്ളത്.
ചെന്നൈയ്ക്ക് ഇനിയുള്ള നാല് കളികളില്‍ മൂന്നെണ്ണത്തിലെങ്കിലും വിജയം കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമാണ് പ്ലേ ഓഫിലേക്ക് എത്താന്‍ സാധിക്കുക. ചെപ്പോക്കില്‍ ആര്‍സിബിയേയും ജിടിയേയും പരാജയപ്പെടുത്തിയാണ് ചെന്നൈ സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ എവെ മത്സരങ്ങളില്‍ ഡിസിയോടും എസ്ആര്‍എച്ചിനോടും ചെന്നൈ പരാജയപ്പെട്ടു. തുടര്‍ന്ന് കെകെആറിനേയും മുംബൈയേയും പരാജയപ്പെട്ടുത്തി തിരികെ വരാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

എന്നാല്‍ പിന്നാലെ ലഖ്‌നൗവിനോട് രണ്ട് വട്ടം പരാജയപ്പെട്ട ചെന്നൈ ഒടുവില്‍ പഞ്ചാബിന് മുന്നിലും അടയറവ് പറഞ്ഞു. നിലവില്‍ പതിനാറ് പോയന്റുകളുമായി പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍. ഇതോടെ ഒഴിവുള്ളത് മൂന്ന് സ്ഥാനങ്ങളാണ്. രണ്ടാമതുള്ള കെകെആറിന് അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം മാത്രം കണ്ടെത്തിയാല്‍ മതി പ്ലേ ഓഫ് യോഗ്യത നേടാന്‍. മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് ലഖ്‌നൗവും എസ്ആര്‍എച്ചുമാണ്. 12 പോയന്റുള്ള ഇരു ടീമുകള്‍ക്കും ബാക്കിയുള്ള നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം കണ്ടെത്തിയാല്‍ മതിയാകും.
പോയന്റ് ടേബളില്‍ നാലാം സ്ഥാനക്കാര്‍ ആരാവും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ ടീമുകള്‍ക്കുള്ളില്‍ ഇതിനായുള്ള മത്സരം ശക്തമാണ്. ഹൈദരാബാദ് ലഖ്‌നൗവിനെ പരാജയപ്പെടുത്തിയാല്‍ പിന്നീടുള്ള മത്സരം ലഖ്‌നൗവും ചെന്നൈയും തമ്മിലാകും. എസ്ആര്‍എച്ചിനെ സംബന്ധിച്ച് ലഖ്‌നൗവിനോട് പരാജയപ്പെട്ടാലും ബാക്കിയുള്ള ഹോം മത്സരങ്ങളില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അത് അവരെ മൂന്നാം സ്ഥാനക്കാര്‍ ആക്കിയേക്കും. എന്നാല്‍ എസ്ആര്‍എച്ചിനെ നേരിടും മുമ്പ് ലഖ്‌നൗ കെകെആറിനെ പരാജയപ്പെടുത്തിയാല്‍ സമവാക്യം മാറും.
ചെന്നൈയ്ക്ക് മുന്നിലുള്ള പ്രതിസന്ധികളിലൊന്ന് സ്വന്തം തട്ടകത്തില്‍ ഇനിയാകെ ബാക്കിയുള്ളത് ഒരു മത്സരം മാത്രമാണെന്നതാണ്. അത് മിന്നും ഫോമിലുള്ള രാജസ്ഥാനെതിരെയാണ്. പിന്നീട് പഞ്ചാബ്, ഗുജറാത്ത്, ബാംഗ്ലൂര്‍ ടീമുകളെ എവെ മാച്ചുകളിലാണ് ചെന്നൈയ്ക്ക് നേരിടേണ്ടതുള്ളത്. ഈ സീസണില്‍ ചെന്നൈയുടെ എവെ മാച്ചുകളുടെ ഫലങ്ങള്‍ ഒട്ടും നല്ലതല്ല. മുംബൈയ്‌ക്കെതിരെ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്.
ചെന്നൈ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാറ്റര്‍മാര്‍ നായകന്‍ റുതുരാജ് ഗെയ്ഗ്വാദും ശിവം ദൂബെയുമാണ്. ബൗളിംഗില്‍ മുസ്തഫിസൂര്‍ റഹ്‌മാനും മതീഷ പതിരണയുമാണ് ഫോമിലുള്ളത്. റഹ്‌മാന്‍ ദേശീയ ടീമിനൊപ്പം ചേരാന്‍ വേണ്ടി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ചെറിയ പരുക്കിനെ തുടര്‍ന്ന് അടുത്ത മത്സരത്തില്‍ പതിരണ കളിക്കാനുള്ള സാധ്യതയും ആശങ്കയിലാണ്. ജഡേജ ഫോമിലുമല്ല. ഇതോടെ ചെന്നൈയുടെ ബൗളിംഗ് ദുര്‍ബലമാകുമെന്നതില്‍ സംശയമില്ല. എല്ലാ മത്സരങ്ങളിലും റുതുരാജും ദൂബെയും സ്‌കോര്‍ ചെയ്യുമെന്ന് വിശ്വസിക്കാനും സാധിക്കില്ല. ഇരുവരും പരാജയപ്പെടുന്നിടത്ത് ചെന്നൈ വെള്ളം കുടിക്കേണ്ടി വരും.
ചെന്നൈയെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മത്സര ഷെഡ്യൂളും മറ്റ് ടീമുകളുട ഫോമും തങ്ങളുടെ താരങ്ങളുടെ മോശം ഫോമുമെല്ലാം അവരുടെ മുന്നോട്ടുള്ള യാത്രയെ ആശങ്കയിലാക്കുന്നതാണ്. മുന്നിലുള്ള മത്സരങ്ങളില്‍ പരമാവധി വിജയം സ്വന്തമാക്കുക മാത്രമാണ് ഇപ്പോള്‍ ചെന്നൈയ്ക്ക് മുന്നിലെ ലക്ഷ്യം.