മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് എല്ലാം കൊണ്ടും മറക്കേണ്ട ഒരു സീസണ്‍ ആയിരുന്നു ഇത്. ടീമിന്റെ മോശം പ്രകടനം മാത്രമല്ല ടീമിനുള്ളിലെ അഭിപ്രായ ഭിന്നതയും മാനേജ്‌മെന്റിനോട് ആരാധകര്‍ക്കുള്ള വിയോജിപ്പുമെല്ലാം മറനീക്കി പുറത്ത് വന്ന സീസണ്‍. എട്ട് പോയന്റുകള്‍ മാത്രം നേടി പോയന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സീസണ്‍ അവസാനിപ്പിച്ചത്.
ഇതിനിടെ ഇപ്പോഴിതാ മുംബൈയുടെ പരാജയത്തിന്റെ കാരണം എന്താണെന്ന് പറയുകയാണ് മുന്‍ മുംബൈ താരം കൂടിയായ ഹര്‍ഭജന്‍ സിംഗ്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ നായകനാക്കി തിരികെ കൊണ്ടു വരാനുള്ള തീരുമാനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത് എന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യയെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും ഗുജറാത്തിനെ വിജയകരമായി രണ്ട് സീസണുകളിലും നയിച്ചതാണ് പാണ്ഡ്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പകരം ഹര്‍ഭജന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ടീമിലെ മുതിര്‍ന്ന താരങ്ങളെയാണ്. നായകന്‍ ആരു തന്നെ ആയിരുന്നാലും ടീമിന്റെ ഒത്തൊരുമ നിലനിര്‍ത്തേണ്ടത് മുതിര്‍ന്ന താരങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
''എംഐ വലിയൊരു ടീമാണ്. അങ്ങനെയാണ് അവര്‍ കളിച്ചിട്ടുള്ളതും. മികച്ച മാനേജ്‌മെന്റാണ്, ടീമിനെ നന്നായി കൊണ്ടു പോകുന്നുമുണ്ട്. പക്ഷെ ഈ തീരുമാനം തിരിച്ചടിച്ചു. ചിലപ്പോള്‍ ഭാവിയെക്കുറിച്ചാകും അവര്‍ ചിന്തിച്ചത്. എന്നാലത് ടീമിന് അംഗീരിക്കാനായില്ലെന്നും ടീമിന്റെ ഒരുമയെ തകര്‍ത്തുവെന്നും തോന്നുന്നു. അത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. ഇത്ര വലിയൊരു ടീം, എന്റെ ടീം ഇത്ര മോശം അവസ്ഥ നേരിടുന്നത് കാണുന്നത് വേദനിപ്പിക്കുന്നു'' ഹര്‍ഭജന്‍ പറയുന്നു.
''ചിലപ്പോള്‍ ആ തീരുമാനം എടുത്ത സമയം തെറ്റായതാകാം. ഒരു വര്‍ഷം കഴിഞ്ഞായിരുന്നുവെങ്കില്‍ നന്നായേനെ. ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റല്ല. അവന്‍ ഗുജറാത്തിനെ നന്നായി തന്നെ നയിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ ആരാണെങ്കിലും ശരി ടീമിന്റെ ഒത്തൊരുമ മുതിര്‍ന്ന താരങ്ങളുടെ ഉത്തരവാദിത്തമാണ്. ക്യാപ്റ്റന്മാര്‍ വരും പോകും. അവര്‍ ഒരു ടീമായിട്ടല്ല കളിച്ചത്' എന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് ഗുജറാത്തിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ ചാമ്പ്യന്മാരാക്കാനും അടുത്ത സീസണിലും ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ സ്വന്തം തട്ടകമായ മുംബൈയിലേക്ക് മടങ്ങി വരുമ്പോള്‍ വലിയൊരു സ്വീകരണമാണ് ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ചത്. എന്നാല്‍ കയ്യടികള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം കൂവലും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക് പാണ്ഡ്യയെ വരവേറ്റത്.
മുംബൈയുടെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളിലുള്‍പ്പടെ ആരാധകര്‍ പാണ്ഡ്യയെ കൂവി വിളിക്കുന്നത് ഈ സീസണിലെ പതിവ് കാഴ്ചയായിരുന്നു. കളത്തിന് പുറത്തെ ഈ വിമര്‍ശനങ്ങള്‍ പാണ്ഡ്യയുടെ പ്രകടനത്തേയും സാരമായി ബാധിച്ചു. ബാറ്ററായും ബൗളറായും ഈ സീസണില്‍ പാണ്ഡ്യയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. രോഹിത്തിനെ നായക സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം മുംബൈയുടെ ആരാധകരില്‍ നിന്ന് മാത്രമല്ല താരങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. മുംബൈ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.