IPL 2022: ഗബ്ബാറിനെ ഡല്‍ഹി കൈവിട്ടു, ധവാന്റെ തിരിച്ചുവരവ് പഴയ തട്ടകത്തിലേക്കോ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം നടക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. റിഷഭ് പന്ത് നായകനായി തുടരുമ്പോള്‍ ഇന്ത്യക്കാരായി അക്ഷര്‍ പട്ടേലും പൃഥ്വി ഷായും ഒപ്പമുണ്ട്. വിദേശ താരമായി ആന്‍ റിച്ച് നോക്കിയേയെയാണ് റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി നിലനിര്‍ത്തുന്നത്. പേസ് നിരയില്‍ സൂപ്പര്‍ പേസര്‍ കഗിസോ റബാദ പുറത്തായപ്പോള്‍ ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി.
അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനം നടത്തിയിട്ടും ധവാന്റെ പ്രായം പരിഗണിച്ച് ഡല്‍ഹി കൈവിട്ടിരിക്കുകയാണ്. അവസാന മൂന്ന് സീസണിലും 500ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ധവാനായിരുന്നു. 35കാരനായ ധവാന്റെ പുതിയ തട്ടകമേതെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. അനുഭവസമ്പന്നനായ ഓപ്പണറാണെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് കുറവാണ്.
ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാനെ നിലനിര്‍ത്തുന്നത് നഷ്ട കച്ചവടമാണെങ്കിലും അദ്ദേഹത്തിന്റെ സമീപകാല ഫോം കണക്കിലെടുത്താല്‍ ആവിശ്യക്കാരേറെയുണ്ടാവാനാണ് സാധ്യത. പല ടീമുകളും നായകസ്ഥാനത്തേക്ക് ധവാനെ പരിഗണിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. ധവാനെ നായകനായി പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പഞ്ചാബ് കിങ്‌സ്
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുനസരിച്ച് പഞ്ചാബ് കിങ്‌സ് ഒരു താരത്തെപ്പോലും നിലനിര്‍ത്തുന്നില്ല. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത പഞ്ചാബ് വലിയ അഴിച്ചുപണിക്കാണ് തയ്യാറെടുക്കുന്നത്. കെ എല്‍ രാഹുല്‍ നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പഞ്ചാബിന് പുതിയൊരു നായകനെ അത്യാവശ്യമാണ്. അവസാന സീസണില്‍ പ്ലേ ഓഫ് പോലും കാണാനാവാത്ത പഞ്ചാബിന്റെ നായകസ്ഥാനത്തേക്ക് ധവാന്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഐപിഎല്ലില്‍ നായകനായി അനുഭവസമ്പത്തുള്ള ധവാന്‍ ഇന്ത്യന്‍ ടീമിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ക്യാപ്റ്റന്‍സിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്. ഇന്ത്യയിലാണ് ഇത്തവണത്തെ ഐപിഎല്ലെന്നതിനാല്‍ ധവാനെ പഞ്ചാബ് നായകനായി പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.

ടീം ലഖ്‌നൗ
ഇത്തവണ ഐപിഎല്ലിലേക്കെത്തുന്ന ടീമാണ് ലഖ്‌നൗ. ടീമിന്റെ പേര് പുറത്തുവിട്ടിട്ടില്ല. പുതിയതായി എത്തുന്ന ടീമെന്ന നിലയില്‍ അനുഭവസമ്പന്നനായ താരത്തെ തന്നെ അവര്‍ക്ക് നായകസ്ഥാനത്തേക്ക് വേണ്ടതാണ്. അങ്ങനെയാണെങ്കില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ധവാന്‍. മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ പുതിയ ടീമുകള്‍ക്ക് സ്വന്തമാക്കാനാവുമെന്നതിനാല്‍ ധവാനെ വലിയ ചിലവില്ലാതെ ടീമിലെത്തിക്കാന്‍ ലഖ്‌നൗവിനാവും. 2016-2017ലും സിഎസ്‌കെയുടെ അഭാവത്തില്‍ കളിച്ച ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളാണ് ഇത്തവണ ലഖ്‌നൗവിന്റെ ഉടമകളായുള്ളത്. ഓപ്പണറെന്ന നിലയിലേക്കും ക്യാപ്റ്റനെന്ന നിലയിലേക്കും ലഖ്‌നൗ ധവാനെ പരിഗണിക്കാന്‍ സാധ്യതകളുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അവസാന സീസണിലെ അവസാന സ്ഥാനക്കാരായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. നിലവില്‍ കെയ്ന്‍ വില്യംസനാണ് ടീമിന്റെ നായകന്‍. എന്നാല്‍ വില്യംസന് പ്രതീക്ഷിച്ച പ്രകടനം നായകനായി ഐപിഎല്ലില്‍ കാട്ടാനായിട്ടില്ല. വില്യംസണെയും റാഷിദ് ഖാനെയും ഒരുമിച്ച് നിലനിര്‍ത്താന്‍ ഹൈദരാബാദിന് പ്രയാസമുണ്ട്. അതിനാല്‍ റാഷിദിനെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ പുതിയ നായകനെ ഹൈദരാബാദിന് ആവിശ്യമായി വരും.
നേരത്തെ ഹൈദരാബാദിനുവേണ്ടി കളിക്കുകയും നായകനാവുകയും ചെയ്തിട്ടുള്ള താരമാണ് ധവാന്‍. സ്വന്തം ഇഷ്ടപ്രകാരം ഡല്‍ഹിയിലേക്ക് മാറിയ ധവാന്‍ പഴയ തട്ടകമായ ഹൈദരാബാദിന്റെ നായകനായി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 192 ഐപിഎല്ലില്‍ നിന്ന് രണ്ട് സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയുമടക്കം 5783 റണ്‍സ് നേടിയിട്ടുള്ള ധവാന്‍ വീണ്ടും ഹൈദരാബാദിനായി എത്തുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications