IPL 2022: ഹൈദരാബാദ് വിട്ടിട്ട് അഞ്ച് വര്‍ഷം, ഇത്തവണ തിരിച്ചെത്തിയേക്കും, മൂന്ന് താരങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. നിലവിലെ എട്ട് ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തുവിട്ട് കഴിഞ്ഞു. മുംബൈ, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയും രാജസ്ഥാന്‍, ഹൈദരാബാദ്, ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതവുമാണ് നിലനിര്‍ത്തിയത്.
ഇതോടെ നിരവധി സൂപ്പര്‍ താരങ്ങളാണ് മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് മൂന്ന് താരങ്ങളെ വീതം പുതിയ ടീമുകള്‍ നിലനിര്‍ത്താനുണ്ട്. അങ്ങനെയായാലും നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലുണ്ടാവും. പല ടീമുകളും വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതിനാല്‍ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍ എന്നീ രണ്ട് വമ്പന്മാരെയാണ് നഷ്ടമായിരിക്കുന്നത്.
പുതിയ സീസണില്‍ വലിയ താരനിരയെത്തന്നെ ഹൈദരാബാദിന് ആവിശ്യമാണ്. കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദ് നിലനിര്‍ത്തിയ സൂപ്പര്‍ താരം. മറ്റ് രണ്ട് പേര്‍ യുവതാരങ്ങളാണ്. ഹൈരദാബാദ് വിട്ടിട്ട് അഞ്ച് വര്‍ഷത്തറിലേറെയാവുകയും എന്നാല്‍ ഇത്തവണ മെഗാ ലേലത്തിലൂടെ ഹൈദരാബാദിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്വിന്റന്‍ ഡീകോക്ക്
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്ക് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. പരിചയസമ്പന്നനായ താരം കൂടിയ അദ്ദേഹം അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. എന്നാല്‍ മുംബൈ മെഗാ ലേലത്തിന് മുമ്പ് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ സീസണില്‍ ഡീകോക്ക് പുതിയ തട്ടകത്തിലായിരിക്കുമെന്നുറപ്പ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡീകോക്കിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. 2013ല്‍ ഹൈദരാബാദിനൊപ്പമുണ്ടായിരുന്ന താരമാണ് ഡീകോക്ക്. മൂന്ന് മത്സരം മാത്രം ടീമിനൊപ്പം കളിച്ച അദ്ദേഹം ആറ് റണ്‍സാണ് നേടിയത്. അന്ന് യുവതാരമായിരുന്ന ഡീകോക്കിന് പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീമിന് നെടുന്തൂണാവാന്‍ കെല്‍പ്പുള്ള താരമാണ് ഡീകോക്ക്. അതുകൊണ്ട് തന്നെ മുന്‍ താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ ഹൈദരാബാദ് ശ്രമിച്ചേക്കും.

ക്രിസ് ലിന്‍
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ക്രിസ് ലിന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ലിന്‍ മുംബൈയിലെത്തിയെങ്കിലും അധികം അവസരം ലഭിച്ചില്ല. സീനിയര്‍ താരമെന്ന നിലയില്‍ ഹൈദരാബാദ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് ലിന്‍. നേരത്തെ ഹൈദരാബാദിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 2014 സീസണിലാണ് ലിന്നിനെ ഹൈദരാബാദ് ഒഴിവാക്കിയത്. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ഇല്ലാത്തതിന്റെ വിടവ് ക്രിസ് ലിന്നിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദുള്ളത്.

അമിത് മിശ്ര
റാഷിദ് ഖാന്റെ അഭാവം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നികത്താനാവാത്ത വിടവാണ്. 12 കോടി ഓഫര്‍ ചെയ്തിട്ടും റാഷിദ് ഖാന്‍ ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു. റാഷിദിന്റെ അഭാവം നികത്താന്‍ മികച്ച സ്പിന്നറെ ഹൈദരാബാദിന് ആവിശ്യമാണ്. സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയെയാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ മിശ്ര ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറാണ്. 2013ല്‍ ഹൈദരാബാദിന്റെ ഭാഗമായിരുന്ന മിശ്ര 6.35 ഇക്കോണമിയില്‍ 21 വിക്കറ്റും നേടിയിരുന്നു. മുന്‍ താരത്തെ ടീമിലെത്തിക്കുന്നത് ഹൈദരാബാദിന് നേട്ടമുണ്ടാക്കിയേക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന സ്പിന്നര്‍മാരിലൊരാളാണ് അമിത്. മൂന്ന് തവണ ഐപിഎല്ലില്‍ ഹാട്രിക് വിക്കറ്റ് നേടിയ ഏക ബൗളറാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications