ഈ സീസണില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ചതിനാല്‍ തന്നെ അടുത്ത സീസണില്‍ വലിയ അഴിച്ചു പണിയൊന്നും ടൈറ്റന്‍സ് ടീമില്‍ വരാന്‍ സാധ്യതയില്ല. നിലവിലെ സ്ക്വാഡിലെ ഭൂരിഭാഗം പേരെയും അവര്‍ നിലനിര്‍ത്തും. ചുരുക്കം ചിലരെ മാത്രമേ ജിടി കൈവിടാന്‍ സാധ്യതയുള്ളൂ. മിനി ലേലമായിരിക്കും അടുത്ത സീസണിനു മുമ്പ് നടക്കുക. ഈ ലേലത്തില്‍ ചില പ്രമുഖ വിദേശ താരങ്ങളെ ടീമിലെത്തിക്കാന്‍ ടൈറ്റന്‍സ് ശ്രമിച്ചേക്കും. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.
സ്റ്റീവ് സ്മിത്ത്
കഴിഞ്ഞ മെഗാ ലേലത്തില്‍ ആരും വാങ്ങാതെ പോയ ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിലേക്കു വരാനിടയുള്ള ഒരു വിദേശ താരം. ഈ സീസണില്‍ ജിടിയുടെ ഏറ്റവും വലിയ വീക്കനെസ് മികച്ചൊരു മൂന്നാം നമ്പര്‍ ബാറ്ററുടെ അഭാവമാണ്. അടുത്ത സീസണില്‍ ഈ കുറവ് നികത്താന്‍ ജിടി ശ്രമിക്കുമെന്നുറപ്പാണ്.
മാത്യു വേഡ്, വിജയ് ശങ്കര്‍, ബി സായ് സുദര്ശന് തുടങ്ങിയവരെയെല്ലാം മൂന്നാം നമ്പറില്‍ ടൈറ്റന്‍സ് പരീക്ഷിച്ചു നോക്കിയെങ്കിലും ആര്‍ക്കും ഈ റോളില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. മൂന്നു പേരില്‍ സായ് സുദര്‍ശനെ ജിടി നിലനിര്ത്തിയേക്കുേം. മറ്റു രണ്ടു പേരെയും ഒഴിവാക്കാനാണ് സാധ്യത. മൂന്നാം നമ്പറിലേക്കു ടൈറ്റന്‍സിനു ധൈര്യമായി പരീക്ഷിക്കാവുന്ന താരമാണ് സ്മിത്ത്. വളരെയധികം അനുഭവസമ്പത്തുള്ള അദ്ദേഹത്തിനു ജിടിക്കായി മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ സാധിക്കും.
ഡേവിഡ് മലാന്
ടി20യിലെ മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററും ഇംഗ്ലണ്ട് താരവുമായ ഡേവിഡ് മലാനാണ് ഗുജറാത്ത് ടൈറ്റന്‍സ് അടുത്ത സീസണില്‍ ലക്ഷ്യമടാന് സാധ്യതയുള്ള മറ്റൊരു താരം. മൂന്നാം നമ്പറില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ മലാനു സാധിക്കും. ഇംഗ്ലണ്ടിനായി ഈ പൊസിഷനില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു.
നേരത്തേ പഞ്ചാബ് കിങ്സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് മലാന്. പക്ഷെ പഞ്ചാബില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ അടുത്ത സീസണില്‍ ടൈറ്റന്‍സിനൊപ്പം ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ മലാനു സാധിക്കും.
മാര്‍നസ് ലബ്യുഷെയ്ന്
ഓസ്ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്നാണ് ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം നമ്പറിലേക്കു കൊണ്ടു വരാന്‍ സാധ്യതയുള്ള മറ്റൊരു താരം. സ്മിത്ത്, മലാന് എന്നിവരേക്കാള്‍ കുറച്ചൂകൂടി ചെറുപ്പമുളള ബാറ്ററെയാണ് ജിടി നോട്ടമിടുന്നതെങ്കില്‍ ലബ്യുഷെയ്നെ പരിഗണിക്കാം.
ടെസ്റ്റ് ക്രിക്കറ്റിലാണ് താരം ഏറ്റവും മികച്ച പ്രകടനം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ബാറ്റിങിനൊപ്പം പാര്‍ട്ട് ടൈം ബൗളറായി ബൗളിങിലും സംഭാവന ചെയ്യാന്‍ ലബ്യുഷെയ്നു സാധിക്കും. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ജിടി അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്.