വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലിയും മാക്‌സ്‌വെല്ലും കസറി, ഗുജറാത്തിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ആര്‍സിബി

മുന്‍ ആര്‍സിബി നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ കോലിക്ക് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല

1

മുംബൈ: പ്ലേ ഓഫ് സീറ്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ആര്‍സിബി. എട്ട് വിക്കറ്റിനാണ് ഫഫ് ഡുപ്ലെസിസും സംഘവും ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ (62*) അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുടെയും (34) റാഷിദ് ഖാന്റെയും (19) പ്രകടനമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും ഗ്ലെന്‍ മാക്‌സ് വെല്‍, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ആര്‍സിബി എട്ട് പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്.

വിരാട് കോലി (73), ഫഫ് ഡുപ്ലെസിസ് (44), ഗ്ലെന്‍ മാക്‌സ് വെല്‍ (40*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ആര്‍സിബിക്ക് ജയം എളുപ്പമാക്കിയത്. ജയത്തോടെ 14 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്തേക്കെത്തി. എന്നാല്‍ 21ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ണ്ണായകമാവും. ഡല്‍ഹി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാം. ഡല്‍ഹി മുംബൈയെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാനാവും. ഗുജറാത്തും ലഖ്‌നൗവും പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ രാജസ്ഥാനും പ്ലേ ഓഫിന് തൊട്ടടുത്താണ്. നിലവില്‍ അവര്‍ 13 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

1

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ സിദ്ധാര്‍ത്ഥ് കൗളിനെ 14 റണ്‍സടിച്ച് വൃദ്ധിമാന്‍ സാഹ തുടങ്ങിയെങ്കിലും മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ക്യാച്ചിലായിരുന്നു മടക്കം. മൂന്നാമനായി ക്രീസിലെത്തിയ മാത്യു വേഡ് (13 പന്തില്‍ 16) പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്ലിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. രണ്ട് ഫോറും ഒരു സിക്‌സുമാണ് വേഡ് നേടിയത്.

വേഡിന്റെ പുറത്താകല്‍ ചില ആശയക്കുഴപ്പവും ഉണ്ടാക്കി. മാക്‌സ് വെല്ലിന്റെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വേഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

1

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി തേര്‍ഡ് അംപയറുടെ പരിശോധനയില്‍ അല്‍ട്രാ എഡ്ജ് കാണുന്നില്ല. ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അംപയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവെച്ചു. ഇത് വേഡിനെ തീര്‍ത്തും നിരാശനാക്കി. ഡ്രസിങ് റൂമിലെത്തി ബാറ്റും പന്തും വലിച്ചെറിഞ്ഞാണ് വേഡ് കലിപ്പ് തീര്‍ത്തത്.

ഒരു വശത്ത് വൃദ്ധിമാന്‍ സാഹ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. കരുതലോടെ കളിച്ച സാഹ 22 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. ഇല്ലാത്ത റണ്‍സിന് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ശ്രമിച്ചപ്പോള്‍ ഫഫ് ഡുപ്ലെസിസിന്റെ ഡയറക്ട് ത്രോയില്‍ സാഹക്ക് മടക്ക ടിക്കറ്റ്. നാല് ഫോറും ഒരു സിക്‌സുമാണ് സാഹ നേടിയത്. റണ്ണൗട്ടായതിനാല്‍ത്തന്നെ കടുത്ത നിരാശയോടെയാണ് അദ്ദേഹം മടങ്ങിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേര്‍ന്ന് പതിയെ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 61 റണ്‍സിന്റെ കൂട്ടുകെട്ടില്‍ നില്‍ക്കവെ ഡേവിഡ് മില്ലറെ വനിന്‍ഡു ഹസരങ്ക പുറത്താക്കി. 25 പന്തില്‍ മൂന്ന് സിക്‌സര്‍ നേടിയ മില്ലറെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഹസരങ്ക മടക്കിയത്. വമ്പനടിക്കാരന്‍ വിശേഷണമുള്ള രാഹുല്‍ തെവാത്തിയക്ക് (2) കാര്യമായൊന്നും ചെയ്യാനായില്ല. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തികിന് ക്യാച്ച് നല്‍കി മടക്കം.

1

ഒരുവശത്ത് നിലയുറപ്പിച്ച നായകന്‍ ഹര്‍ദിക് പാണ്ഡ്യ ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് 47 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 62 റണ്‍സുമായ.ി പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍ ആറ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 19 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 168 എന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് ഗുജറാത്തെത്തി. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും ഗ്ലെന്‍ മാക്‌സ് വെല്‍, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് നല്‍കിയത്. കോലി ആക്രമിച്ച് കളിച്ചപ്പോള്‍ ഡുപ്ലെസിസ് ആംഗര്‍ റോളിലേക്ക് മാറി. ഒടുവില്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് റാഷിദ് ഖാന്‍ പൊളിച്ചു. 38 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 44 റണ്‍സ് നേടിയ ഡുപ്ലെസിസിനെ റാഷിദ് ഹര്‍ദിക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഡുപ്ലെസിസ് മടങ്ങുമ്പോള്‍ 14.3 ഓവറില്‍ 115 എന്ന നിലയിലായിരുന്നു ആര്‍സിബി.

1

മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലും കടന്നാക്രമിച്ചു. ഒരു വശത്ത് മിന്നും പ്രകടനം നടത്തിയ കോലിയെ റാഷിദ് ഖാന്‍ പുഖത്താക്കിയത് ആര്‍സിബിക്ക് ക്ഷീണമായി. 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടക്കം 73 റണ്‍സാണ് കോലി നേടിയത്. 135.18 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഇൗ സീസണിലെ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു ഇത്.

കോലി മടങ്ങിയതിന് ശേഷം മാക്‌സ് വെല്‍ കടന്നാക്രമിച്ചതോടെ ആര്‍സിബി അതിവേഗം വിജയത്തിലേക്കടുത്തു. 18 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം മാക്‌സ് വെല്‍ 40 റണ്‍സുമായി പുറത്താവാതെ നിന്നു. ദിനേഷ് കാര്‍ത്തിക് രണ്ട് റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 18.4 ഓവറില്‍ ഗുജറാത്തിന്റെ വിജയലക്ഷ്യം ആര്‍സിബി മറികടന്നു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി.

1

പ്ലേയിങ് 11: ഗുജറാത്ത്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഷാന്‍, സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി

ആര്‍സിബി- വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, സിദ്ധാര്‍ത്ഥ് കൗള്‍, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Thursday, May 19, 2022, 23:32 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X