IPL 2022: ശ്രേയസിനെ നോട്ടമിടുന്ന ഫ്രാഞ്ചൈസികളെ അറിയാം- നാലു പേര്‍ക്ക് നായകനാക്കണം

ഐപിഎല്ലിന്റെ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് അദ്ദേഹത്തെ കൈവിടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ നാലു പേരെ നിലനിര്‍ത്തിയിട്ടും ഡിസി ശ്രേയസിനെ ഒഴിവാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി അവരെ ഫൈനലിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ എന്നിവരെയാണ് മെഗാ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്തിയത്. മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായിരിക്കും ശ്രേയസെന്നുറപ്പാണ്, ക്യാപ്റ്റനാക്കാന്‍ കഴിയുന്ന താരമാണെന്നത് അദ്ദേഹത്തിന്റെ മൂല്യം വര്‍ധിപ്പിക്കകുയും ചെയ്യുന്നു. ലേലത്തില്‍ ശ്രേയസിനെ ലക്ഷ്യമിടാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു പരിശോധിക്കാം.

 അഹമ്മദാബാദ്

അഹമ്മദാബാദ്

അടുത്ത സീസണില്‍ പുതുതായെത്തുന്ന, ഇനിയും പേര് ഇട്ടിട്ടില്ലാത്ത അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസി ശ്രേയസിനു വേണ്ടി രംഗത്തിറങ്ങുമെന്നുറപ്പാണ്. അവരുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

മൂന്ന്, നാല് പൊസിഷനുകളില്‍ ബാറ്റ് ചെയ്യുന്ന ശ്രേയസ് പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ടീമിനെ കരകയറ്റാന്‍ ശേഷിയുള്ള ബാറ്റര്‍ കൂടിയാണ്. സ്പിന്നര്‍മാര നേരിടാന്‍ മിടുക്കനായ അദ്ദേഹത്തിനു അവര്‍ക്കെതിരേ വമ്പന്‍ ഷോട്ടുകളും കളിക്കാന്‍ സാധിക്കും. ഡിസിയുടെ സ്ഥിരം ക്യാപ്റ്റനായ രണ്ടു സീസണുകളിലും 400ന് മുകളില്‍ റണ്‍സ് ശ്രേയസ് അടിച്ചെടുത്തിട്ടുണ്ട്.

 ലഖ്‌നൗ

ലഖ്‌നൗ

അടുത്ത സീസണിലെ ഐപിഎല്ലിന്റെ ഭാഗമാവുന്ന മറ്റൊരു ഫ്രാഞ്ചൈസിയായ ലഖ്‌നൗവും ശ്രേയസിനു വേണ്ടി രംഗത്തുണ്ടാവുമെന്നുറപ്പാണ്.

അതിനിടെ പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാഹുലിനെ ടീമിലെത്തിക്കാനായാല്‍ ഒരുപക്ഷെ ശ്രേയസിനു വേണ്ടിയുള്ള നീക്കത്തില്‍ നിന്നും ലഖ്‌നൗ പിന്‍മാറിയേക്കും.

ലഖ്‌നൗവിലെ ഗ്രൗണ്ട് ശ്രേയസിന്റെ ബാറ്റിങിനു ഏറെ യോജിച്ചതാണ്. ഇവിടെ അനായാസം സിംഗിളും ഡബിളുമടിച്ച് ടീമിനു വേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഡെത്ത് ഓവറില്‍ ഫിനിഷറുടെ റോളിലും ശ്രേയസിനു തിളങ്ങാന്‍ കഴിയും.

 മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ശ്രേയസ് അയ്യരെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. ശ്രേയസിനെ സംബന്ധിച്ച് മുംബൈ അദ്ദേഹത്തിനു ഹോം ടീം കൂടിയാണ്. മെഗാ ലേലത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയിട്ടുള്ളത്. സൂര്യക്കൊപ്പം മുംബൈ നിരയിലേക്കു ശ്രേയസുമെത്തിയാല്‍ അതു ബാറ്റിങ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു മുംബൈക്കറിയാം. മാത്രമല്ല രോഹിത്തിനു ശേഷം മുംബൈയുടെ നായകസ്ഥാനവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന താരം കൂടിയാണ് ശ്രേയസ്.

മധ്യനിരയില്‍ ശ്രേയസ് കൂടി എത്തിയാല്‍ അതു മുംബൈയെ കൂടുതല്‍ അപകടകാരികളായ ടീമാക്കി മാറ്റുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ തീര്‍ച്ചയായും മുംബൈ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാവും അദ്ദേഹം.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ശ്രേയസിനെ മെഗാ ലേലത്തില്‍ വാങ്ങാന്‍ സാധ്യതയുള്ള മറ്റൊരു ടീം. വിരാട് കോലി നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയതോടെ ആര്‍സിബിക്കു ഈ റോളിലേക്കു പുതിയൊരാളെ വേണം. അതുകൊണ്ടു ആര്‍സിബിക്കു ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാവുന്ന താരം കൂടിയാണ് ശ്രേയസ്.

മെഗാ ലേലത്തിനു മുമ്പ് മൂന്നു പേരെ മാത്രമേ ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളൂ. കോലിയെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളത്.

പരമ്പരാഗതമായി മധ്യനിര പതറുന്ന ശീലമാണ് ആര്‍സിബിക്കുള്ളത്. ഈ കുറവ് പരിഹരിക്കാന്‍ ശ്രേയസിനെ കൊണ്ടു വരുന്നതിലൂടെ ആര്‍സിബിക്കു കഴിയും. കോലി, മാക്‌സ്വെല്‍ എന്നിവര്‍ക്കൊപ്പം ശ്രേയസ് കൂടിയെത്തിയാല്‍ അത് ആര്‍സിബിയെ കരുത്തരാക്കി മാറ്റും. മാത്രമല്ല ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിനു വലിപ്പം കുറവായതിനാല്‍ ഇതു പരമാവധി മുതലെടുത്ത് റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനാവും.

 പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സാണ് ശ്രേയസ് അയ്യരെ മെഗാ ലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ചാമത്തെ ടീം. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ അടുത്ത സീസണില്‍ ഒപ്പമില്ലെന്നതിനാല്‍ പഞ്ചാബിനു ഈ സ്ഥാനത്തേക്കു ഒരാളെ കണ്ടെത്തിയേ തീരൂ. മെഗാ ലേലത്തിനു മുന്നോടിയായി മായങ്ക് അഗര്‍വാളിനെയും അര്‍ഷ്ദീപ് സിങിനെയും മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ലേലത്തില്‍ ചെലവഴിക്കാന്‍ വലിയ തുക തന്നെ അവരുടെ പഴ്‌സില്‍ ബാക്കിയുണ്ട്.

മധ്യനിര ബാറ്റിങ് പല സീസണുകളിലും പഞ്ചാബിനെ വലച്ചിട്ടുണ്ട്. ശ്രേയസിനെ കൊണ്ടു വന്നാല്‍ ഈ കുറവ് ഒരുപരിധി വരെ പരിഹരിക്കാന്‍ അവര്‍ക്കു കഴിയും. വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന പതിവു രീതി ഒഴിവാക്കി അടുത്ത സീസണില്‍ കൂടുതല്‍ ഇന്ത്യന്‍ കളിക്കാരെ കൊണ്ടു വരാനായിരിക്കും പഞ്ചാബ് ശ്രമിച്ചേക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 3, 2021, 17:59 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X