
മിച്ചല്‍ സ്റ്റാര്‍ക്ക്
ടി20 ക്രിക്കറ്റില്‍ എന്നും താരമൂല്യമുള്ള പേസറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. എല്ലാ ഐപിഎല്‍ സീസണിലും സജീവമല്ലാത്ത താരം വരാനിരിക്കുന്ന മെഗാ ലേലത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. വേഗവും കൃത്യതയുമുള്ള ഇടം കൈയന്‍ പേസര്‍ക്കായി വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പാണ്. ഒട്ടുമിക്ക ടീമുകള്‍ക്കും മികച്ച ബൗളറെ ആവിശ്യമുള്ളതിനാല്‍ പ്രതിഫല റെക്കോഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

ആന്റിച്ച് നോക്കിയേ
ഡല്‍ഹി ക്യാപിറ്റല്‍സിന് ആന്റിച്ച് നോക്കിയേയെ ഒഴിവാക്കാതെ മറ്റ് വഴികളില്ല. അങ്ങനെ വന്നാല്‍ വാശിയേറിയ പോരാട്ടം താരത്തിനായി നടന്നേക്കും. 2020 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റുമായി ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. താരത്തെ ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ ഡല്‍ഹി ശ്രമം നടത്തിയേക്കും. എന്നാല്‍ അത് എളുപ്പത്തില്‍ സാധിച്ചേക്കില്ല. നോക്കിയേക്കായി കോടികള്‍ മുടക്കാന്‍ മറ്റ് ടീമുകള്‍ തയ്യാറായേക്കും.

ടി നടരാജന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കണ്ടെത്തലാണ് തമിഴ്‌നാടുകാരനായ ടി നടരാജന്‍. 2020 സീസണില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും നടരാജന്‍ അരങ്ങേറി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന നടരാജനെ ഹൈദരാബാദ് ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ താരത്തെ സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം നടന്നേക്കും. ഇടം കൈയന്‍ പേസര്‍ക്ക് കോടികള്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ട്രന്റ് ബോള്‍ട്ട്
മുംബൈ ഇന്ത്യന്‍സിനൊപ്പം അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനമാണ് ട്രന്റ് ബോള്‍ട്ട് കാഴ്ചവെച്ചത്. എന്നാല്‍ അദ്ദേഹത്തെ മുംബൈ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ ലേലത്തിലെത്തിയാല്‍ കോടികള്‍ അദ്ദേഹത്തിന് ലഭിക്കുമെന്നുറപ്പാണ്. ബോള്‍ട്ടിനെ തിരിച്ചെത്തിക്കാന്‍ മുംബൈ സജീവമായിത്തന്നെ രംഗത്തെത്താനും സാധ്യതയുണ്ട്. അപ്പോള്‍ ലേലത്തിന്റെ വാശി ഇരട്ടിക്കുകയും റെക്കോഡ് പ്രതിഫലത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ക്രിസ് മോറിസ്
2021 സീസണിന് മുമ്പ് രാജസ്ഥാന്‍ സ്വന്തമാക്കിയതാണ് ക്രിസ് മോറിസിനെ. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 154. 83 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ് പ്രകടനം. എന്നാല്‍ മോറിസിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള പേസ് ഓള്‍റൗണ്ടറായതിനാല്‍ ലേലത്തില്‍ റെക്കോഡ് പ്രതിഫലം ലഭിക്കാന്‍ സാധ്യത ഏറെയാണ്.


Click it and Unblock the Notifications