മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയെങ്കിലും ടീമിന്റെ ബാറ്റ്‌സ്മാന്‍ മാത്യൂ വേഡ് രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. താരം ഒരിക്കല്‍ കൂടി പരാജയപ്പെട്ടതാണ് വിമര്‍ശനത്തിന് കാരണം. ഫൈനില്‍ പത്ത് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് വേഡിന്റെ സംഭാവന. ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും വേഡ് കാഴ്ച്ചവെച്ചിട്ടില്ല. സ്ഥിരത നിലനിര്‍ത്താന്‍ പലപ്പോഴും വേഡ് ബുദ്ധിമുട്ടിയിരുന്നു. ഗുജറാത്തിലെ ഈ സീസണിലെ ഫ്‌ളോപ്പാണ് മാത്യു വേഡെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്യു വേഡിനെ കളിപ്പിച്ചത് ശരിക്കും വേസ്റ്റാണ്. സായ് സുദര്‍ശന്റെ അവസരമാണ് ഇതിലൂടെ നഷ്ടമായതെന്ന് അബ്ദുള്‍ഖാദിര്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.

സായ് സുദര്‍ശന്‍ നല്ല രീതിയില്‍ കളിച്ച് വന്നിരുന്ന താരമായിരുന്നുവെന്നും ജോഹര്‍ പറയുന്നു. മാത്യു വേഡ് ഇനിയൊരു ഐപിഎല്ലില്‍ കളിക്കാന്‍ പോകുന്നില്ലെന്ന് അബ്ദുള്‍ വസായ് പറയുന്നു. ഒരു അര്‍ധസെഞ്ച്വറി പോലും വേഡിന് ഈ സീസണില്‍ ഇല്ല. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ പ്ലേഓഫിലും ചെറിയ റണ്‍സിനാണ് താരം പുറത്തായത്. മാത്യു വേഡ് എങ്ങനെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചുവെന്ന് ഷോണ്‍ എന്ന ആരാധകന്‍ ചോദിക്കുന്നു. നല്ലൊരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ പോലുമല്ല വേഡ്. ശരാശരി പതിനാലില്‍ താഴെയാണ്. അത് തന്നെ വേഡിന്റെ കഴിവ് എന്താണെന്ന് കാണിച്ച് തരുന്നത്. ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ താരങ്ങളോടുള്ള മമതയാണ് ഇതിന് കാരണമെന്നും ഷോണ്‍ പറഞ്ഞു.
ഈ സീസണിലെ ഏറ്റവും തട്ടിക്കൂട്ട് പ്രകടനം നടത്തിയവരുടെ ലിസ്റ്റില്‍ വേഡുമുണ്ടാവുമെന്ന് ഗുജറാത്ത് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സീസണിലെ ഡിസാസ്റ്ററാണ് താരം. വിജയ് ശങ്കര്‍ പാര്‍ട്ട് 2 എന്നിങ്ങനെ പോകുന്നു താരത്തിനുള്ള ട്രോള്‍. ഈ സീസണില്‍ 30 റണ്‍സോ മുകളിലോ താരം രണ്ട് തവണ മാത്രമാണ് നേടിയത്. ഗുജറാത്തിന് വേണ്ടി ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പറായിട്ടല്ല. അത് വൃദ്ധിമാന്‍ സാഹയായിരുന്നു. ഓസീസ് ടീമില്‍ ഓപ്പണിംഗ് റോള്‍ കളിക്കുന്ന വേഡിന് പൊസിഷന്‍ മാറിയത് തിരിച്ചടിയായിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ബിഗ് ബാഷില്‍ ഇതേ പൊസിഷനില്‍ വേഡ് തിളങ്ങിയിട്ടുമുണ്ട്.
ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേഡിന് സാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്. ഫൈനലില്‍ ബോള്‍ട്ടിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്താവുന്നത്. ഫൈനലിന്റെ സമ്മര്‍ദം വേഡില്‍ പ്രകടമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. പത്ത് മത്സരങ്ങളില്‍ നിന്ന് 157 റണ്‍സാണ് താരം ആകെ നേടിയത്. സായ് സുദര്‍ശന്‍ ഇതിലും നല്ല പ്രകടനം നടത്തുമെന്ന് ലക്കി എന്ന ആരാധകന്‍ പറയുന്നു. വേഡും റിയാന്‍ പരാഗും ഒരുപോലെയുള്ള താരങ്ങളാണെന്ന് പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. ടൂര്‍ണമെന്റ് മൊത്തം കാര്യമായിട്ടുള്ള പ്രകടനമൊന്നും വേഡില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ലേലത്തില്‍ വലിയ തുക വാങ്ങുകയും, പെട്ടെന്ന് ഔട്ടാവുകയും ചെയ്യുന്ന രീതിയെന്നാണ് ആരാധകര്‍ വേഡിന്റെ ബാറ്റിംഗിനെ വിശേഷിപ്പിക്കുന്നത്.