IPL 2022: ലഖ്‌നൗവിന്റെ തോല്‍വി, രാഹുലിനെതിരേ ഗംഭീര്‍ കട്ട കലിപ്പില്‍, ചിത്രങ്ങള്‍ വൈറല്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എലിമിനേറ്ററില്‍ ആര്‍സിബിയോട് തോറ്റ് പുറത്തായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം ലക്‌നൗവിന് മുന്നില്‍ വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്. കെ എല്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.

ടോസ് നേടി ആര്‍സിബിയെ ബാറ്റിങ്ങിനയച്ചും ഫീല്‍ഡിങ്ങില്‍ നിരവധി പിഴവുകള്‍ വരുത്തിയും ക്യാച്ചുകള്‍ കൈവിട്ടതും സ്‌ട്രൈക്കറേറ്റ് ശ്രദ്ധിക്കാതെ ബാറ്റ് ചെയ്തതുമെല്ലാം ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായി പറയാം. നായകനെന്ന നിലയില്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇത്രയും വലിയ വിജയലക്ഷ്യം മറികടക്കാനുള്ള സ്‌ട്രൈക്കറേറ്റിലായിരുന്നില്ല രാഹുലിന്റെ ബാറ്റിങ്.

ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണങ്ങള്‍ പലതും ചൂണ്ടിക്കാണിക്കപ്പെട്ടുന്നുണ്ട്. ഇപ്പോള്‍ തോല്‍വിക്ക് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് രാഹുലിനെതിരേ കലിപ്പന്‍ ശരീര ഭാഷയിലുള്ള ഗൗതം ഗംഭീറിന്റെ ചിത്രമാണ്. ഗംഭീര്‍ രോഷ മുഖഭാവത്തോടെ രാഹുലിനോട് സംസാരിക്കുന്നതും രാഹുല്‍ നിശബ്ദനായി കേട്ടുനില്‍ക്കുന്നതിന്റെയും ചിത്രമാണ് പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

എന്താണ് ഗംഭീര്‍ രാഹുലിനോട് പറഞ്ഞതെന്ന കാര്യം വ്യക്തമല്ലെങ്കിലും പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനമാണ് ഗംഭീര്‍ നടത്തിയതെന്ന് ഇരുവരുടേയും ശരീര ഭാഷയില്‍ നിന്ന് വ്യക്തം. ലഖ്‌നൗ ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയപ്പോള്‍ പല തവണ രോഷാകുലനാവുന്ന ഗംഭീറിനെയാണ് ഡഗൗട്ടില്‍ കണ്ടത്. ദിനേഷ് കാര്‍ത്തികിനെ രണ്ട് റണ്‍സില്‍ പുറത്താക്കാന്‍ ലഖ്‌നൗവിന് അവസരം ലഭിച്ചെങ്കിലും ക്യാച്ച് കെ എല്‍ രാഹുല്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

ബാറ്റിങ്ങില്‍ അവസാന അഞ്ച് ഓവറില്‍ ലഖ്‌നൗവിന് പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതിലും ഗംഭീര്‍ കടുത്ത നിരാശനായിരുന്നു. രാഹുലിന്റെ ബാറ്റിങ് പദ്ധതിയും നിരാശപ്പെടുത്തുന്നതായിരുന്നു. സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിക്കാതെ പോയതാണ് ലഖ്‌നൗവിന്റെ തോല്‍വിയുടെ പ്രധാന കാരണം. ബാറ്റിങ് ഓഡറില്‍ ലഖ്‌നൗവിന് പിഴച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എവിന്‍ ലൂയിസിനെ ആറാമനായാണ് ലഖ്‌നൗ കളത്തിലിറക്കിയത്. ഇത് ടീമിന് തിരിച്ചടിയായി മാറി.

'നിര്‍ഭാഗ്യമായിരുന്നു ഇന്ന്. എന്നാല്‍ ഞങ്ങളുടെ പുതിയ ടീമിന് മികച്ചൊരു ടൂര്‍ണമെന്റായിരുന്നു. ശക്തമായി ഞങ്ങള്‍ തിരിച്ചെത്തും. വീണ്ടും കാണും വരേക്കും' എന്നാണ് ഗംഭീര്‍ മത്സരശേഷം ട്വീറ്റ് ചെയ്തത്. രാഹുല്‍ നായകനെന്ന നിലയില്‍ ഭേദപ്പെട്ട് നിന്നെങ്കിലും പല തീരുമാനങ്ങളും പ്രതീക്ഷക്കൊത്തായിരുന്നില്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതും നായകനെന്ന നിലയിലെ ആക്രമണോത്സകത കുറവുമെല്ലാം രാഹുലിന്റെ ദൗര്‍ബല്യമായാണ് പല പ്രമുഖരും ഉയര്‍ത്തിക്കാട്ടുന്നത്.

അടുത്ത സീസണില്‍ പുതിയ നായകനെന്ന നിലയിലേക്കും ലഖ്‌നൗ ചിന്തിക്കാനുള്ള സാധ്യതകളുമുണ്ട്. രാഹുലിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണമായും ഉപയോഗിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണമുള്ളതിനാല്‍ രാഹുലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയും എളുപ്പമല്ല.

ലഖ്‌നൗവിന്റെ എലിമിനേറ്ററിലെ തോല്‍വിയെ രാഹുല്‍ വിലയിരുത്തിയത് ഇങ്ങനെയാണ്. 'ഞങ്ങളുടെ തോല്‍വിക്ക് കാരണം മോശം ഫീല്‍ഡിങ്ങാണ്. അനായാസമായ പല ക്യാച്ചും നഷ്ടപ്പെടുത്തി. അതൊരിക്കലും ജയിക്കാന്‍ സഹായിക്കില്ല. വലിയ വ്യത്യാസം തീര്‍ച്ചയായും പാട്ടീധാറിന്റെ പ്രകടനമാണ്. ടോപ് ത്രീയിലെ ആരെങ്കിലും സെഞ്ച്വറി നേടിയാല്‍ ടീം ജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അവര്‍ നന്നായി ഫീല്‍ഡ് ചെയ്യുകയും ഞങ്ങള്‍ മോശമായി ഫീല്‍ഡ് ചെയ്യുകയും ചെയ്തു'- രാഹുല്‍ മത്സരശേഷം പറഞ്ഞു. എന്തായാലും അരങ്ങേറ്റക്കാരെന്ന നിലയില്‍ ലഖ്‌നൗവിന് അഭിമാനിക്കാവുന്ന സീസണാണിത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, May 26, 2022, 17:35 [IST]
Other articles published on May 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X