IPL 2022: ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തും? കോലി ഉറപ്പ്, മറ്റ് മൂന്നുപേര്‍ ആരൊക്കെയാവും?
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തുന്ന പുതിയ സീസണില്‍ ടീമുകളിലെല്ലാം വലിയ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പ്. ഇന്ത്യയില്‍ത്തന്നെയാവും അടുത്ത ഐപിഎല്‍ നടക്കുക. കഴിഞ്ഞ രണ്ട് സീസണിലും യുഎഇയെ ആശ്രയിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.
മെഗാ ലേലത്തിന്റെ നിയമങ്ങള്‍ കഴിഞ്ഞിടെ പുറത്തുവിട്ടിരുന്നു. പരമാവധി നാല് താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താനാവുക. ഇതില്‍ രണ്ട് വീതം വിദേശ താരങ്ങളും ദേശീയ താരങ്ങളും വേണം. ഒരു വിദേശ താരത്തിനും മൂന്ന് ഇന്ത്യന്‍ താരത്തിനെയും നിലനിര്‍ത്താം. പുതിയ ടീമിന് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് നേരിട്ട് നിലനിര്‍ത്താനുള്ള അവസരമുണ്ട്. ഒരു വിദേശ താരവും രണ്ട് ഇന്ത്യന്‍ താരവും ഇതില്‍ ഉള്‍പ്പെടും.
പല സൂപ്പര്‍ താരങ്ങളും ഇത്തവണ കൂടുമാറ്റം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കരുതലോടെയാവും ടീമിനെ തിരഞ്ഞെടുക്കുക. ഇന്ത്യയിലാവും ടൂര്‍ണമെന്റ് നടക്കുകയെന്നതിനാല്‍ സ്പിന്നിനെ നേരിടാന്‍ അറിയാവുന്ന താരങ്ങള്‍ക്കാവും ലേലത്തില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിക്കുക. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ആര്‍സിബി പുതിയ നായകന് കീഴില്‍ കന്നി കിരീടമാണ് ലക്ഷ്യം വെക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും കോലിയെ ആര്‍സിബി നിലനിര്‍ത്തുമെന്നുറപ്പ്. കോലിയെക്കൂടാതെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദേവ്ദത്ത് പടിക്കല്‍
യുവതാരം ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇടം കൈയന്‍ ഓപ്പണറായ താരത്തിന് ഇന്ത്യയില്‍ മികച്ച റെക്കോഡാണുള്ളത്. 2020ലെ യുഎഇ ഐപിഎല്ലിലൂടെ ആര്‍സിബിയിലേക്കെത്തിയ താരം 2021ല്‍ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും നേടിയിരുന്നു. 411,473 എന്നിങ്ങനെയാണ് രണ്ട് രണ്ട് സീസണിലെ ദേവ്ദത്തിന്റെ സ്‌കോര്‍. വിജയ് ഹസാരെ ട്രോഫിയിലടക്കം റെക്കോഡ് പ്രകടനം നടത്താനും ദേവ്ദത്തിനായിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യം മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള താരമായതിനാല്‍ത്തന്നെ ദേവ്ദത്തിനെ ആര്‍സിബി നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. നാല് കോടിയില്‍ കൂടുതല്‍ തുകയ്ക്കാവും ദേവ്ദത്തിനെ നിലനിര്‍ത്തുക. വിരാട് കോലിയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ദേവ്ദത്തിന് സാധിച്ചിട്ടുണ്ടെന്നതും യുവതാരത്തിന് അനുകൂലമായ കാര്യമാണ്.

യുസ്‌വേന്ദ്ര ചഹാല്‍
സമീപകാലത്തായി ഇന്ത്യന്‍ ടീമിലടക്കം അവസരം കുറവുള്ള താരമാണ് യുസ് വേന്ദ്ര ചഹാല്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്നറായ ചഹാല്‍ ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍കൂടിയാണ്. 113 മത്സരത്തില്‍ നിന്ന് 139 വിക്കറ്റുകളാണ് ടീമിനൊപ്പം അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്.2014 മുതല്‍ ആര്‍സിബിയുടെ വിശ്വസ്തനാണ് അദ്ദേഹം. 2021 സീസണിന്റെ രണ്ടാം പാദത്തിലും തിളങ്ങാന്‍ ചഹാലിനായിരുന്നു. അതിനാല്‍ത്തന്നെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഒരാള്‍ ചഹാലാണ്. എന്നാല്‍ അവസാന സമയത്തെ ചര്‍ച്ചകള്‍ പ്രകാരം ചഹാലിന് സ്ഥാനം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്.

എബി ഡിവില്ലിയേഴ്‌സ്
2021 സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും എബി ഡിവില്ലിയേഴ്‌സിനെ ആര്‍സിബി കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്. ടീം അദ്ദേഹത്തെ നിലനിര്‍ത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഇതുവരെ കപ്പ് നേടാനാവാത്ത ആര്‍സിബിക്ക് നല്ല ഓര്‍മകളെന്ന് പറയാവുന്നത് കോലി-എബിഡി കൂട്ടുകെട്ടില്‍ പിറന്ന റെക്കോഡുകളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏറെ നാളായെങ്കിലും തന്റെ പ്രതിഭക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് നിരന്തരം അദ്ദേഹം തെളിയിക്കുന്നതാണ്. അതിനാല്‍ എബിഡിയെ ആര്‍സിബി നിലനിര്‍ത്തിയേക്കും. നിലവില്‍ 11 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് എട്ട് കോടിയായി കുറച്ചേക്കുമെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications