മുംബൈ നിലനിര്‍ത്തുന്നത് ആരെയൊക്കെയാവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മികച്ച ടീം കരുത്തുള്ള മുംബൈക്കാണ് ലേലം ഏറ്റവും തിരിച്ചടിയാവുന്നതെന്ന് പറയാം. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്.
'ഇഷാന് കിഷനെയാണ് മുംബൈ പ്രധാനമായും നിലനിര്‍ത്തേണ്ടത്. ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കേണ്ടതായുണ്ട്. അവന്റെ ഫോം കഴിഞ്ഞ ഒരു വര്‍ഷമായി വളരെ മോശമാണ്. അതിനാല്‍ മുംബൈ ആലോചിച്ച് തീരുമാനമെടുക്കാനാണ് സാധ്യത. താരങ്ങളെ നിലനിര്‍ത്തുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങള്‍ തീരുമാനിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം എത്രകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ്. അതുപ്രകാരം നോക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ-ഇഷാന് കിഷന് ഇവരിലാരെയാവും മുംബൈ നിലനിര്‍ത്തുക?ഭാവിയിലേക്ക് നോക്കുമ്പോള്‍ തീര്‍ച്ചയായും ഇഷാന് കിഷനാവും. ചിലപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുമായേക്കാം'- ഇര്ഫാന് പറഞ്ഞു.
ഇഷാന് കിഷനെ നിലനിര്‍ത്തിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ഉപയോഗിക്കാം. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിഞ്ഞ് മികവ് കാട്ടാനാവുന്നില്ല. അതിനാല്‍ ഓള്‍റൗണ്ടറായി ഹര്‍ദിക്കിനെ പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ദിക്കുള്ളത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടി തിരിച്ചെത്താനാണ് ഹര്‍ദിക്കിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
ഇഷാനെ ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാനാവും. ഓപ്പണറായും മധ്യനിരയിലുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ഇഷാന്. ഈ സാഹചര്യത്തില്‍ ഇഷാനെ മുംബൈ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഭാവിയിലെ ക്യാപ്റ്റനായിവരെ അദ്ദേഹത്തെ പരിഗണിക്കാമെന്നതിനാല്‍ ഇഷാനെ മുംബൈ കൈവിട്ടുകളയാന്‍ സാധ്യത കുറവാണ്.
മുംബൈയുടെ ആദ്യത്തെ രണ്ട് നിലനിര്ത്തുലകള് നായകന് രോഹിത് ശര്‍മയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമായിരിക്കും. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. നിലനിര്‍ത്തുന്ന വിദേശ താരം ആരാണെന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനാണ് മുഖ്യ പരിഗണന. ട്രന്റ് ബോള്‍ട്ടിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പൊള്ളാര്‍ഡിനെ നിലനിര്‍ത്തുമെന്നാണ് ഇര്ഫാന് പറയുന്നത്.
'വിദേശ താരങ്ങളില്‍ കീറോണ്‍ പൊള്ളാര്ഡിനെത്തന്നെ നിലനിര്‍ത്തിയേക്കും. അക്കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. തുടര്‍ച്ചയായി ഒരുപാട് വര്‍ഷങ്ങളായി ടീമിനൊപ്പം മത്സരം ജയിക്കുന്ന താരമാണ് പൊള്ളാര്‍ഡ്. ഇപ്പോഴും പവര്ഹൗസാണവന്. മത്സരം ഫിനിഷ് ചെയ്യാനും മികവുണ്ട്. അതിനാല്‍ പൊള്ളാര്‍ഡിനൊപ്പം തീര്‍ച്ചയായും ഞാന്‍ പോകും.'- ഇര്ഫാന് പഠാന് കൂട്ടിച്ചേര്‍ത്തു.
സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി ലേലത്തില്‍ പിടിക്കാന്‍ മുംബൈ ശ്രമിച്ചേക്കും. അതേ സമയം ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കി കഗിസോ റബാദയെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിച്ചേക്കുമെന്നാണ് വിവരം.