
ഈ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ചവച്ച രണ്ടു ടീമുകള്‍ തന്നെയാണ് ഫൈനലില്‍ എത്തിയിരിക്കുന്നതെന്നു നിസംശയം തന്നെ പറയാം. പോയിന്റ് പട്ടികയില്‍ നേരത്തേ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതും ഇവര്‍ തന്നെയായിരുന്നു. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ജിടി തന്നെ ആദ്യം ഫൈനലിലേക്കും മുന്നേറിയപ്പോള്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത റോയല്‍സും പിന്നാലെ കലാശക്കളിക്കു യോഗ്യത നേടി. പ്ലേഓഫുള്പ്പെടെ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള രാത്രിയിലെ മുഴുവന്‍ മല്‍സരങ്ങളും 7.30നായിരുന്നു തുടങ്ങിയതെങ്കില്‍ ഫൈനല്‍ എട്ടു മണിക്കാണ് ആരംഭിക്കുന്നത്. അതിനു മുമ്പ് സമാപനച്ചടങ്ങളുകളും നടക്കും. സംഗീത വിസ്മയം എആര്‍ റഹ്മാനും ബോളിവുഡ് നടന് രണ്‍വീര്‍ സിങും സമാപനച്ചടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങിന് വളരെ യോജിച്ചത് തന്നെയായിരിക്കും. വേഗമേറിയ ഔട്ട്ഫീല്‍ഡായതിനാല്‍ തന്നെ ബാറ്റര്‍മാര്‍ക്കു ഇവിടെ റണ്‍സെടുക്കുക എളുപ്പമായിരിക്കും. ബൗളര്‍മാര്‍ക്കു ന്യൂബോള്‍ കൊണ്ടു മാത്രമേ ഫൈനലില്‍ പ്രയോജനം ലഭിക്കാനിടയുള്ളൂ.
മുന്‍ മല്‍സരങ്ങളിലേതു പോലെ തന്നെ ഫൈനലിലും ടോസ് നിര്‍ണായക ഘടകമായി മാറും. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. എന്നാല്‍ ഫൈനലിലെ അമിത സമ്മര്‍ദ്ദം റണ്‍ചേസില്‍ വലിയ സ്കോറുകള്‍ പിന്തുടരുമ്പോള് ടീമുകള്‍ക്കു തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥ ഫൈനലിനു ഭീഷണിയാവില്ല. തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും ഞായറാഴ്ച ഇവിടെയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

റോയല്‍സും ടൈറ്റന്‍സും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളിലേക്കു വന്നാല്‍ മുന്‍തൂക്കം ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമാണ്. ഈ സീസണില്‍ അരങ്ങേറിയ ടീം കൂടിയായ ജിടി രണ്ടു തവണയാണ് റോയല്‍സുമായി കൊമ്പുകോര്‍ത്തത്. രണ്ടിലും ജയം ടൈറ്റന്‍സിനു തന്നെയായിരുന്നു.

ഏപ്രില്‍ 14നു ലീഗ് ഘട്ടത്തിലാണ് ടൈറ്റന്‍സും റോയല്‍സും ആദ്യമായി മുഖാമുഖം വന്നത്. അന്നു 37 റണ്‍സിനായിരുന്നു ജിടിയുടെ വിജയം. ഹാര്‍ദിക്കിന്റെ (87*) ഇന്നിങ്സിലേറി ആദ്യം ബാറ്റ് ചെയ്ത ജിടി 192 റണ്‍സെടുത്തപ്പോള്‍ റോയല്‍സിനു ഒമ്പത് വിക്കറ്റിനു 155 റണ്‍സെടുക്കാനേ ആയുള്ളൂ. ക്വാളിഫയര്‍ വണ്ണിലാണ് പിന്നീട് ജിടിയും റോയല്‍സും ഏറ്റുമുട്ടിയത്. 189 റണ്‍സിന്റെ വിജയലക്ഷ്യം ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ജിടിക്കു നല്‍കുകയായിരുന്നു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് വിജയം സ്വന്തമാക്കുകയും ചെയ്തു.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ടൈറ്റന്‍സ് പ്ലേഓഫിലേക്കു മുന്നേറിയത്. 14 മല്‍സരങ്ങളില്‍ 10ലും വിജയിച്ച അവര്‍ നാലെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ. 20 പോയിന്റോടെയാണ് ജിടി ലീഗ് ഘട്ടത്തിലെ വിജയികളായത്. രാജസ്ഥാന് റോയല്‍സ് തൊട്ടുതാഴെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച റോയല്‍സ് അഞ്ചെണ്ണത്തില്‍ പരാജയവും രുചിച്ചു. 18 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്.
സെമിക്കു തുല്യമായ ആദ്യ ക്വാളിഫയറില്‍ റോയല്‍സിനെ തകര്‍ത്താണ് ടൈറ്റന്‍സ് ഫൈനലിലെത്തിയത്. റോയല്‍സാവട്ടെ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനു തുരത്തി ഫൈനലില്‍ ഇടം നേടി.

ഫൈനലിലെ സാധ്യതാ ഇലവന്
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്, യഷ് ദയാല്‍, ആര് സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി.
രാജസ്ഥാന് റോയല്‍സ്- രാജസ്ഥാന് റോയല്‍സ്- യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്, സഞ്ജു സാംസണ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര് അശ്വിന്, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.