IPL 2022: ഈ അഞ്ച് പേര്‍ സീസണിന്റെ നഷ്ടം, ലേലത്തില്‍ പേര് ചേര്‍ത്തിട്ടില്ല, പട്ടികയില്‍ പ്രമുഖരും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ മെഗാ താരലേലം ഫെബ്രുവരി 12, 13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലേക്കെത്തുന്നതിനാല്‍ത്തന്നെ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവരാണ് പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍. ടീമുകളുടെ എണ്ണവും ലേലത്തില്‍ ഉപയോഗിക്കാവുന്ന തുകയും ഉയര്‍ന്നതോടെ പല താരങ്ങള്‍ക്കും വമ്പന്‍ പ്രതിഫലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ മൂന്ന് പേരെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് പേരെയുമാണ് നിലനിര്‍ത്തിയത്. പുതിയതായി എത്തിയ അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയും ലഖ്‌നൗ ടീം കെ എല്‍ രാഹുല്‍, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയുമാണ് സ്വന്തമാക്കിയത്.

ഇത്തവണത്തെ മെഗാലേലത്തില്‍ ഏറ്റവും ശ്രദ്ധേയമാവുന്നത് സൂപ്പര്‍ താരങ്ങളും ഇതില്‍ ഉള്‍പ്പെട്ടുവെന്നതാണ്. 2016ല്‍ ഹൈദരാബാദിനെ ചാമ്പ്യന്‍ന്മാരാക്കിയ ഡേവിഡ് വാര്‍ണര്‍ ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണുള്ളത്. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ തുടങ്ങി വലിയൊരു പട്ടിക തന്നെ ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഐപിഎല്‍ 16ാം സീസണിന്റെ നഷ്ടമെന്ന് വിശേഷിപ്പിക്കാവുന്ന ചില താരങ്ങളുണ്ട്. ഇത്തവണ ലേലത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയമായ മുഖമാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്‌റ്റോക്‌സ് 2018-2021 വരെ ടീമിന്റെ ഭാഗമായിരുന്നു. 43 ഐപിഎല്ലില്‍ നിന്ന് 920 റണ്‍സാണ് അദ്ദേഹം നേടിയത്. 134.5 ആണ് സ്‌ട്രൈക്കറേറ്റ്. മീഡിയം പേസറായ താരം 37 ഇന്നിങ്‌സില്‍ നിന്ന് 28 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ് താരമായിരുന്ന അദ്ദേഹം 10 വിക്കറ്റും 300 റണ്‍സുമാണ് ആ സീസണില്‍ നേടിയത്. എന്നാല്‍ കഴിഞ്ഞിടെ മാനസിക വിശ്രമത്തിന്റെ പേരില്‍ സ്റ്റോക്‌സ് ടീമില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

അതിന് ശേഷം തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കോവിഡിന്റെ സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ സ്‌റ്റോക്‌സ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രാജസ്ഥാനെ സ്റ്റോക്‌സ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഒറ്റക്ക് മത്സര ഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സിന്റെ അഭാവം ഇത്തവണത്തെ ഐപിഎല്ലിന്റെ വലിയ നഷ്ടം തന്നെയാണ്

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇത്തവണത്തെ ഐപിഎല്ലിനില്ല. കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കുവേണ്ടിയെല്ലാം കളിച്ചിട്ടുള്ള ഗെയ്‌ലിനെ മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്‌സ് ഒഴിവാക്കി. 42ാം വയസില്‍ ടി20 ലോകകപ്പ് കളിച്ച ഗെയ്ല്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 142 ഐപിഎല്ലില്‍ നിന്ന് 39.72 ശരാശരിയില്‍ 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ ഗെയ്‌ലാണ് (175). 148.96 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 357 സിക്‌സുകള്‍ ഇതിനോടകം ഗെയ്‌ലിന്റെ പേരിലുണ്ട്. ആറ് സെഞ്ച്വറികള്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. പ്രായം ഇപ്പോള്‍ നന്നായി തളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലിന്റെ ലേലത്തില്‍ ഗെയ്ല്‍ പങ്കെടുക്കുന്നില്ല. ഗെയ്‌ലിന്റെ അഭാവം ആരാധകരെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ഇംഗ്ലണ്ട് സൂപ്പര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് ടീമിലും അദ്ദേഹം പുറത്താണ്. അദ്ദേഹത്തിന്റെ പരിക്ക് വിലയിരുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്. കൈക്കുഴക്ക് പരിക്കേറ്റ താരത്തിന് തിരിച്ചുവരാന്‍ ഇനിയും സമയമേറെയെടുക്കും. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേലത്തില്‍ ജോഫ്രാ ആര്‍ച്ചര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. 2018-2020 സീസണുകളില്‍ രാജസ്ഥാനായി കളിച്ച താരം 35 മത്സരത്തില്‍ നിന്ന് 46 വിക്കറ്റുകളാണ് നേടിയത്. ബിബിഎല്ലിലൂടെ വളര്‍ന്ന് വന്ന താരം ചുരുങ്ങിയ കാലംകൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറിയിരുന്നു. ന്യൂബോളിലെ ആര്‍ച്ചറുടെ അതിവേഗ പന്തുകള്‍ ഇത്തവണ ആരാധകര്‍ മിസ് ചെയ്യുമെന്നുറപ്പ്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 2015ലെ ഐപിഎല്ലിലൂടെയാണ് വരവറിയിച്ചത്. മിന്നും പേസറാണെങ്കിലും ഒരു സീസണ്‍ പോലും തികച്ച് കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പരിക്കാണ് വില്ലനായത്. ആര്‍സിബിയിലൂടെ തുടങ്ങിയ താരം പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഭാഗമായി. എന്നാല്‍ ഇക്കാലയളവില്‍ 27 മത്സരം മാത്രം കളിച്ച താരം 7.17 ഇക്കോണമിയില്‍ 34 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാല്‍ 2021ല്‍ ഐപിഎല്‍ കളിച്ചില്ലെങ്കിലും ഓസീസ് ടീമിനൊപ്പം ഒട്ടുമിക്ക ടൂര്‍ണമെന്റും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്റ്റാര്‍ക്ക് തിളങ്ങിയെങ്കിലും ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് സ്റ്റാര്‍ക്കിന്റെ ഈ തീരുമാനം.

സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ടിന്റെ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറാണ് സാം കറെന്‍. അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന താരത്തെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കി. മെഗാ ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള കറെന്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ പങ്കെടുക്കുന്നില്ല. 2019ല്‍ പഞ്ചാബ് കിങ്‌സിലൂടെ വരവറിയിച്ച താരം 32 മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ തന്നെ നേടി. 23 ഇന്നിങ്‌സില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 337 റണ്‍സും കറെന്റെ പേരിലുണ്ട്. 23കാരനായ താരത്തിന് മുന്നില്‍ വലിയ കരിയറുണ്ടെങ്കിലും ഇത്തവണ കറെന്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ല. യുവതാരത്തിന്റെ ഓള്‍റൗണ്ട് മികവ് ഇത്തവണത്തെ വലിയ നഷ്ടം തന്നെയാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 24, 2022, 14:45 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X