
റുതുരാജ് ഗെയ്ക്വാദ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റുതുരാജ് ഗെയ്ക് വാദ് കാഴ്ചവെച്ചത്. 2021 സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ അദ്ദേഹം ഇത്തവണ 14 മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് നേടിയത്. ഇത്തവണ റുതുരാജിന്റെ ഫോം ഔട്ട് സിഎസ്കെ പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത്തവണ ഒമ്പതാം സ്ഥാനക്കാരായാണ് സിഎസ്കെ സീസണ് അവസാനിപ്പിച്ചത്. ഇത്തവണ നിരാശപ്പെടുത്തിയെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ അടുത്ത സീസണില്‍ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് ഗെയ്ക്വാദ്. സിഎസ്കെയുടെ തിരിച്ചുവരവിനും ഗെയ്ക്വാദിന്റെ ഫോം നിര്‍ണ്ണായകമാണ്.

വെങ്കടേഷ് അയ്യര്‍
2021ല്‍ കെകെആര്‍ ഫൈനല്‍ കളിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വെങ്കടേഷ് അയ്യര്‍ക്ക് പക്ഷെ ഇത്തവണ തിളങ്ങാനായില്ല. കെകെആര്‍ ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം വെങ്കടേഷിനെ മാറി മാറി പരീക്ഷിച്ചെങ്കിലും അദ്ദേഹം ക്ലിക്കായില്ല. 12 മത്സരത്തില്‍ നിന്ന് 182 റണ്‍സാണ് വെങ്കടേഷ് ഈ സീസണില്‍ നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഇള്‍പ്പെടും. ഇടം കൈയന്‍ ഓപ്പണറുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കെകെആറിന് ഇത്തവണ തിരിച്ചടിയായത്. അടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഞെട്ടിക്കാന്‍ വെങ്കടേഷിന് പ്രതിഭയുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് വെങ്കടേഷ് അയ്യര്‍.

എംഎസ് ധോണി
ഇത്തവണ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വമ്പന്‍ പ്രകടനം നടത്താന്‍ സിഎസ്കെ നായകന് എംഎസ് ധോണിക്ക് സാധിച്ചില്ല. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണിക്ക് ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം ഇത്തവണ കാഴ്ചവെക്കാനായില്ല. ഇത്തവണത്തെ സീസണോടെ ധോണി കളി മതിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും അടുത്ത സീസണിലും കളിക്കുമെന്നാണ് വിവരം. 14 മത്സരത്തില്‍ നിന്ന് 232 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അടുത്ത സീസണ് ധോണിയുടെ കരിയറിലെ അവസാന സീസണാവുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ ഏറ്റവും നിരാശപ്പെടുത്തിയ സീസണുകളിലൊന്നാണിത്. ഒരു അര്‍ധ സെഞ്ച്വറി പോലുമില്ലാതെ രോഹിത് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സീസണാണിത്. 14 മത്സരത്തില്‍ നിന്ന് 268 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 19.14 മാത്രമാണ് ശരാശരി. 120.17 ആണ് സ്ട്രൈക്കറേറ്റ്. 48 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. അടുത്ത സീസണില്‍ മുംബൈക്കൊപ്പം ഗംഭീര തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് രോഹിത് ശര്‍മ.

രവീന്ദ്ര ജഡേജ
സിഎസ്കെയുടെ നായകസ്ഥാനം ലഭിച്ചതോടെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം പരാജയപ്പെട്ടു. 10 മത്സരത്തില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് ജഡേജക്ക് നേടാനായത്. എന്നാല്‍ ഈ സീസണിലെ നിരാശപ്പെടുത്ത പ്രകടനം പ്രശ്നമല്ല. അടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ. അടുത്ത സീസണില്‍ പുതിയ ടീമിനൊപ്പം ജഡേജയെ പ്രതീക്ഷിക്കാം.