
ടിം ഡേവിഡ്
മുംബൈ ഇന്ത്യന്‍സ് ഇത്തവണ വേണ്ടവിധം ഉപയോഗിക്കാതെ പോയ താരമാണ് ടിം ഡേവിഡ്. 26കാരനായ താരത്തെ എട്ട് കോടിക്കാണ് മുംബൈ ടീമിലെത്തിച്ചത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഡേവിഡിനെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മുംബൈ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കി. ടീമിന് ഇത്തവണ സംഭവിച്ച വലിയ പിഴവായിരുന്നു ഇത്. എട്ട് മത്സരത്തിലാണ് ഡേവിഡിന് അവസരം ലഭിച്ചത്. 186 റണ്‍സാണ് നേടിയത്. മുഴുവന്‍ മത്സരങ്ങളിലും മുംബൈ പരിഗണിക്കേണ്ട താരമായിരുന്നു ഡേവിഡ്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന താരത്തിന്റെ സ്ട്രൈക്കറേറ്റ് 216.18 ആണ്. മുംബൈ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ഡേവിഡ്.

ഡെവോണ്‍ കോണ്‍വേ
സിഎസ്കെ ഇത്തവണ ഫഫ് ഡുപ്ലെസിസിന് പകരക്കാരനായി കൊണ്ടുവന്ന താരമാണ് ന്യൂസീലന്‍ഡുകാരനായ ഡെവോണ്‍ കോണ്‍വേ. വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന താരത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സിഎസ്കെ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളിലാണ് കോണ്‍വേയെ സിഎസ്കെ കളിപ്പിച്ചത്. 42 ശരാശരിയില്‍ 252 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ ഒമ്പതാം സ്ഥാനക്കാരായാണ് സിഎസ്കെ സീസണ് അവസാനിപ്പിച്ചത്. കോണ്‍വേ കൂടുതല്‍ മത്സരങ്ങളില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്ന് പറയാം.

യശ്വസി ജയ്സ്വാള്‍
ഇത്തവണ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫിലെത്തിയെങ്കിലും യശ്വസി ജയ്സ്വാളിനെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് പറയാം. എട്ട് മത്സരത്തില്‍ നിന്ന് 215 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ആറോളം മത്സരത്തില്‍ ജയ്സ്വാളിനെ രാജസ്ഥാന് പുറത്തിരുത്തി. ശരാശരി പ്രകടനം മാത്രമാണ് അദ്ദേഹം നടത്തിയതെങ്കിലും ഓപ്പണറെന്ന നിലയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്ന താരമാണ് ജയ്സ്വാളെന്ന് പറയാം.

മൊഹ്സിന്‍ ഖാന്
ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ ഇടം കൈയന്‍ പേസറാണ് മൊഹ്സിന്‍ ഖാന്. ഇത്തവണ ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ ലഖ്നൗ വേണ്ടവിധം താരത്തെ ഉപയോഗിച്ചില്ലെന്ന് പറയാം. എട്ട് മത്സരം കളിച്ച മൊഹ്സിന്‍ 13 വിക്കറ്റാണ് വീഴ്ത്തിയത്. അതും 5.93 എന്ന മികച്ച ഇക്കോണമിയില്‍. 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ലഖ്നൗ ഇത്തവണ കൂടുതല്‍ അവസരം നല്‍കേണ്ട താരം തന്നെയായിരുന്നു മൊഹ്സിന്‍ ഖാന്.

ചേതന്‍ സക്കറിയ
ഇത്തവണ കൂടുതലും ബെഞ്ചിലിരിക്കേണ്ടി വന്ന മറ്റൊരു പ്രതിഭയാണ് ചേതന്‍ സക്കറിയ. ഇടം കൈയന്‍ പേസര്‍ക്ക് ഇത്തവണ മൂന്ന് മത്സരത്തിലാണ് അവസരം ലഭിച്ചത്. മൂന്ന് വിക്കറ്റാണ് നേടിയത്. 7.63 എന്ന ഭേദപ്പെട്ട ഇക്കോണമിയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ആവിശ്യത്തിന് അവസരം ചേതന്‍ ലഭിച്ചില്ല. ഇത്തവണ വേണ്ടത്ര അവസരം ലഭിക്കാതെ തഴയപ്പെട്ടവരിലൊരാളാണ് ചേതന്‍ സക്കറിയയും.