വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2022: കണ്ണുതള്ളുന്ന പ്രതിഫലം കിട്ടി, എന്നിട്ടും വന്‍ 'ഫ്‌ളോപ്പ്', ആ അഞ്ച് പേര്‍ ഇവരാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇത്തവണ ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ പോരാട്ടം കൂടുതല്‍ കടുക്കുമെന്നുറപ്പാണ്. മെഗാ ലേലമായതിനാല്‍ത്തന്നെ ഇത്തവണ വാശിയേറിയ പോരാട്ടം തന്നെ ലേലത്തില്‍ നടന്നേക്കും. നിലവിലെ എട്ട് ടീമുകളും ഇതിനോടകം നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തുവിട്ടുകഴിഞ്ഞു.

ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ പല സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഏറ്റവും ആവേശം നല്‍കുന്ന കാര്യം. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, റാഷിദ് ഖാന്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ് ഉള്‍പ്പെട്ടത്. പുതിയ രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം സ്വന്തമാക്കേണ്ടതായുണ്ട്. അങ്ങനെ വന്നാലും മെഗാ ലേലത്തില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിരിക്കും.

ഇത്തവണ ഏറ്റവും പ്രതിഫലം നേടാന്‍ സാധ്യതയുള്ളവരെ പരിഗണിച്ചാല്‍ അതില്‍ ഒരുപാട് താരങ്ങള്‍ ഉള്‍പ്പെടും. രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കാന്‍ പദ്ധതിയിടുന്നത് 20 കോടിക്കാണെന്നാണ് ലഭിക്കുന്ന വിവരം. ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഇത്തവണ വലിയ പ്രതിഫലം തന്നെ സ്വന്തമാക്കാന്‍ സാധ്യതയുള്ളവരാണ്. ടീമുകള്‍ക്ക് മെഗാ ലേലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തുകയും ഉയര്‍ത്തിയതിനാല്‍ വലിയ പ്രതിഫലം തന്നെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ മെഗാ ലേലത്തില്‍ റെക്കോഡ് പ്രതിഫലം നേടിയ ഒരു താരം പോലും മികച്ച പ്രകടനം നടത്തിയിട്ടില്ലെന്ന് പറയാം. സ്വന്തം കണ്ണുതള്ളുന്ന പ്രതിഫലം നല്‍കിയിട്ടും അതിനോട് നീതി പുലര്‍ത്താനാവാതെ പോയ ചില താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അത്തരത്തില്‍ വലിയ പ്രതിഫലം ലഭിച്ചിട്ടും തിളങ്ങാനാവാതെ പോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സ് 2021 സീസണില്‍ കോടികള്‍ പ്രതിഫലം നല്‍കി സ്വന്തമാക്കിയ താരമാണ് ക്രിസ് മോറിസ്. ആര്‍സിബി ഒഴിവാക്കിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറെ 16.25 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ലേലത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. എന്തിനായിരുന്നു ഇത്രയും ഉയര്‍ന്ന തുകയ്ക്ക് മോറിസിനെ സ്വന്തമാക്കിയതെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പ്രതിഫലത്തിനനുസരിച്ച് മികവ് കാട്ടാന്‍ മോറിസിന് സാധിച്ചില്ല. 67 റണ്‍സും 15 വിക്കറ്റുമാണ് അദ്ദേഹം സീസണില്‍ നേടിയത്. 9.17 എന്ന മോശം ഇക്കോണമിയായിരുന്നു ഉണ്ടായിരുന്നത്.

15ാം സീസണിന് മുമ്പായി രാജസ്ഥാന്‍ മോറിസിനെ ഒഴിവാക്കിയിരുന്നു. ഇനിയൊരു ലേലത്തിന് കാത്തുനില്‍ക്കാതെ മോറിസ് കഴിഞ്ഞ ദിവസം വിരമിക്കലും പ്രഖ്യാപിച്ചു. സിഎസ്‌കെ, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള മോറിസ് 81 ഐപിഎല്ലില്‍ നിന്ന് 618 റണ്‍സും 95 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 34ാം വയസില്‍ വിരമിച്ച അദ്ദേഹം പരിശീലക റോളിലേക്ക് കടന്നിരിക്കുകയാണ്.

പാറ്റ് കമ്മിന്‍സ് (കെകെആര്‍)

പാറ്റ് കമ്മിന്‍സ് (കെകെആര്‍)

2020 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. 15.5 കോടി രൂപക്കാണ് ലേലത്തില്‍ കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കിയത്. ടി20 യില്‍ അത്ര മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കാത്ത ബൗളറായിട്ടുകൂടി വാശിയേറിയ വിളി ലേലത്തില്‍ കമ്മിന്‍സിനായി ഉയര്‍ന്നു. കെകെആറിന്റെ കഷ്ടകാലത്തിന് കമ്മിന്‍സിനെ സ്വന്തമാക്കാനും സാധിച്ചു. തീര്‍ത്തും നിരാശപ്പെടുത്തി കളഞ്ഞ കമ്മിന്‍സ് 14 മത്സരത്തില്‍ നിന്ന് 12 വിക്കറ്റും 146 റണ്‍സുമാണ് നേടിയത്. പ്രതിഫലത്തിനൊത്ത പ്രകടനം നടത്താനായില്ല.
മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള കമ്മിന്‍സ് 37 ഐപിഎല്ലില്‍ നിന്നായി 316 റണ്‍സും 38 വിക്കറ്റുമാണ് നേടിയത്. 8.24 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. നിലവില്‍ കെകെആര്‍ താരത്തെ ഒഴിവാക്കിയിട്ടുണ്ട്. വരുന്ന മെഗാ ലേലത്തിലും വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് കമ്മിന്‍സ്.

ജയദേവ് ഉനദ്ഘട്ട് (രാജസ്ഥാന്‍ റോയല്‍സ്)

ജയദേവ് ഉനദ്ഘട്ട് (രാജസ്ഥാന്‍ റോയല്‍സ്)

ആഭ്യന്തര ക്രിക്കറ്റില്‍ നായകനും പേസ് ബൗളറായും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള ജയദേവ് ഉനദ്ഘട്ട് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള ബൗളറാണ്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് 2019 സീസണില്‍ 8.4 കോടിക്കാണ് രാജസ്ഥാന്‍ ഉനദ്ഘട്ടിന് സ്വന്തമാക്കിയത്. നന്നായി തല്ലുവാങ്ങിക്കൂട്ടിയ ഇടം കൈയന്‍ പേസര്‍ 11 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് വെറും 10 വിക്കറ്റ്. ഇക്കോണമി 10.66. ഒരു തരത്തിലും ടീമിനോട് നീതികാട്ടാന്‍ അദ്ദേഹത്തിനായില്ല. അവസാന സീസണിലും രാജസ്ഥാനൊപ്പം ഉനദ്ഘട്ട് ഉണ്ടായിരുന്നു. മെഗാ ലേലത്തിലേക്ക് എത്തിയാലും വലിയ പ്രതിഫലം ഇത്തവണ ഉനദ്ഘട്ടിന് ലഭിക്കാന്‍ സാധ്യത കുറവാണ്. 86 ഐപിഎല്ലില്‍ നിന്ന് 85 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 8.74 ആണ് ഇക്കോണമി.

ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സ്‌റ്റോക്‌സിന് മികവുണ്ട്. അതുകൊണ്ടാണ് 2018ല്‍ ബെന്‍ സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ 12.5 കോടിക്ക് സ്വന്തമാക്കിയത്. എന്നാല്‍ 2018 സീസണില്‍ പ്രതിഫലത്തിനൊത്ത പ്രകടനം അദ്ദേഹം നടത്തിയില്ല. 196 റണ്‍സും എട്ട് വിക്കറ്റും മാത്രമാണ് നേടിയത്. അവസാന സീസണിലും ടീമിന്റെ ഭാഗമായി സ്റ്റോക്‌സുണ്ടായിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിട്ടുണ്ട്. സമീപകാലത്തെ മോശം ഫോമും അദ്ദേഹം ഇടക്കിടെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതുമാണ് സ്‌റ്റോക്‌സിനെ ഒഴിവാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്.

യുവരാജ് സിങ് (ആര്‍സിബി)

യുവരാജ് സിങ് (ആര്‍സിബി)

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ യുവരാജ് ഒരോവറിലെ ആറ് പന്തിലും സിക്‌സര്‍ നേടിയത് അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള യുവരാജിനെ 2015ല്‍ 16 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. മോറിസ് എത്തുന്നതുവരെ യുവരാജ് സിങ്ങായിരുന്നു ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങിയ താരം. എന്നാല്‍ ലഭിച്ച പ്രതിഫലത്തിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 19.7 ശരാശരിയില്‍ 248 റണ്‍സ് മാത്രമായിരുന്നു യുവരാജിന്റെ സമ്പാദ്യം.

Story first published: Thursday, January 13, 2022, 15:15 [IST]
Other articles published on Jan 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X