ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനുമായ ജോ റൂട്ട് ഇതുവരെ ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിച്ചിട്ടില്ല. എന്നാല്‍ അടുത്ത സീസണിലെ ടൂര്‍ണമെന്റില്‍ ഒരുകൈ നോക്കാനൊരുങ്ങുകയാണ് അദ്ദേഹം. രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി 2022ലെ സീസണില്‍ വരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മെഗാ താരലേലവും നടക്കുന്നുണ്ട്. ലേലത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ തന്നെയാണ് റൂട്ട് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്കു ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി അവസരം നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
2018ലെ കഴിഞ്ഞ മെഗാ ലേലത്തില്‍ രജിസ്്റ്റര്‍ ചെയ്ത കളിക്കാരുടെ കൂട്ടത്തില്‍ റൂട്ടുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ എട്ടു ഫ്രാഞ്ചൈസികളും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ ഐപിഎല്ലില്‍ കളിക്കാനുള്ള റൂട്ടിന്റെ കാത്തിരിപ്പ് നീളുകയായിരുന്നു. പുതിയ സീസണില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി വരാനിരിക്കുന്നതിനാല്‍ തന്റെ സമയം തെളിയുമെന്ന വിശ്വാസത്തിലാണ് റൂട്ട്.
ഡെയ്ലി ടെലഗ്രാഫാണ് റൂട്ട് കരിയറിലാദ്യമായി ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു വഴി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്. കരിയറിന്റെ ഒരു സമയത്ത് ഐപിഎല്ലില്‍ കളിക്കാന്‍ താന്‍ വളരെയധികം ആഗ്രഹിച്ചിരുന്നതായി റൂട്ട് കഴിഞ്ഞ വര്‍ഷം പറഞ്ഞരുന്നു. ഈ ടൂര്‍ണമെന്റിലെ അനുഭവം ഞാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ തന്നെ കളിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മല്‍സരങ്ങളെടുത്താല്‍, പ്രത്യേകിച്ചും ഈ വര്‍ഷത്തെ ടെസ്റ്റ് മല്‍സരങ്ങള്‍ നോക്കുകയാണെങ്കില്‍ ഇതാണ് ലേലത്തില്‍ ഉള്‍പ്പെടാനുള്ള ശറിയായ സമയമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ നിന്നും റൂട്ട് സ്വയം വിട്ടുവില്ക്കുകയായിരുന്നു.എന്റെ മുഴുവന്‍ ഊര്‍ജവും ഐപിഎല്ലില്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ഈ ടൂര്‍ണമെന്റില്‍ ഇതു കൂടിയേ തീരൂവെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി റണ്‍സ് വാരിക്കൂട്ടുകയാണെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ റൂട്ടിനെ ഇംഗ്ലണ്ട് പരിഗണിക്കാറില്ല. 2019 മേയിലാണ് 30 കാരനായ താരം അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി ടി20യില്‍ കളിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമിലും അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെങ്കിലും കളികുകയെന്ന മോഹമാണ് ഐപിഎല്ലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ റൂട്ടിനെ പ്രേരിപ്പിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തനിക്കു ടീമിലേക്കു വഴി തുറക്കുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ 35.7 എന്ന മോശമല്ലാത്ത ശരാശരി റൂട്ടിനുണ്ട്.