IPL 2022: ഈ മൂന്നു പേരെ വാങ്ങിയാല്‍ ആര്‍സിബി വേറെ ലെവല്‍! കന്നിക്കിരീടം പ്രതീക്ഷിക്കാം

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതലുണ്ടായിട്ടും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലാത്ത നിര്‍ഭാഗ്യവാന്‍മാരായ ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അനില്‍ കുംബ്ലെ, ഡാനിയേല്‍ വെറ്റോറി, വിരാട് കോലി എന്നിവരടക്കമുള്ള ഇതിഹാസങ്ങള്‍ ആര്‍സിബിയെ നയിച്ചിട്ടുണ്ട്. പക്ഷെ ഇവര്‍ക്കൊന്നും ടീമിനെ അന്തിമ ലക്ഷ്യമായ കിരീടത്തിലെത്തിക്കാനായില്ല.

കഴിഞ്ഞ സീസണിനു ശേഷം കോലി നായകസ്ഥാനമൊഴിഞ്ഞതോടെ വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും ആര്‍സിബി ഇറങ്ങുക. മെഗാ ലേലത്തിനു മുന്നോടിയായി മൂന്നു താരങ്ങളെയാണ് ആര്‍സിബി നിലനിര്‍ത്തിയിരിക്കുന്നത്. ഇവരില്‍ ആദ്യത്തെയാള്‍ കോലി തന്നെയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു രണ്ടു പേര്‍.

ഫെബ്രുവരി രണ്ടാം വാരം ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ കൂടുതല്‍ മികച്ച കളിക്കാരെ കൊണ്ടു വന്ന് ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും ഇനി ആര്‍സിബിയുടെ ശ്രമം. താരങ്ങള്‍ക്കായി ചെലവഴിക്കാന്‍ 57 കോടി രൂപയാണ് ഇനി ആര്‍സിബിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. മികച്ച രീതിയില്‍ ഈ തുക ലേലത്തില്‍ ആര്‍സിബി ചെലവഴിക്കേണ്ടതുണ്ട്. ലേലത്തില്‍ ആര്‍സിബി ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കേണ്ട മൂന്നു പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ യുവ മധ്യനിര ബാറ്ററും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു നോട്ടമിടാവുന്നതാണ്. പുതിയ ക്യാപ്റ്റനായി ശ്രേയസിനെ ആര്‍സിബി ടീമിലെക്കു കൊണ്ടു വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളതും താരത്തിനു പ്ലസ് പോയിന്റാണ്. രണ്ടു സീസണുകളില്‍ അദ്ദേഹം ഡിസിയെ നയിച്ചിട്ടുണ്ട്.

2020ലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ സീസണില്‍ അദ്ദേഹം ഡിസിയെ ഫൈനലില്‍ എത്തിച്ചിരുന്നു. അന്നു ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പക്ഷെ പരിക്കുകാരണം ശ്രേയസിനു ആദ്യപാദം നഷ്ടമായതോടെ റിഷഭ് പന്തിനെ ഡിസി നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നു. ശ്രേയസ് തിരിച്ചുവന്നപ്പോള്‍ ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ഡിസി തിരികെ നല്‍കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു ശ്രേയസ് ഡിസിയെ അറിയിച്ചത്. ഇതോടെ അദ്ദേഹത്തെ ഫ്രൈഞ്ചസി ഒഴിവാക്കുകയുമായിരുന്നു.

 ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യന്‍ മീഡിയം പേസറും കഴിഞ്ഞ സീസണില്‍ തങ്ങളുടെ ടീമിന്റെ ഭാഗവുമായിരുന്ന ഹര്‍ഷല്‍ പട്ടേലിനെ ലേലത്തില്‍ തിരികെ കൊണ്ടു വരാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രമിക്കണം. കാരണം ആര്‍സിബിയെ സംബന്ധിച്ച് ഭാഗ്യതാരമാണ് അദ്ദേഹം കഴിഞ്ഞ സീസണില്‍ ഒരു ഹാട്രിക്കടക്കം 32 വിക്കറ്റുകളുമായി ഹര്‍ഷല്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരുന്നു. 2012 മുതല്‍ അദ്ദേഹം ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും കരിയറിലെ ടേണിങ് പോയിന്റായത് കഴിഞ്ഞ സീസണാണ്.

ലേലത്തില്‍ ഹര്‍ഷലിനെ ആര്‍സിബി സ്വന്തമാക്കിയാല്‍ ഫ്രാഞ്ചൈസിയിലേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ വരവ് കൂടിയായിരിക്കും ഇത്. നേരത്തേ ആര്‍സിബിലുണ്ടായിരുന്ന ഹര്‍ഷല്‍ പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറിയിരുന്നു. 2012 മുതല്‍ 17 വരെ ആര്‍സിബിലായിരുന്നു ഹര്‍ഷല്‍. 2018ല്‍ ഡിസിയിലെത്തിയ താരം 2020 വരെ ടീമില്‍ തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ ഹര്‍ഷലിനെ ആര്‍സിബി വീണ്ടും ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഈ നീക്കം വന്‍ വിജയമായി മാറുകയും ചെയ്തു.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വാര്‍ണറാണ് ലേലത്തില്‍ ആര്‍സിബിക്കു പരിഗണിക്കാവുന്ന മറ്റൊരു പ്രധാന താരം. ശ്രേയസ് അയ്യരെപ്പോലെ തന്നെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ആല്‍പ്പിക്കാവുന്ന താരമാണ് വാര്‍ണര്‍. കഴിഞ്ഞ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു വാര്‍ണര്‍. എന്നാല്‍ ടീമിന്റെ മോശം പ്രകടനം കാരണം സീസണിന്റെ പകുതിയില്‍ വച്ച് ക്യാപ്റ്റന്‍സിയും പിന്നാലെ ടീമിലെ സ്ഥാനവും അദ്ദേഹത്തിനു നഷ്ടമായി. എങ്കിലും ഹൈദരാബാദിന്റെ ഏക കിരീട വിജയം നേരത്തേ വാര്‍ണറുടെ കീഴിലായിരുന്നു.

പരിചയസമ്പത്തിനൊപ്പം ഓപ്പണിങ് റോളും കൂടി ചേരുന്നതോടെ വാര്‍ണര്‍ ആര്‍സിബിക്കു ഒഴിവാക്കാന്‍ കഴിയാത്ത താരമായി മാറും. 2009ലെ ഐപിഎല്‍ മുതല്‍ 13 വരെ വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു (ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു). 2014 മുതല്‍ 21 വരെ ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ വാര്‍ണറുണ്ടായിരുന്നു.

മികച്ച റെക്കോര്‍ഡുള്ള ഓപ്പണിങ് ബാറ്റര്‍ കൂടിയാണ് വാര്‍ണര്‍. ഇതുവരെ 150 മല്‍സരങ്ങളില്‍ നിന്നായി നാലു സെഞ്ച്വറികളും 50 ഫിഫ്റ്റികളുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 5449 റണ്‍സാണ്. ഹൈദരാബാദിനു വേണ്ടി കഴിഞ്ഞ സീസണൊഴികെ കളിച്ച എല്ലാ സീസണുകളിലും 500ന് മുകളില്‍ റണ്‍സ് വാര്‍ണര്‍ അടിച്ചെടുത്തിട്ടുണ്ട്. 528, 562, 848, 641, 692, 548 എന്നിങ്ങനെയാണ് 14 മുതല്‍ 20 വരെയുള്ള സീസണുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം. പക്ഷെ കഴിഞ്ഞ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 195 റണ്‍സ് മാത്രമേ ഓസീസ് സൂപ്പര്‍ താരത്തിനു നേടാനായുള്ളൂ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 25, 2022, 14:48 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X