IPL 2022: വന്‍ ഫ്‌ളോപ്പുകള്‍, ഇവരെ നിലനിര്‍ത്തിയാല്‍ അതാവും സര്‍പ്രൈസ്!

ഐപിഎല്ലിന്റെ 14ാം സീസണ്‍ അവസാനിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന മെഗാ ലേലത്തിനു വേണ്ടിയാണ്. അതിനു മുമ്പ് പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവും. ഈ സീസണില്‍ എട്ടു ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നതെങ്കില്‍ അടുത്ത തവണ ഇതു 10 ആയി ഉയരും. ഇതേ തുടര്‍ന്നാണ് മെഗാ ലേലം നടത്തുമെന്ന് ബിസിസിഐഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ലേലത്തിനു മുമ്പ് ചുരുക്കം ചിലരെ നിലനിര്‍ത്തി ബാക്കി കളിക്കാരെയെല്ലാം ഓരോ ഫ്രാഞ്ചൈസിയും ഒഴിവാക്കും. ഇവര്‍ ലേലത്തില്‍ പുതിയ ടീമിലേക്കു ചേക്കേറുകയും ചെയ്യും. ഇപ്പോള്‍ സമാപിച്ച സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയവരെയെല്ലാം ഫ്രാഞ്ചൈസികള്‍ കൈവിടാനാണ് സാധ്യത. എന്നാല്‍ ഫ്‌ളോപ്പായെങ്കിലും ചിലരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താനും സാധ്യതയുണ്ട്. ഈ തരത്തില്‍ നിലനിര്‍ത്തി ഫ്രാഞ്ചിസകള്‍ സര്‍പ്രൈസ് നല്‍കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഒയ്ന്‍ മോര്‍ഗന്‍

ഒയ്ന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഈ സീസണില്‍ റണ്ണറപ്പാക്കിയ ക്യാപ്റ്റനാണ് ഇംഗ്ലണ്ടിന്റെ നായകന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗന്‍. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 27 റണ്‍സിനു തോറ്റെങ്കിലും കെകെആറിന്റെ ഫൈനല്‍ പ്രവേശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കാരണം സീസണിന്റെ ആദ്യപകുതിയില്‍ ഏഴാമതായിരുന്നു കൊല്‍ക്കത്ത.

ടീമിനെ മികച്ച രീതിയില്‍ നയിച്ചെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗന്‍ സീസണില്‍ ദയനീയമായി പരാജയപ്പെട്ടു. ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും അദ്ദേഹത്തില്‍ നിന്നും ടീമിനു ലഭിച്ചില്ല. 17 മല്‍സരങ്ങൡ നിന്നും 11.08 ശരാശരിയില്‍ വെറും 133 റണ്‍സാണ് മോര്‍ഗനു നേടാനായത്. പുറത്താവാതെ നേടിയ 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് മോര്‍ഗനുള്ളത്. ഇംഗ്ലണ്ടിനു ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി മികവ് പരിഗണിച്ച് അടുത്ത സീസണിലും മോര്‍ഗനെ കെകെആര്‍ നിലനിര്‍ത്തിയേക്കും.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പെന്നു പറയാവുന്ന താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ താരവും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഡേവിഡ് വാര്‍ണറാണ്. ടീമിന്റെ ക്യാപ്റ്റന്‍സിയും പ്ലെയിങ് ഇലവനിലെ സ്ഥാനവുമെല്ലാം മോശം പ്രകടനം കാരണം അദ്ദേഹത്തിനു നഷ്ടമായിരുന്നു. സീസണിന്റെ ആദ്യപാദത്തിലായിരുന്നു വാര്‍ണര്‍ നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടത്. രണ്ടാംപാദത്തില്‍ ചില മല്‍സരങ്ങളില്‍ കളിച്ച ശേഷം അദ്ദേഹം ടീമില്‍ നിന്നും പുറത്തായി.

2016ല്‍ ഹൈദരാബാദിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് വാര്‍ണര്‍. കൂടാതെ മൂന്നു സീസണുകളില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

വാര്‍ണറുടെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്ലില്‍ അദ്ദേഹം ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുള്ള തള്ളാനാവില്ല. ഇതു മുന്നില്‍കണ്ട് വാര്‍ണറെ ഹൈദരാബാദ് നിലനിര്‍ത്തിയേക്കുകയും ചെയ്യും.

 ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തികാണ് നിലനിര്‍ത്തപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. 2020ലെ ഐപിഎല്ലില്‍ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. എന്നാല്‍ കൊല്‍ക്കത്തയുടെ മോശം പ്രകടനം കാരണം കാര്‍ത്തിക് സീസണിന്റെ മധ്യത്തില്‍ വച്ച് സ്ഥാനമൊഴിയുകയായിരുന്നു. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ഇതെന്നായിരുന്നു കാര്‍ത്തിക് അന്നു പറഞ്ഞത്.

എന്നാല്‍ ഈ സീസണില്‍ ബാറ്റിങിലും കാര്‍ത്തിക് നിരാശപ്പെടുത്തി. 17 മല്‍സരങ്ങളില്‍ നിന്നും 22.30 ശരാശരിയില്‍ 223 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റി പോലും കാര്‍ത്തികിന് കുറിക്കാനുമായില്ല.

ലേലത്തിനു മുമ്പ് കൊല്‍ക്കത്ത നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങള്‍ ശുഭ്മാന്‍ ഗില്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍, പുതിയ സെന്‍സേഷന്‍ വെങ്കടേഷ് അയ്യര്‍ എന്നിവരായിരിക്കും. അതുകൊണ്ടു തന്നെ കാര്‍ത്തികിനെയും കെകെആര്‍ നിലനിര്‍ത്തിയാല്‍ അത് വലിയ സര്‍പ്രൈസ് തന്നെയായിരിക്കും.

 രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

2020ലെ ഐപിഎല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ. ചില വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെയും ബൗളിങിലൂടെയും അദ്ദേഹം ആരാധകര്‍ക്കു പ്രിയങ്കരനായി മാറി. പഞ്ചാബ് കിങ്‌സ് ഫാസ്റ്റ് ബൗളര്‍ ഷെല്‍ഡന്‍ കോട്രെലിന്റെ ഒരോവറില്‍ അഞ്ചു സിക്‌സറും തെവാത്തിയ പറത്തിയിരുന്നു.

എന്നാല്‍ ഈ സീസണില്‍ ഈ പ്രകടനമാവര്‍ത്തിക്കാന്‍ തെവാത്തിയക്കായില്ല. കഴിഞ്ഞ തവണ 42.50 ബാറ്റിങ് ശരാശരിയായിരുന്നു താരത്തിന്റേതെങ്കില്‍ ഇത്തവണ ഇതു വെറും 15.50 ആയിരുന്നു. ബൗളിങിലും തെവാത്തിയ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. 14 ലീഗ് മല്‍സരങ്ങളില്‍ വെറും എട്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

 നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ വമ്പന്‍ ഫ്‌ളോപ്പുകളിലൊന്നായിരുന്നു. കഴിഞ്ഞ സീസണില്‍ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. 35.30 ശരാശരിയില്‍ 169.71 സ്‌ട്രൈക്ക് റേറ്റോടെ 353 റണ്‍സ് പൂരന്‍ 2020ല്‍ നേടിയിരുന്നു

എന്നാല്‍ ഈ സീസണില്‍ ബാറ്റിങിലെ മാജിത്ത് ആവര്‍ത്തിക്കാന്‍ വിന്‍ഡീസ് താരത്തിനു സാധിച്ചില്ല. 12 മല്‍സരങ്ങളിലായിരുന്നു പഞ്ചാബിനു വേണ്ടി പൂരന്‍ ഇറങ്ങിയത്. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തതാവട്ടെ വെറും 85 റണ്‍സ് മാത്രമായിരുന്നു. 7.7 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. കഴിഞ്ഞ തവണ ഫീല്‍ഡിങിലും ചില മിന്നല്‍ പ്രകടനങ്ങള്‍ നടത്തിയിരുന്ന പൂരന്‍ ഈ സീസണിലാവട്ടെ ഫീല്‍ഡിങിലും പിഴവുകള്‍ വരുത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 16, 2021, 19:02 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X